ഹലാൽ ലൗ സ്റ്റോറി | |
---|---|
സംവിധാനം | സക്കരിയ മുഹമ്മദ് |
നിർമ്മാണം | ആഷിഖ് അബു ജെസ്ന ആഷിം ഹർഷദ് അലി |
തിരക്കഥ | സക്കരിയ മുഹമ്മദ് മുഹ്സിൻ പരാരി ആഷിഫ് കാക്കോടി[1] |
അഭിനേതാക്കൾ | |
സംഗീതം | ബിജിബാൽ ഷഹബാസ് അമൻ റെക്സ് വിജയൻ[2] |
ഛായാഗ്രഹണം | അജയ് മേനോൻ |
ചിത്രസംയോജനം | സൈജു ശ്രീധരൻ |
സ്റ്റുഡിയോ | പപ്പായ ഫിലിംസ് അവർഹുഡ് മൂവീസ് |
വിതരണം | ഒ.പി.എം. സിനിമാസ് |
റിലീസിങ് തീയതി | 15 ഒക്റ്റോബർ 2020 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സക്കരിയ മുഹമ്മദ് സംവിധാനം ചെയ്ത് 2020 ഒക്ടോബർ 15 ന് ആമസോൺ പ്രൈമിലൂടെ പുറത്തിറങ്ങിയ ഒരു മലയാള കോമഡി ചലച്ചിത്രമാണ്[3] ഹലാൽ ലൗ സ്റ്റോറി. സക്കരിയ, മുഹ്സിൻ പരാരി, ആഷിഫ് കാക്കോടി എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ആഷിഖ് അബു, ജെസ്ന ആഷിം, ഹർഷദ് അലി എന്നിവർ ചേർന്ന് പപ്പായ ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ സഹ നിർമ്മാതാക്കളായി സകരിയയും മുഹ്സിൻ പരാരിയും ഛായാഗ്രാഹകൻ അജയ് മേനോനും ചിത്രസംയോജകൻ സൈജു ശ്രീധരനും പ്രവർത്തിച്ചിട്ടുണ്ട്.[4] ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്ജ്, ഷറഫുദീൻ, ഗ്രേസ് ആന്റണി, സൗബിൻ ഷാഹിർ, പാർവതി തിരുവോത്ത് എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.[5]. മലപ്പുറം ജില്ലയിലെ വാഴക്കാട് എന്ന പ്രദേശത്ത് വച്ചാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചത്.
കേരളത്തിലെ ഇസ്ലാമിക സംഘടനകളിലെ പുരോഗമന പ്രസ്ഥാനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജമാഅത്തെ ഇസ്ലാമിയുടെ സംസ്‌കാരിക സംഘടനയായ തനിമയുടെ സിനിമാ പ്രവേശനവുമായി ബന്ധപ്പെട്ടതാണ് ഈ സിനിമയുടെ ഇതിവൃത്തം. 'ഹലാലായ' സിനിമ പിടിക്കാനിറങ്ങുന്ന മുസ്ലിം പ്രസ്ഥാനത്തിലെ ഒരു കൂട്ടം ആളുകളുടെ കഥയാണ് ഈ ചിത്രം പറയുന്നത്[6].
വളരെയധികം ഇസ്ലാമിക ആചാരനിഷ്ഠ പുലർത്തുന്ന കുടുംബത്തിൽ നിന്നുള്ള, ചലച്ചിത്ര നിർമ്മാണത്തിൽ തൽപ്പരനായ തൗഫീക്ക് (ഷറഫുദ്ദീൻ) എന്ന യുവാവും അതേ ആഗ്രഹമുള്ള സംഘടനാ സുഹൃത്തുക്കളായ റഹീമും (നാസർ കറുത്തേനി) ഷെരീഫും (ഇന്ദ്രജിത് സുകുമാരൻ) സിനിമ ചെയ്യാമെന്ന ആശയവുമായി മുന്നോട്ട് പോകുന്നതും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ ആശയം. ആക്ഷേപഹാസ്യരീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നിർമ്മാണത്തിന്റെ ഓരോ ഘട്ടത്തിലും മതപരമായ മാർഗ്ഗനിർദ്ദേശങ്ങൾ അണികൾ പാലിക്കുമ്പോൾ ഇതിൽ വലിയ ആശയക്കുഴപ്പങ്ങൾ സംഭവിക്കുന്നു. ഇത് രസകരമായി അവതരിപ്പിച്ചിരിക്കുകയാണ് ചിത്രത്തിൽ.[7]
മുഹ്സിൻ പരാരിയുടെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന 'കാക്കത്തൊള്ളയായിരത്തി ഇരുപത്തിയൊന്ന്'എന്ന ചിത്രവുമായി ബന്ധപ്പെട്ട് കോഴിക്കോട് ഉണ്ടായിരിക്കുമ്പോൾ പരേതനായ ഒരു പ്രമുഖ കവിയുടെ അനുസ്മരണ പരിപാടിയിൽ പങ്കെടുക്കാനിടവരികയുണ്ടായെന്നും അവിടെ താൻകേട്ട ഒരു പ്രഭാഷണത്തിൽനിന്നാണ് ഹലാൽ ലൗ സ്റ്റോറിയുടെ കഥാതന്തു ലഭിച്ചതെന്നും സംവിധായകൻ സകരിയ പറയുന്നു.[8]
ഹലാൽ ലവ് സ്റ്റോറിയെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ നിരവധി ഉണ്ടായി. 'ഹലാലായ' സിനിമ പിടിക്കാനിറങ്ങുന്ന മുസ്ലിം പ്രസ്ഥാനത്തിലെ ഒരു കൂട്ടം ആളുകളുടെ കഥയാണ് ചിത്രം പറയുന്നത്.[9] ഹലാൽ ലവ് സ്റ്റോറിയെ വിമർശിച്ചും പിന്തുണച്ചും നിരവധി പേരാണ് എത്തുന്നത്.
ബിജിബാൽ, ഷഹബാസ് അമൻ, റെക്സ് വിജയൻ എന്നിവരാണ് സംഗീത സംവിധായകരായി പ്രവർത്തിച്ചിട്ടുള്ളത്.
ഗാനങ്ങൾ | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | ഗാനരചന | ഗായകർ | ദൈർഘ്യം | ||||||
1. | "സുന്ദരനായവനേ" | മുഹ്സിൻ പരാരി | ഷഹബാസ് അമൻ | 3:13 | ||||||
2. | "ബിസ്മില്ലാ" | മുഹ്സിൻ പരാരി | ഷഹബാസ് അമൻ | |||||||
3. | "മുറ്റത്ത്" | അൻവർ അലി | സൗമ്യ രാമകൃഷ്ണൻ |
നിരവധി എഴുത്തുകാരുടെയും സാഹിത്യ സാംസ്കാരിക വിമർശകരുടെയും അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള വിശകലനങ്ങൾ ഇതിനകം പുറത്തിറങ്ങിയിട്ടുണ്ട്. ടി.ടി. ശ്രീകുമാർ[10],പി.കെ. പോക്കർ,[11] ദാമോദർ പ്രസാദ്,[12]റഷീദുദ്ദീൻ,[13]ഷെറിൻ ബി.എസ്[14]രാജീവ് രാമചന്ദ്രൻ,പി.എം.എ ഗഫൂർ,ഷാഹിന നഫീസ,റോസി തമ്പി,സലാം ബാപ്പു[15]തുടങ്ങിയ പ്രമുഖർ അനുകൂല അഭിപ്രായം രേഖപ്പെടുത്തിയപ്പോൾ പ്രമോദ് പുഴങ്കര,[16]മനീഷ് നാരായണൻ[17],താഹ മാടായി,[18]എൻ.പി ആഷ്‌ലി[19],ശ്രീഹരി ശ്രീധരൻ,[20]നാടക സംവിധായകനായ റഫീഖ് മംഗലശ്ശേരി[21] തുടങ്ങിയവർ പ്രതികൂല അഭിപ്രായം എഴുതിയവരാണ്.
ജമാഅത്തെ ഇസ്‌ലാമി അവരുടെ ആശയങ്ങളെ പ്രതിഫലിപ്പിക്കുന്ന സിനിമ ചിത്രീകരിച്ച് ഹലാൽ എന്ന് അവതരിപ്പിക്കുകയല്ലേ ചെയ്യുന്നതെന്ന് കാരശ്ശേരി ചോദിക്കുന്നു.[22]. ഇടതനുകൂല ചലച്ചിത്ര നിരൂപകൻ ജി.പി രാമചന്ദ്രൻ ഇങ്ങനെ അഭിപ്രായപ്പെട്ടു:"കൊക്കക്കോളയ്‌ക്കെതിരെ മുതലാളിത്ത വിരുദ്ധ സമരം പ്ലക്കാർഡുകളുടെ സഹായത്തോടെ തെരുവുനാടക രൂപത്തിലവതരിപ്പിക്കുന്ന 'പ്രസ്ഥാന'ത്തെ ഹലാൽ ലവ് സ്റ്റോറി മഹത്വവത്ക്കരിക്കുന്നുണ്ട്. അങ്ങനെയാണെങ്കിൽ; വംശവെറിക്കും അന്തമില്ലാത്ത ഉപഭോഗഭ്രാന്തിനും കടുത്ത തൊഴിലാളി ചൂഷണത്തിനും എല്ലാം ദുഷ് പേരു കേട്ടിട്ടുള്ള ആമസോൺ പ്രൈമിന്റെ (ഡിജിറ്റൽ) തൊഴുത്തിൽ തങ്ങളുടെ സോദ്ദേശ്യ സിനിമയെ എങ്ങനെയാണ് കൊണ്ടു ചെന്നു കെട്ടിക്കുക എന്ന ചോദ്യം ഈ ചിത്രത്തിന്റെ നിർമാതാക്കളും തിരക്കഥാകൃത്തും സംവിധായകനും സ്വയം ചോദിച്ചിട്ടുണ്ടോ എന്നറിയില്ല".[23]