ഹഗ്ഗല ബൊട്ടാണിക്കൽ ഗാർഡൻ | |
---|---|
തരം | സസ്യോദ്യാനം |
സ്ഥാനം | ഹഗ്ഗല, നുവാര ഏലിയ |
Coordinates | 6°55′00″N 80°46′00″E / 6.91667°N 80.76667°E |
Area | ബദുള്ള |
Created | 1861 |
Operated by | കൃഷി വകുപ്പ്, ശ്രീലങ്ക |
Visitors | 500 000 |
Status | Open all year |
Website | http://www.botanicgardens.gov.lk/?page_id=4380 |
ശ്രീലങ്കയിലെ അഞ്ച് സസ്യോദ്യാനങ്ങളിൽ ഒന്നാണ് ഹഗ്ഗല സസ്യോദ്യാനം. പെരഡേനിയ സസ്യോദ്യാനം, ഹെനരത്ഗോഡ സസ്യോദ്യാനം, മിരിജ്ജവിള സസ്യോദ്യാനം, സീതാവക സസ്യോദ്യാനം എന്നിവയാണ് ഇവിടെ സ്ഥിതിചെയ്യുന്ന മറ്റ് നാല് സസ്യോദ്യാനങ്ങൾ. ശ്രീലങ്കയിലെ രണ്ടാമത്തെ വലിയ സസ്യോദ്യാനമായ ഇത്[1] ഹഗ്ഗല കർശന പ്രകൃതി സംരക്ഷണ കേന്ദ്രത്തോട് ചേർന്ന് സ്ഥിതിചെയ്യുന്നു.[2]
നുവാര ഏലിയയിൽ നിന്ന് ഏകദേശം 16 കിലോമീറ്റർ അകലെയായി, നുവാര ഏലിയ-ബദുള്ള പ്രധാന പാതയിലായി ഏകദേശം 28 ഹെക്ടർ വിസ്തൃതിയിലാണ് ഹക്ഗല സസ്യോദ്യാനം സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 5,400 അടി ഉയരത്തിൽ, ഹക്ഗല പാറയുടെ നിഴലിലാണ് ഇത് കിടക്കുന്നത് (അർത്ഥം "ആനയുടെ താടിയെല്ല്"). ഈ കൂറ്റൻ ശിലാഗോപുരങ്ങൾ സസ്യോദ്യാനത്തിനും ചുറ്റുപാടുമുള്ള വനമേഖലയ്ക്കും പിന്നിൽ 2,200 മീറ്റർ ഉയരത്തിൽ ഒരു ഏകാന്ത ഭീമാകാരനെപ്പോലെയാണ് സ്ഥിതിചെയ്യുന്നത്. പാറയുടെ താഴത്തെ ചരിവുകളിൽ നിരവധി ടെറസുകളുടെ ആകൃതിയിലുള്ള പൂന്തോട്ടങ്ങൾ ഉവാ താഴ്വരയെ അഭിമുഖീകരിച്ച് കിടക്കുന്നതോടൊപ്പം, അതിന് കുറുകെ മദുൽസിമയുടെയും നമുനുകുല പർവതനിരകളുടെയും മനോഹരമായ കാഴ്ചകളും വിദൂര ഭൂപ്രകൃതിയിൽനിന്ന് കാണാവുന്നതാണ്.[3] സസ്യോദ്യാനം സ്ഥിതിചെയ്യുന്ന പ്രദേശത്ത് തണുത്ത മിതശീതോഷ്ണ കാലാവസ്ഥയുണ്ട്. രണ്ട് മൺസൂണുകളിൽ നിന്നാണ് ഉദ്യാനത്തിൽ മഴ ലഭിക്കുന്നത്. തെക്ക് പടിഞ്ഞാറ് മെയ് മുതൽ ഓഗസ്റ്റ് വരെയും വടക്ക് കിഴക്ക് ഒക്ടോബർ മുതൽ ഡിസംബർ വരെയും ശരാശരി വാർഷിക മഴ 2300 മില്ലിമീറ്ററാണ്. ഒരു വർഷത്തിനിടയിലെ ശരാശരി വാർഷിക താപനില 16 °C മുതൽ 30 °C വരെയാണ്.[4] ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള കാലത്ത് ഇവിടെ തണുത്ത കാലാവസ്ഥയും ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള കാലത്ത് ചൂടുള്ള കാലാവസ്ഥയുമാണ്.
1861-ൽ ഇംഗ്ലീഷ് സസ്യശാസ്ത്രജ്ഞനും കീടശാസ്ത്രജ്ഞനുമായിരുന്ന ജോർജ്ജ് ഹെൻട്രി കെൻഡ്രിക് ത്വൈറ്റിൻ്റെ കീഴിൽ അക്കാലത്ത് തഴച്ചുവളരുന്ന വാണിജ്യ വിളയായ സിങ്കോണയുടെ പരീക്ഷണാത്മക കൃഷി ചെയ്യുന്നതിനായാണ് ഈ ഉദ്യാനം സ്ഥാപിച്ചത്. സിങ്കോണയ്ക്ക് പകരം ഇവിടെ തേയില കൃഷി വ്യാപകമായതിനുശേഷം, അത് ഒരു പരീക്ഷണാത്മക തേയില കൃഷി സ്ഥലമാക്കി മാറ്റി. 1884-ൽ അത് ഒരു സസ്യോദ്യാനമായി രൂപാന്തരപ്പെട്ടു. അതിനുശേഷം പല ഉഷ്ണമേഖലാ സസ്യങ്ങളും ചില മിതശീതോഷ്ണ സസ്യങ്ങളും പൂന്തോട്ടങ്ങളിൽ നട്ടുപിടിപ്പിച്ചുവരുന്നു.
ഹൈന്ദവ പുരാണങ്ങളിൽ, ശ്രീലങ്കയിലെ രാജാവായിരുന്ന രാവണൻ സീതയെ തട്ടിക്കൊണ്ടുപോയ ശേഷം അവളെ ഈ പ്രദേശത്ത് ഒളിപ്പിക്കുകയും ഈ പ്രദേശം സീതയ്ക്ക് ഒരു ഉല്ലാസ ഉദ്യാനമായി വാഗ്ദാനം ചെയ്യുകയും ചെയ്തു. രാമായണത്തിൽ അശോക വാടിക എന്ന പേരിൽ ഈ സ്ഥലം പരാമർശിക്കപ്പെടുന്നു. "സീത ഏലിയ" എന്ന് നാമകരണം ചെയ്യപ്പെട്ട ഈ സ്ഥലത്ത് പിന്നീട് "സീത അമ്മൻ ക്ഷേത്രം" നിർമ്മിക്കപ്പെട്ടു.
10,000-ലധികം[5] ഇനം സസ്യജാലങ്ങൾ ഇവിടെ നട്ടുപിടിപ്പിച്ചിട്ടുള്ള നുവാര ഏലിയയിൽ വസന്തകാലത്ത് ആയിരക്കണക്കിന് സന്ദർശകർ പൂക്കൾ കാണാൻ എത്തുന്നു. വാർഷിക സന്ദർശകരുടെ എണ്ണം ഏകദേശം 500,000 ആയി കണക്കാക്കിയിരിക്കുന്നു.[6] ഈ പൂന്തോട്ടത്തിൽ കാണപ്പെടുന്ന അപൂർവ്വയിനം ഓർക്കിഡുകളുടെയും റോസാപ്പൂക്കളുടെയും നിരവധി ഇനങ്ങളുടെ പേരില് ഈ സസ്യോദ്യാനം പ്രശസ്തമാണ്.