Madonna Solly | |
---|---|
കലാകാരൻ | Raphael |
വർഷം | 1500–1504 |
Medium | Oil on wood |
അളവുകൾ | 52 cm × 38 cm (20 ഇഞ്ച് × 15 ഇഞ്ച്) |
സ്ഥാനം | Gemäldegalerie, Berlin |
1500 നും 1504 നും ഇടയിൽ ഇറ്റാലിയൻ നവോത്ഥാന കലാകാരൻ റാഫേൽ ചിത്രീകരിച്ച ഒരു എണ്ണഛായാചിത്രമാണ് സോളി മഡോണ. ആദ്യകാല രചനയായ ഈ ചിത്രത്തിൽ, റഫേലിന്റെ അധ്യാപകനായ പെറുഗിനോയുടെ സ്വാധീനം വ്യക്തമായി കാണിക്കുന്നു.[1]ഈ ചിത്രത്തിലെ രണ്ട് സവിശേഷതകൾ പിൽക്കാലത്തെ മഡോണ ചിത്രങ്ങളിൽ റാഫേൽ ആവർത്തിക്കുന്നു. നോർട്ടൺ സൈമൺ മ്യൂസിയത്തിലെ മഡോണ ആൻഡ് ദ ചൈൽഡ് വിത്ത് ദ ബുക്ക്, കോനെസ്റ്റബൈൽ മഡോണ, മഡോണ കൊളോണ, മഡോണ ഡെൽ കാർഡെല്ലിനോ എന്നിവയിലെന്നപോലെ കന്യകാമറിയം ഈ ചിത്രത്തിലും ഒരു പുസ്തകം വായിക്കുന്നു. അവസാനത്തെ ചിത്രത്തിലെന്നപോലെ, ഒരു ചെറിയ പക്ഷി, ഗോൾഡ് ഫിഞ്ച്, ഈ ചിത്രത്തിലും കാണാം.[2]
ബെർലിനിലെ ജെമാൽഡെഗലറിയിലാണ് ഈ ചിത്രം സൂക്ഷിച്ചിരിക്കുന്നത്. ബ്രിട്ടീഷ് ബാങ്കറും ആർട്ട് കളക്ടറുമായ എഡ്വേർഡ് സോളിയുടെ (1776–1848) ഉടമസ്ഥതയിലുള്ളതിനാലാണ് ഈ ചിത്രത്തിനെ സോളി മഡോണ എന്ന് വിളിക്കുന്നത്.
നവോത്ഥാനകാല ഇറ്റലിയിലെ ചിത്രകാരനും ശില്പിയുമായിരുന്നു റാഫേൽ. പിതാവായ ജിയോവാനി സാന്റി ഡ്യൂക്കിന്റെ കൊട്ടാരം ചിത്രകാരനായിരുന്നു. പിതാവ് തന്നെയായിരുന്നു റാഫേലിന്റെ ആദ്യ ഗുരു. പതിനഞ്ചാം വയസ്സിൽ റാഫേൽ പ്രശസ്ത ചിത്രകാരനായിരുന്ന പിയെട്രോ പെറുഗിനോയുടെ കീഴിൽ പരിശീലനം നേടി. 1502-ൽ പെറുഗിനോയുടെ ശിഷ്യനായിരുന്ന പിന്റുറിക്ക്യോയുടെ ക്ഷണം സ്വീകരിച്ച് റാഫേൽ സിയേനയിലേക്ക് പോയി. 1504-ലെ കന്യകയുടെ വിവാഹം (Wedding of the Virgin) ആണ് അദ്ദേഹത്തിന്റെ ആദ്യത്തെ പ്രധാന രചനയായി കണക്കാക്കുന്നത്. റാഫേൽ തന്റെ ജീവിതത്തിന്റെ അവസാനത്തെ 12 വർഷങ്ങൾ കഴിച്ചുകൂട്ടിയതും പ്രശസ്തമായ രചനകളിലധികവും നടത്തിയതും റോമിൽ വച്ചായിരുന്നു. രൂപത്തിന്റെ വ്യക്തത, രചനാരീതി, മനുഷ്യന്റെ ആഡംബരത്തിന്റെ നിയോപ്ലാറ്റോണിക് ആദർശത്തിന്റെ ദൃശ്യനേട്ടം എന്നിവയിലൂടെ അദ്ദേഹത്തിന്റെ ചിത്രങ്ങൾ പ്രശംസിക്കപ്പെടുന്നു.[3] റാഫേൽ ഒരു "നാടോടികളുടെ" ജീവിതം നയിച്ചു, വടക്കൻ ഇറ്റലിയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തിച്ചിരുന്നു. 1504 മുതൽ ഫ്ലോറൻസിൽ കൂടുതൽ സമയം ചെലവഴിച്ചു.