സാംസ്കാരിക പഠനത്തിലും (cultural studies) സാഹിത്യത്തിലും ഗവേഷണങ്ങളും പ്രഭാഷണങ്ങളും നടത്തുന്ന പ്രശസ്ത പ്രൊഫസറാണ് സൈമൺ ഡ്യൂറിങ്.[1] 1950 ഫെബ്രുവരി 3ന് ന്യൂസിലൻഡിൽ ജനിച്ച ഇദ്ദേഹം 1983ൽ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ നിന്നും പിഎച്ച്ഡി നേടുകയും പഠനശേഷം മെൽബൺ യൂണിവേഴ്സിറ്റിയിൽ അധ്യാപകനായി പ്രവേശിക്കുകയും ചെയ്തു. ഓക്ലാൻ്റ് യൂണിവേഴ്സിറ്റിയിലും സന്ദർശക പ്രൊഫസറായും ജോലി നോക്കിയിരുന്നു. സാംസ്കാരികപഠനം, മാധ്യമപഠനം, പ്രസാധനം തുടങ്ങിയവയിലെ പഠനങ്ങൾക്കു ശേഷം റോബർട്ട് വാലസ് ചെയറിൽ സ്ഥാനമേറ്റു. 2001 മുതൽ ഒമ്പത് വർഷം ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയിൽ അധ്യാപകനായിരുന്നു. 2010 മുതൽ ക്യൂൻസ് ലാൻഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷക പ്രൊഫസറും ലോകത്തെ വിവിധ യൂണിവേഴ്സിറ്റികളിലെ വിസിറ്റിംഗ് പ്രഫസറാണിദ്ദേഹം. സാംസ്കാരികപഠനം, ബ്രിട്ടീഷ് സാഹിത്യചരിത്രം, സാഹിത്യസിദ്ധാന്തം, കോളനിയാനന്തര വാദം, മതേതരത്വം, ഓസ്ട്രേലിയ - ന്യൂസിലാൻഡ് എന്നിവിടങ്ങളിലെ സാഹിത്യം എന്നീ വിഷയങ്ങളിൽ അദ്ദേഹം ഗവേഷണം നടത്തി.[2]