സ്കോട്ടോമ | |
---|---|
മറ്റ് പേരുകൾ | സ്കോട്ടോമാറ്റ |
![]() | |
A depiction of a scintillating scotoma that is almost spiral-shaped, with distortion of shapes but otherwise melting into the background similarly to the physiological blind spot, as may be caused by cortical spreading depression | |
സ്പെഷ്യാലിറ്റി | നേത്രവിജ്ഞാനം |
കാഴ്ചയുടെ ചില മേഖല ഭാഗികമായി ദൃശ്യമാകാതിരിക്കുന്ന മെഡിക്കൽ അവസ്ഥയാണ് സ്കോട്ടോമ. ഭാഗികമായി കുറയുകയോ പൂർണ്ണമായും നശിക്കുകയോ ചെയ്ത കാഴ്ചയുടെ ഭാഗങ്ങൾ, സാധാരണ കാഴ്ച അല്ലെങ്കിൽ താരതമ്യേന നല്ല കാഴ്ചയുടെ ഒരു മണ്ഡലത്താൽ ചുറ്റപ്പെട്ടിരിക്കുന്നു.
സാധാരണ സസ്തനികളിൽ എല്ലാ ജീവികളുടെയും കാഴ്ചയുടെ മേഖലയിൽ സ്വാഭാവികമായ ഒരു സ്കോട്ടോമയുണ്ട്, ഇതിനെ സാധാരണയായി അന്ധബിന്ദു എന്ന് വിളിക്കുന്നു. ഒപ്റ്റിക് നാഡി ഉണ്ടാക്കുന്ന റെറ്റിന ഗാംഗ്ലിയൻ സെൽ ആക്സോണുകൾ റെറ്റിനയിൽ നിന്ന് പുറത്തുകടക്കുന്ന, റെറ്റിനയിലെ ഫോട്ടോറിസെപ്റ്റർ സെല്ലുകളില്ലാത്ത ഒരു സ്ഥലമാണിത്. റെറ്റിനയിലെ ഈ സ്ഥലത്തെ ഒപ്റ്റിക് ഡിസ്ക് എന്ന് വിളിക്കുന്നു. വിഷ്വൽ സ്കോട്ടോമകൾ സാധാരണ ഗതിയിൽ തിരിച്ചറിയാതെ പോകും. അവ വിഷ്വൽ ഫീൽഡിനുള്ളിലെ വിവരങ്ങൾ കുറഞ്ഞ മേഖലകളാണ്. സ്കോട്ടോമ ബാധിച്ചവർ അപൂർണ്ണമായ ഒരു ചിത്രം എന്ന് പറയുന്നതിന് പകരം, വസ്തുക്കൾ ദൃശ്യമണ്ഡലത്തിൽ നിന്ന് "അപ്രത്യക്ഷമാകുന്നു" എന്ന് റിപ്പോർട്ട് ചെയ്യുന്നതായി പറയപ്പെടുന്നു. [1]
ഒരു കണ്ണ് മൂടി തുറന്ന കണ്ണ് മുന്നിൽ ഒരു ബിന്ദുവിൽ ശ്രദ്ധാപൂർവ്വം ഉറപ്പിക്കുക, എന്നിട്ട് മൂക്കിനെതിർ വശത്ത് നിന്ന് കണ്ണിന് മുന്നിലേക്ക് തിരശ്ചീനമായി എന്തെങ്കിലും ഒരു വസ്തു (ഒരാളുടെ തള്ളവിരൽ പോലുള്ളവ) പതിയെ കൊണ്ടു വന്നാൽ, ഫിക്സേഷനിൽ നിന്ന് ഏകദേശം 15 ഡിഗ്രി മാറി അന്ധബിന്ദു മൂലമുള്ള സ്കോട്ടോമ (അന്ധബിന്ദു ലേഖനം കാണുക) അനുഭവിക്കാൻ കഴിയും. ഒരു കണ്ണിലെ (മോണോഒക്യുലാർ) സ്കോട്ടോമയുടെ വലുപ്പം 5 × 7 ഡിഗ്രി വിഷ്വൽ ആംഗിൾ ആണ്.
ഉയർന്ന പവർ ലേസറുകൾ കണ്ണിൽ പതിച്ചാലുണ്ടാകുന്ന റെറ്റിന കേടുപാടുകൾ, മാക്യുലർ ഡീജനറേഷൻ, മസ്തിഷ്ക ക്ഷതം എന്നിങ്ങനെ വിവിധ കാരണങ്ങളാൽ വിഷ്വൽ സിസ്റ്റത്തിന്റെ ഏതെങ്കിലും ഭാഗത്തിന് കേടുപാടുകൾ സംഭവിക്കുന്നതിന്റെ ലക്ഷണമാണ് സ്കോട്ടോമ.
സ്കോട്ടോമ എന്ന പദം പല മേഖലകളിലും രൂപകമായി ഉപയോഗിക്കുന്നു. എല്ലാ ആലങ്കാരിക പ്രയോഗത്തിന്റെയും പൊതുവായ വിഷയം കാഴ്ചയുമായി ബന്ധപ്പെട്ടതല്ല, മറിച്ച് അവ മനസ്സിന്റെ ധാരണ, വിജ്ഞാനം അല്ലെങ്കിൽ ലോക വീക്ഷണം എന്നിവയെ സൂചിപ്പിക്കുന്നു. ഇരുട്ട് എന്ന് അർഥം വരുന്ന ഗ്രീക്ക് വാക്ക് σκότος / skótos ൽ നിന്നാണ് ഈ പദം ഉരുത്തിരിഞ്ഞത്.
റെറ്റിന (പ്രത്യേകിച്ചും അതിന്റെ ഏറ്റവും സെൻസിറ്റീവ് ഭാഗമായ മാക്കുല), ഒപ്റ്റിക് നാഡി, വിഷ്വൽ കോർട്ടെക്സ് എന്നിവയുൾപ്പെടെയുള്ള വിഷ്വൽ സിസ്റ്റത്തിന്റെ ഏതെങ്കിലും ഭാഗത്തെ ബാധിക്കുന്ന വൈവിധ്യമാർന്ന രോഗാവസ്ഥകൾ കാരണം രോഗലക്ഷണമുണ്ടാക്കുന്ന പത്തോളജിക്കൽ സ്കോട്ടോമ ഉണ്ടാകാം.[2] ഒരു പാത്തോളജിക്കൽ സ്കോട്ടോമ ദൃശ്യമണ്ഡലത്തിലെ ഏതെങ്കിലും ഭാഗത്ത് വരാം, അതുപോലെ അവ ഏതെങ്കിലും ആകൃതിയിലോ വലുപ്പത്തിലോ ആകാം. സാധാരണ അന്ധബിന്ദു വലുതാകുന്നതും സ്കോട്ടോമയാണ്. കേന്ദ്ര അല്ലെങ്കിൽ മാക്യുലർ കാഴ്ചയെ ബാധിക്കുന്ന ഒരു ചെറിയ സ്കോട്ടോമ പോലും കടുത്ത കാഴ്ച വൈകല്യമുണ്ടാക്കും, അതേസമയം ഒരു വിഷ്വൽ ഫീൽഡിന്റെ പെരിഫറൽ ഭാഗത്തുള്ള ഒരു വലിയ സ്കോട്ടോമ പോലും കുറഞ്ഞ ഒപ്റ്റിക്കൽ റെസലൂഷൻ കാരണം ആളുകളുടെ ശ്രദ്ധയിൽപ്പെടില്ല.
മൾട്ടിപ്പിൾ സ്ക്ലിറോസിസ്, ഉയർന്ന രക്തസമ്മർദ്ദം മൂലമുണ്ടാകുന്ന റെറ്റിനൽ നെർവ് ഫൈബർ പാളി കേടുപാടുകൾ (കോട്ടൺ വൂൾ സ്പോട്ട്സ് [3]) പോലുള്ള ഡീമയലിനേറ്റിങ്ങ് രോഗങ്ങൾ, മീഥൈൽ ആൽക്കഹോൾ, എത്താംബ്യൂട്ടോൾ, ക്വിനൈൻ പോലുള്ള വിഷ പദാർത്ഥങ്ങൾ, പോഷകാഹാര കുറവുകൾ, റെറ്റിനയിലോ ഒപ്റ്റിക് നാഡിയിലോ ഉള്ള വാസ്കുലർ തടസ്സങ്ങൾ, മസ്തിഷ്കാഘാതം അല്ലെങ്കിൽ മറ്റ് മസ്തിഷ്ക ക്ഷതം, പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷൻ എന്നിവയെല്ലാം സ്കോട്ടോമയുടെ സാധാരണ കാരണങ്ങളാണ്. മൈഗ്രെയിനിലെ ഒരു സാധാരണ വിഷ്വൽ ലക്ഷണമാണ് സ്കിന്റിലേറ്റിംഗ് സ്കോട്ടോമ . [4] പിറ്റ്യൂട്ടറി ഗ്രന്ഥി ട്യൂമർ പോലുള്ളവ മൂലമുള്ള സ്കോട്ടോമയും പ്രധാനമാണ്.
അപൂർവ്വമായി സ്കോട്ടോമ രണ്ട് കണ്ണിനെയും ഒരേ തരത്തിൽ ബാധിക്കാം. ഒപ്റ്റി കയാസ്മയിൽ മർദ്ദം ഉണ്ടാക്കുന്ന പിറ്റ്യൂട്ടറി ട്യൂമർ ഒരു ബൈടെമ്പറൽ പാരസെൻട്രൽ സ്കോട്ടോമ ഉണ്ടാക്കുകയും പിന്നീട് ട്യൂമർ വലുതാകുമ്പോൾ സ്കോട്ടോമകൾ ദൃശ്യമണ്ഡലത്തിന്റെ ഒരു പകുതി മുഴുവനായി വ്യാപിക്കുകയും ചെയ്ത് ബൈടെമ്പറൽ ഹെമിയനോപ്സിയ ഉണ്ടാകാം ഇത്തരത്തിലുള്ള വിഷ്വൽ-ഫീൽഡ് വൈകല്യം അത് അനുഭവിക്കുന്ന വ്യക്തിക്ക് വ്യക്തമായി മനസ്സിലാക്കാൻ കഴിയും.
ഗർഭിണികളിൽ, ഗർഭാവസ്ഥയിലുള്ള രക്താതിമർദ്ദത്തിന്റെ ഒരു രൂപമായ കടുത്ത പ്രീക്ലാമ്പ്‌സിയയുടെ ലക്ഷണമായി സ്കോട്ടോമ പ്രത്യക്ഷപ്പെടാം. അതുപോലെ, മാരകമായ രക്താതിമർദ്ദത്തിൽ ഉണ്ടാകുന്ന ഇൻട്രാക്രീനിയൽ മർദ്ദത്തിന്റെ ഫലമായും സ്കോട്ടോമ വികസിച്ചേക്കാം.
സ്ട്രെപ്റ്റോമൈസിൻ പോലുള്ള അമിനോബ്ലൈക്കോസൈഡ് ആൻറിബയോട്ടിക്കുകളും സ്കോട്ടോമയ്ക്ക് കാരണമാകുന്നു.
Classification |
---|