ആരംഭകാല സ്തനാർബുദം കണ്ടെത്താനുള്ള ശ്രമത്തിൽ ഉപയോഗിക്കുന്ന ഒരു സ്ക്രീനിംഗ് രീതിയാണ് സ്വയം സ്തന പരിശോധന അല്ലെങ്കിൽ ബ്രെസ്റ്റ് സെൽഫ് എക്സാമിനേഷൻ ( ബിഎസ്ഇ ). മുഴകൾ, സ്വാഭാവിക ആകൃതിയിൽ നിന്നുള്ള വ്യത്യാസം, വീക്കം എന്നിവ കണ്ടെത്താനായി ഓരോ സ്തനവും തൊട്ടു നോക്കിയും കണ്ണാടിയിൽ നോക്കിയും പരിശോധിക്കുന്ന രീതിയാണിത്.
ചികിത്സയ്ക്കു വഴങ്ങുന്ന ആദ്യഘട്ടത്തിൽ തന്നെ ക്യാൻസർ കണ്ടെത്തുന്നതിനുള്ള ഒരു ഉപാധിയായി സ്വയം സ്തന പരിശോധന വളരെയധികം പ്രോത്സാഹിപ്പിക്കപ്പെട്ടിരുന്നു. എന്നാൽ മരണം തടയുന്നതിൽ ഇത് കാര്യമായ പങ്കുവഹിക്കുന്നതായി പഠനങ്ങളിൽ കണ്ടെത്താൻ കഴിഞ്ഞില്ല. ലോകാരോഗ്യ സംഘടനയും മറ്റ് സംഘടനകളും ബിഎസ്ഇക്കെതിരെ ശുപാർശ ചെയ്യുന്നു. മറ്റ് സംഘടനകൾ നിഷ്പക്ഷ നിലപാടാണ് സ്വീകരിക്കുന്നത്, ബിഎസ്ഇക്ക് അനുകൂലമോ പ്രതികൂലമോ ശുപാർശ ചെയ്യുന്നില്ല.
സ്തനാരോഗ്യ ബോധവൽക്കരണം സ്തന സ്വയം പരിശോധനയ്ക്ക് പകരമായി ചെയ്യാവുന്നതാണ്.
Cochrane Collaboration- ലെ ഒരു മെറ്റാ അനാലിസിസ് അനുസരിച്ച്, റഷ്യയിലും ഷാങ്ഹായിലും നടന്ന രണ്ട് വലിയ പരീക്ഷണങ്ങൾ സ്തന സ്വയം പരിശോധനയിലൂടെ സ്ക്രീനിങ്ങിന്റെ ഗുണഫലങ്ങളൊന്നും കണ്ടെത്തിയില്ല "എന്നാൽ അപകടകരമല്ലാത്ത മുഴകൾ കണ്ടെത്തുന്നതിൻ്റെയും ബയോപ്സികൾ ചെയ്യുന്നതിൻ്റെ എണ്ണങ്ങൾ വർധിക്കുകയും ചെയ്തു". "നിലവിൽ, സ്തനപരിശോധനയിലൂടെയോ ശാരീരിക പരിശോധനയിലൂടെയോ സ്‌ക്രീനിംഗ് ശുപാർശ ചെയ്യാൻ കഴിയില്ല" എന്ന് അവർ നിഗമനം ചെയ്തു. [1]
സ്തന സ്വയം പരിശോധന സ്ത്രീകളിൽ നടത്തുന്ന ബയോപ്സികളുടെ എണ്ണം വർദ്ധിപ്പിക്കുന്നുണ്ടെങ്കിലും, അത് സ്തനാർബുദത്തിൽ നിന്നുള്ള മരണനിരക്ക് കുറയ്ക്കുന്നില്ല. 260,000-ലധികം വനിതാ ചൈനീസ് ഫാക്ടറി തൊഴിലാളികൾ ഉൾപ്പെട്ട ഒരു വലിയ ക്ലിനിക്കൽ ട്രയലിൽ, പകുതിയോളം പേരെ അവരുടെ ഫാക്ടറികളിലെ നഴ്സുമാർ പ്രതിമാസ സ്തന സ്വയം പരിശോധന നടത്താൻ ശ്രദ്ധാപൂർവം പഠിപ്പിച്ചു, ബാക്കി പകുതിപേർ അത് ചെയ്തില്ല. സ്ത്രീകൾ സ്വയം പരീക്ഷയിൽ കൂടുതൽ ദോഷകരമല്ലാത്ത (സാധാരണ അല്ലെങ്കിൽ നിരുപദ്രവകരമായ മുഴകൾ) അല്ലെങ്കിൽ പ്രാരംഭ ഘട്ടത്തിലുള്ള സ്തനരോഗങ്ങൾ കണ്ടെത്തി, എന്നാൽ ഓരോ ഗ്രൂപ്പിലും തുല്യ എണ്ണം സ്ത്രീകൾ സ്തനാർബുദം മൂലം മരിച്ചു. [2]
സ്തന സ്വയം പരിശോധന ജീവൻ രക്ഷിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടില്ലാത്തതിനാൽ, പൊതു ഉപയോഗത്തിനായി ആരോഗ്യ അധികാരികൾ ഇത് ശുപാർശ ചെയ്യുന്നില്ല. [3] [4] സ്തനാർബുദം വരാനുള്ള സാധ്യത കൂടുതലുള്ള സ്ത്രീകളിൽ ഇത് ഉചിതമായിരിക്കും. ചില ചാരിറ്റബിൾ ഓർഗനൈസേഷനുകൾ ഇപ്പോഴും സ്തനസ്വയം പരിശോധനയെ ഒരു സാർവത്രിക സ്ക്രീനിംഗ് സമീപനമായി പ്രോത്സാഹിപ്പിക്കുന്നു, അനാവശ്യമായ തുടർനടപടികൾ മൂലം അപകടസാധ്യത കുറഞ്ഞ സ്ത്രീകളിൽ പോലും. എഴുത്തുകാരിയായ ഗെയ്ൽ എ. സുലിക്, പിങ്ക് റിബൺ ബ്ലൂസ് എന്ന തന്റെ പുസ്തകത്തിൽ, സ്തനാർബുദത്തെക്കുറിച്ചുള്ള ഭയത്തെ ആശ്രയിച്ച് അവർ നൽകുന്ന സംഭാവനകളാൽ ഈ ചാരിറ്റികൾ പ്രചോദിപ്പിക്കപ്പെടുന്നുവെന്ന് അഭിപ്രായപ്പെടുന്നു. [5]