സ്ഫടികം ജോർജ്ജ് | |
---|---|
ജനനം | ജോർജ്ജ് ആൻറണി 5 നവംബർ 1949 ചങ്ങനാശ്ശേരി, കോട്ടയം ജില്ല |
തൊഴിൽ | Film actor |
സജീവ കാലം | 1992 - present |
ജീവിതപങ്കാളി(കൾ) | Thresiamma |
കുട്ടികൾ | 5[1] |
മലയാള ചലച്ചിത്ര അഭിനേതാവും മലയാള സിനിമകളിലെ പ്രധാന വില്ലൻ വേഷങ്ങൾ ചെയ്തിരുന്ന കലാകാരനുമാണ് ജോർജ്ജ് ആൻ്റണി അഥവാ സ്ഫടികം ജോർജ്ജ് (ജനനം: 05 നവംബർ 1949). 1995-ൽ റിലീസായ സ്ഫടികം എന്ന സിനിമയ്ക്കു ശേഷം സ്ഫടികം ജോർജ്ജ് എന്നറിയപ്പെടുന്നു.[2][3]
1949 നവംബർ അഞ്ചിന് കോട്ടയം ജില്ലയിലെ ചങ്ങനാശേരിയിൽ ജനിച്ചു. ജോർജ് ആൻറണി എന്നതാണ് ശരിയായ പേര്. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ നാടകങ്ങളിൽ അഭിനയിച്ചു തുടങ്ങിയ ജോർജ് പഠനശേഷം കുറച്ചു കാലം ഗൾഫിൽ ജോലി നോക്കി.
ഗൾഫിലെ മലയാളി ക്ലബിൽ സ്ഥിരമായി നാടകങ്ങൾ അവതരിപ്പിച്ചിരുന്ന ജോർജ് 1993-ൽ വിനയൻ സംവിധാനം ചെയ്ത കന്യാകുമാരിയിൽ ഒരു കവിത എന്ന സിനിമയിലെ തിരുവട്ടാർ മണി എന്ന വില്ലൻ കഥാപാത്രം ചെയ്തു കൊണ്ട് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു. അതിനു ശേഷം ആ വർഷം തന്നെ റിലീസായ ചെങ്കോലിലെ തോമസ് കീരിക്കാടൻ എന്ന വില്ലൻ വേഷവും ചെയ്തു.
1995-ൽ ഭദ്രൻ സംവിധാനം നിർവ്വഹിച്ച സ്ഫടികം എന്ന സിനിമയാണ് ജോർജിൻ്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായത്. ഈ സിനിമയിലെ എസ്.ഐ. ജോർജ് കുറ്റിക്കാടൻ എന്ന വില്ലനായ പോലീസ് ഓഫീസറുടെ വേഷം മികവുറ്റ രീതിയിൽ അവതരിപ്പിച്ച ജോർജ് പിന്നീട് സ്ഫടികം ജോർജ് എന്നറിയപ്പെടാൻ തുടങ്ങി.
സ്ഫടികത്തിനു ശേഷം മലയാള സിനിമയിലെ പ്രധാന വില്ലൻമാരിലൊരാളായി മാറിയ സ്ഫടികം ജോർജ് മലയാളത്തിൽ ഇതുവരെ 120-ലധികം സിനിമകളിൽ അഭിനയിച്ചു.
വില്ലൻ വേഷങ്ങൾക്കൊപ്പം തന്നെ കർശനക്കാരനായ പോലീസ് ഓഫീസറായും വേഷമിട്ട ജോർജ്ജ് 2007-ൽ റിലീസായ ഹലോ എന്ന സിനിമയിലെ വടക്കാഞ്ചേരി വക്കച്ചൻ (വെടക്ക് വക്കൻ) എന്ന കഥാപാത്രത്തോടെ കോമഡി റോളിലേക്ക് ചുവടു മാറി.
2018-ൽ റിലീസായ കാർബൺ എന്ന സിനിമയിൽ ഫഹദ് ഫാസിലിൻ്റെ പിതാവിൻ്റെ കഥാപാത്രവും പ്രേക്ഷക ശ്രദ്ധ നേടിയതാണ്.[4][5]
ത്രേസ്യാമ്മയാണ് ഭാര്യ. അശ്വതി, അനു, അജോ, അഞ്ജലി, അഞ്ജു എന്നിവർ മക്കൾ.
ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് സ്ഫടികം ജോർജ്ജ്