സർനാ വിശ്വാസം എന്ന പേരിലാണ് ഛോട്ടാ ഛോട്ടാ നാഗ്പൂർ സമതലപ്രദേശങ്ങളിലുള്ള ആദിവാസികളുടെ പരമ്പരാഗത ആചാരങ്ങളും വിശ്വാസങ്ങളും പരാമർശിക്കപ്പെടുന്നത്. പ്രധാനമായും ബൈഗ, കുഡുമി മഹാതോ, ഹോ ഗോത്രവർഗ്ഗം[1], ഒറാവോൺ, മുണ്ഡ, സാന്താൾ ജനങ്ങളാണ് ഈ വിശ്വാസങ്ങൾ പിന്തുടരുന്നത്. സർന എന്നുദ്ദേശിക്കുന്നത് വിശുദ്ധമായി കരുതപ്പെടുന്ന തോട്ടങ്ങളോ കാടുകളോ ആണ്. പരമ്പരാഗതവിശ്വാസമനുസരിച്ച് "ഗ്രാമദേവത", സർനായിലാണ് വസിക്കുന്നത്. അതിനാൽ ഈ വിശുദ്ധസ്ഥലങ്ങളിൽ വർഷത്തിൽ രണ്ടു തവണ പൂജാബലികൾ നടത്തുന്നു. അടുത്തകാലത്തായി ധാരാളം ഗോത്രവർഗ്ഗസംഘടനകളും കുഡുമി മഹാതോ സംഘടനയും സർന വിശ്വാസത്തെ (സർനായിസം)ഹിന്ദുമതത്തിൽനിന്നു വ്യത്യസ്തമായി പ്രത്യേക മതമായി അംഗീകരിക്കണമെന്നുള്ള ആവശ്യം ഉയർത്തിയിട്ടുണ്ട്.
സർനാ വിശ്വാസികൾ ഗ്രാമദേവതയെ തങ്ങളുടെ ഗ്രാമത്തിന്റെ സംരക്ഷകനായി കരുതി ആരാധിക്കുന്നു. വിവിധ ഗോത്രവിഭാഗക്കാർ ഈ ദേവതയെ ഗാവോൻ കുൻട്, ഗ്രാം ദിയോതി, ധാർമംസ്, മാരംഗ് ബാറു, സിംഗ്ബോംഗ എന്നീ വിവിധ പേരുകളിൽ അറിയപ്പെടുന്നു.[2] വിശ്വാസികൾ ഇതോടൊപ്പം പ്രകൃതിയേയും ഭൂമിയേയും ധർതി ആയോ, ചലപച്ചോ ദേവി എന്നീ പേരുകളിൽ അമ്മ ദൈവമായി ആരാധിക്കുന്നു.
സർന ആരാധനസ്ഥലങ്ങൾ (സർന സ്ഥൽ) വിശുദ്ധതോട്ടങ്ങൾ ആണ്. ഈ സ്ഥലങ്ങൾ ഗ്രാം തൻ, ജഹേർ തൻ, ജഹേർ ഗർ എന്നെല്ലാം അറിയപ്പെടുന്നു. ഈ വിശുദ്ധ തോട്ടങ്ങളിൽ സൾ മരങ്ങൾ കാണപ്പെടുന്നു. ചടങ്ങുകളും ക്രിയകളും ഗ്രാമപുരോഹിതന്റെ (പഹാൻ) നേതൃത്വത്തിൽ മുഴുവൻ ഗ്രാമീണജനതയും പൊതുസദസ്സിൽ വച്ച് നടത്തുന്നു. ഗ്രാമപുരോഹിതന്റെ മുഖ്യസഹായിയെ നായികെ എന്നു വിളിക്കുന്നു. സർന സ്ഥലത്ത് സാധാരണയായി സൽ, ഇലിപ്പ, വേപ്പ്, പേരാൽ എന്നീ മരങ്ങളും കാണപ്പെടുന്നു.
സർനായിസത്തിന്റെ പ്രധാന ആഘോഷമാണു സാർഹുൽ. ഭക്തർ അവരുടെ പൂർവ്വികരെ ആരാധിക്കുന്നതാണ് ഈ ആഘോഷം. ആഘോഷത്തിനിടയിൽ സർനാസ്ഥലത്ത് സകുവാ പൂക്കളും ഇലകളും പൂജിക്കുന്നു.[3]
മൊത്തം വിശ്വാസികളുടെ എണ്ണം (2011 സെൻസസ്) - 49,57,000[4]
ധാരാളം ഗോത്രവർഗ്ഗസംഘടനകളും കുഡുമി മഹാതോയും സെൻസസിൽ സർനായിസത്തിനു പ്രത്യേകമതത്തിന്റെ കോഡ് നൽകണമെന്നു ആവശ്യമുയർത്തിക്കൊണ്ടിരിക്കുന്നു. [5][6][7]