ഹെലെൻ മരിയ വില്ല്യംസ് (ജീവിതകാലം: 17 ജൂൺ 1759 - 15 ഡിസംബർ 1827[1]) ഒരു ബ്രിട്ടീഷ് നോവലിസ്റ്റും, കവിയും, ഫ്രഞ്ച് ഭാഷാ കൃതികളുടെ പരിഭാഷകയുമായിരുന്നു. മതപരമായി സഭയുടെ മേൽക്കോയ്മ അംഗീകരിക്കാതെയിരുന്ന അവർ ഇക്കാര്യങ്ങളിൽ തികച്ചും വേറിട്ട ചിന്താഗതിക്കാരിയായിരുന്നു. ഹെലെൻ അടിമത്തവിരുദ്ധ പ്രസ്ഥാനത്തിൻറെ ഒരു മുന്നണിപ്പോരാളിയും ഫ്രഞ്ച് വിപ്ലവാദർശങ്ങളുടെ പിന്നണിയിൽ പ്രവർത്തിച്ചിരുന്ന വനിയയുമായിരുന്നു. ആദ്യ ഫ്രഞ്ച് റിപ്പബ്ലിക്കിൻറെ രൂപീകരണത്തിനു ശേഷമുള്ള ഫ്രഞ്ചു വിപ്ലവ കാലത്തെ റെയ്ൻ ഓഫ് ടെറർ എന്നു ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്ന കാലഘട്ടത്തിൽ അവർ ജയിലിലടയ്ക്കപ്പെട്ടിരുന്നുവെങ്കിൽക്കൂടി തന്റെ ശേഷ ജീവിതത്തിന്റെ ഭൂരിഭാഗവും ഫ്രാൻസിൽത്തന്നെ ചെലവഴിക്കുന്നതിൽ അവർ ശ്രദ്ധിച്ചിരുന്നു.
സ്വന്തം ജീവിതകാലത്തുതന്നെ ഒരു വിവാദ നായികയായിരുന്ന യുവതിയായിരുന്നു ഹെലെൻ മരിയ. വില്യം വേഡ്സ്വർത്ത്[2] എന്ന കവി തൻറെ 1787 ലെ ഒരു കവിതയിൽ, പ്രത്യേകിച്ച് ഫ്രഞ്ച് വിപ്ലവത്തിന്റെ പാരമ്യതയിൽ അവരെ ഒരു ശ്രേഷ്ഠവ്യക്തത്വമായി വരച്ചുകാട്ടിയിരുന്നുവെങ്കിലും, സമകാലീനരായ മറ്റ് എഴുത്തുകാർ അവരെ നിരുത്തരവാദപരമായി തീവ്രവാദ രാഷ്ടീയം കയ്യാളുന്ന ഒരു വനിതയായി ചിത്രീകരിച്ചിരുന്നു.
1759 ജൂൺ 17-ന് ലണ്ടനിൽ ഒരു സ്കോട്ടിഷ് പൌരയായ ഹെലൻ ഹെയ്, വെൽഷ് ആർമി ഓഫീസറായ ചാൾസ് വില്ല്യംസ് എന്നിവരുടെ പുത്രിയായി ഹെലെൻ മരിയ വില്ല്യംസ് ജനിച്ചു. അവർക്ക് കേവലം എട്ടു വയസ്സ് പ്രായമുള്ളപ്പോൾ പിതാവ് മരണമടഞ്ഞു. ശേഷം കുടുംബം ബെർവിക്ക്-അപൺ-ട്വീഡിലേയ്ക്കു മാറിത്താമസിച്ചു. അവിടെ 1786-ലെ അവരുടെ ഒരു കവിതാ സമാഹാരത്തിലെ ആമുഖത്തിൽ വിവരിച്ചതുപോലെയുള്ള ഒരു "പരിമിതമായ വിദ്യാഭ്യാസം" മാത്രമാണ് അവർക്കു ലഭിച്ചിരുന്നത്.[3]
1781-ൽ അവർ ലണ്ടനിലേക്ക് താമസം മാറുകയും അവിടെവച്ച് ആൻഡ്രൂ കിപ്പിസിനെ പരിചയപ്പെട്ട ഹെലെൻ മരിയയുടെ പിൽക്കാലത്തെ സാഹിത്യജീവിതത്തിലും രാഷ്ട്രീയ കാഴ്ചപ്പാടുകളിലും അദ്ദേഹം വലിയ സ്വാധീനം ചെലുത്തുകയിരുന്നു. അദ്ദേഹം ആ കാലഘട്ടത്തിൽ ലണ്ടനിലുണ്ടായിരുന്ന പ്രമുഖ ബുദ്ധിജീവികളുമായി അവരെ പരിചയപ്പെടുത്തുകയും ചെയ്തു. അവരുടെ 1786 ലെ കവിതകളിലെ വിഷയങ്ങളിൽ മതം, സ്പാനീഷ് കോളോണിയൽ നയങ്ങളുടെ വിമർശനങ്ങൾ എന്നിവയും ഉൾപ്പെട്ടിരുന്നു.