ഹെലൻ റോഡ്രിഗസ് ട്രയാസ് | |
---|---|
ജനനം | ജൂലൈ 7, 1929 ന്യൂയോർക്ക് നഗരം, യു.എസ്. |
മരണം | ഡിസംബർ 27, 2001 സാന്താക്രൂസ്, കാലിഫോർണിയ, യു.എസ്. | (പ്രായം 72)
തൊഴിൽ(s) | ശിശുരോഗവിദഗ്ദ്ധ, അധ്യാപിക, ആക്ടിവിസ്റ്റ് |
ഹെലൻ റോഡ്രിഗസ് ട്രയാസ് (ജീവിതകാലം: ജൂലൈ 7, 1929 - ഡിസംബർ 27, 2001) ഒരു അമേരിക്കൻ ശിശുരോഗവിദഗ്ദ്ധയും വിദ്യാഭ്യാസ വിചക്ഷണയും സ്ത്രീകളുടെ അവകാശ പ്രവർത്തകയുമായിരുന്നു. അമേരിക്കൻ പബ്ലിക് ഹെൽത്ത് അസോസിയേഷന്റെ (APHA) ആദ്യത്തെ ലാറ്റിൻ വംശജയായ പ്രസിഡന്റും, APHA യുടെ വിമൻസ് ഉൾപ്പാർട്ടി ഗ്രൂപ്പിൻറെ സ്ഥാപക അംഗവും, പ്രസിഡൻഷ്യൽ സിറ്റിസൺസ് മെഡലിൻറെ സ്വീകർത്താവും ആയിരുന്നു അവർ. ലോകമെമ്പാടുമുള്ള ന്യൂനപക്ഷ, താഴ്ന്ന വരുമാനമുള്ള ജനവിഭാഗങ്ങളിലെ സ്ത്രീകൾക്കും കുട്ടികൾക്കുമായി പൊതുജനാരോഗ്യ സേവനങ്ങളുടെ പരിധി വിപുലീകരിക്കാൻ സഹായിച്ചതിന്റെ ബഹുമതിയും അവർക്കുണ്ട്.
റോഡ്രിഗസ് ട്രയാസിന്റെ മാതാപിതാക്കൾ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പ്യൂർട്ടോ റിക്കോയിൽ നിന്ന് ന്യൂയോർക്ക് സിറ്റിയിലേക്ക് എത്തിയവരാണ്. 1929-ൽ റോഡ്രിഗസ് ട്രയാസിന്റെ ജനനത്തിനു ശേഷം, അവളുടെ കുടുംബം പ്യൂർട്ടോ റിക്കോയിലേക്ക് മടങ്ങിയെങ്കിലും 1939-ൽ ന്യൂയോർക്കിലേക്ക് തിരിച്ചുവന്നു. റോഡ്രിഗസ്-ട്രയാസ് വൈദ്യശാസ്ത്ര രംഗം തിരഞ്ഞെടുത്തു, കാരണം "ഞാൻ ഏറ്റവും ഇഷ്ടപ്പെട്ട കാര്യങ്ങൾ, ശാസ്ത്രം, ആളുകൾ എന്നിവയുടെ സംയോജനമാണ്"[1] ന്യൂയോർക്കിൽ റോഡ്രിഗസ് ട്രയാസ് വംശീയതയും വിവേചനവും അനുഭവിച്ചിരുന്നു.[2] സ്കൂളിൽ, അവൾക്ക് നല്ല ഗ്രേഡുകൾ, ഇംഗ്ലീഷ് സംസാരിക്കാനുള്ള അറിവ് എന്നിയുണ്ടായിരുന്നിട്ടും പഠന വൈകല്യമുള്ള വിദ്യാർത്ഥികളുള്ള ഒരു ക്ലാസിൽ അവളെ ഉൾപ്പെടുത്തി. ഒരു കവിതാപാരായണത്തിൽ പങ്കെടുത്തതിന് ശേഷം, അവളുടെ ടീച്ചർ അവൾ ഒരു കഴിവുള്ള കുട്ടിയാണെന്ന് മനസ്സിലാക്കുകയും കഴിവുള്ള കുട്ടികളുള്ള ഒരു ക്ലാസിലേക്ക് അവളെ മാറ്റുകയും ചെയ്തു.[3]
റോഡ്രിഗസ് ട്രയാസിന്റെ അമ്മ പ്യൂർട്ടോ റിക്കോയിലെ ഒരു സ്കൂൾ അധ്യാപികയായിരുന്നു. എന്നിരുന്നാലും, ന്യൂയോർക്കിൽ അവർക്ക് ഒരു അധ്യാപക ലൈസൻസ് നേടാനായില്ല. അതിനാൽ, സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാനും വാടക നൽകാനും അമ്മയ്ക്ക് മറ്റ് ജോലികൾ എടുക്കേണ്ടി വന്നു. റോഡ്രിഗസ് ട്രയാസ് ഹൈസ്കൂളിൽ നിന്ന് ബിരുദം നേടിയ ശേഷം, മെഡിസിൻ പഠിക്കാൻ ആഗ്രഹിക്കുകയും ദ്വീപിൽ നല്ല സ്കോളർഷിപ്പ് സംവിധാനമുള്ളതിനാൽ പ്യൂർട്ടോ റിക്കോയിൽ അവളുടെ സാധ്യതകൾ വളരെ മികച്ചതായിരിക്കുമെന്നും അവൾക്ക് മനസിലായി
1948-ൽ സാൻ ജവാനിലെ പ്യൂർട്ടോ റിക്കോ സർവകലാശാലയിൽ അവൾ തന്റെ അക്കാദമിക് വിദ്യാഭ്യാസം ആരംഭിച്ചു. സർവ്വകലാശാലയിൽ വളരെ ശക്തമായ ഒരു സ്വാതന്ത്ര്യ പ്രസ്ഥാനം ഉണ്ടായിരുന്നതിനാൽ, റോഡ്രിഗസ് ട്രയാസ് പ്യൂർട്ടോ റിക്കൻ നാഷണലിസ്റ്റ് പാർട്ടിയുടെ വിദ്യാർത്ഥി വിഭാഗവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു.
സൗത്ത് ബ്രോങ്ക്സിലെ ലിങ്കൺ ഹോസ്പിറ്റലിലെ പീഡിയാട്രിക്സ് വിഭാഗത്തിന്റെ മേധാവിയായിരുന്നു റോഡ്രിഗസ് ട്രയാസ്. ലിങ്കൺ ഹോസ്പിറ്റലിൽ, റോഡ്രിഗസ് ട്രയാസ് എല്ലാ തൊഴിലാളികൾക്കും അഡ്മിനിസ്ട്രേറ്റീവ്, പേഷ്യന്റ് കെയർ പ്രശ്നങ്ങളിലും ശബ്ദമുയർത്താൻ ശ്രമിച്ചു. അവർ പ്യൂർട്ടോ റിക്കൻ കമ്മ്യൂണിറ്റിയുമായി ഇടപഴകുകയും കമ്മ്യൂണിറ്റിയുടെ സാംസ്കാരിക പ്രശ്നങ്ങളെയും ആവശ്യങ്ങളെയും കുറിച്ച് ബോധവാന്മാരാകാൻ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.[4] ആൽബർട്ട് ഐൻസ്റ്റീൻ കോളേജ് ഓഫ് മെഡിസിനിൽ അസോസിയേറ്റ് പ്രൊഫസറായിരുന്ന റോഡ്രിഗസ് ട്രയാസ് യെശിവ യൂണിവേഴ്സിറ്റി, പിന്നീട് കൊളംബിയ, ഫോർഡ്ഹാം സർവകലാശാലകളിലും പഠിപ്പിച്ചു.