ഒടുവിൽ ഉണ്ണികൃഷ്ണൻ | |
---|---|
ജനനം | |
മരണം | മേയ് 27, 2006 | (പ്രായം 63)
അന്ത്യ വിശ്രമം | വടക്കാഞ്ചേരി, തൃശ്ശൂർ |
തൊഴിൽ | നടൻ |
സജീവ കാലം | 1976 - 2006 |
ജീവിതപങ്കാളി(കൾ) | പത്മജം |
കുട്ടികൾ | ശാലിനി സൌമിനി |
മലയാള ചലച്ചിത്രരംഗത്തെ പ്രശസ്തനായ ഒരു സ്വഭാവനടൻ ആയിരുന്നു ഒടുവിൽ ഉണ്ണികൃഷ്ണൻ (13 ഫെബ്രുവരി 1943 - 27 മെയ് 2006).
ഹാസ്യത്തിനും അഭിനയത്തിനും പ്രാധാന്യമുള്ള ഒരുപാട് വേഷങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ട്.[1].
1943 ഫെബ്രുവരി 13-ന് കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരി എന്ന സ്ഥലത്ത്, എങ്കക്കാട്ട് ഒടുവിൽ വീട്ടിൽ കൃഷ്ണമേനോന്റെയും പാറുക്കുട്ടി അമ്മയുടേയും ഇളയ മകനായാണ് ഉണ്ണികൃഷ്ണൻ ജനിച്ചത്. [2] പ്രാഥമിക വിദ്യാഭ്യാസം സർക്കാർ ഹൈ സ്കൂളിൽ നിന്ന് പൂർത്തിയാക്കി. [3]അദ്ദേഹത്തിന്റെ അമ്മാവൻ ഒടുവിൽ കുഞ്ഞികൃഷ്ണ മേനോൻ ഒരു സരസകവിയും മറ്റൊരു അമ്മാവൻ ഉണ്ണികൃഷ്ണ മേനോൻ കേരളത്തിലെ ഒരു അറിയപ്പെടുന്ന നർത്തകനും ആയിരുന്നു[4]. ചെറുപ്പ കാലം തൊട്ടേ സംഗീതത്തിൽ തല്പരനായിരുന്നു ഉണ്ണികൃഷ്ണൻ. ചെറുപ്പത്തിലേ തബല, മൃദംഗം മുതലായ വാദ്യോപകരണങ്ങൾ അഭ്യസിച്ചു[5]. കലാമണ്ഡലം വാസുദേവ പണിക്കർ ആയിരുന്നു ഉണ്ണികൃഷ്ണൻറെ ഗുരു. സംഗീതത്തിലെ അദ്ദേഹത്തിന്റെ കഴിവ് ഏതാനും സംഗീത ട്രൂപ്പുകളിൽ ജോലി ചെയ്യാനും തുടർന്ന് പ്രസിദ്ധ നാടകവേദിയായ കെ.പി.എ.സിയിൽ പ്രവർത്തിക്കാനും കേരള കലാവേദിയുമായി സഹകരിക്കാനും ഇടനൽകി. ഇവിടങ്ങളിൽ പ്രധാനമായും തബലിസ്റ്റ് ആയിട്ടാണ് അദ്ദേഹം ജോലി ചെയ്തത്.[6]. ഒരു ഗായകനും സംഗീതസംവിധായകനും കൂടിയായിരുന്ന ഉണ്ണികൃഷ്ണൻ നിരവധി ആൽബങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. ഇ.ജയചന്ദ്രൻ എഴുതിയ ഒടുവിൽ മായാത്ത ഭാവങ്ങൾ ഈ അനശ്വര നടന്റെ ജീവിതവും സിനിമയും രേഖപ്പെടുത്തിയിട്ടുള്ള ജീവചരിത്ര കൃതിയാണ്.
പി. എൻ. മേനോൻ സംവിധാനം ചെയ്ത് 1973-ൽ റിലീസ് ചെയ്ത ദർശനം ആയിരുന്നു ആദ്യ സിനിമ. എ. വിൻസന്റ് സംവിധാനം ചെയ്ത ചെണ്ട ആയിരുന്നു രണ്ടാമത്തെ സിനിമ.[1]. പിന്നീട് 400 ലധികം ചിത്രങ്ങളിൽ അഭിനയിച്ചു. പ്രമുഖ സംവിധായകരായ തോപ്പിൽ ഭാസി, ഹരിഹരൻ, സത്യൻ അന്തിക്കാട് എന്നിവരോടൊപ്പമൊക്കെ ഉണ്ണികൃഷ്ണൻ പ്രവർത്തിച്ചിട്ടുണ്ട്. ഗുരുവായൂർ കേശവനിലെ ആന പാപ്പാൻ , വരവേല്പിലെ നാരായണൻ, ആറാംതമ്പുരാനിലെ കൃഷ്ണ വർമ്മ, കളിക്കളത്തിലെ പലിശക്കാരൻ, പുന്നാരത്തിലെ മക്കൾ നോക്കാത്ത അധ്യാപകൻ, വധു ഡോക്ടറാണ് എന്ന പടത്തിലെ ഗൃഹനാഥൻ എന്നിങ്ങനെ നിരവധി കഥാപാത്രങ്ങൾ ഒടുവിൽ അനശ്വരമാക്കി. അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത നിഴൽക്കുത്ത് എന്നചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള 2002-ലെ കേരള സംസ്ഥാന സർക്കാർ അവാർഡ് കരസ്ഥമാക്കി.
അവസാനകാലത്ത് വൃക്കയുടെ പ്രശ്നങ്ങൾ കൊണ്ട് അദ്ദേഹം ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. 'അച്ചുവിന്റെ അമ്മ' എന്ന ചിത്രത്തിൽ അഭിനയിക്കുന്ന കാലത്ത് പലതവണ അസുഖം കൂടിവന്നിരുന്നു. വൃക്ക സംബന്ധമായ തകരാറുകൾ കൊണ്ട് തന്നെ അദ്ദേഹം 2006 മെയ് 27 ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് അന്തരിച്ചു.[1].മൃതദേഹം തുടർന്ന് വടക്കാഞ്ചേരിയിലെത്തിച്ച് പൊതുദർശനത്തിന് വച്ചപ്പോൾ കനത്ത മഴയെ വകവയ്ക്കാതെ ആയിരങ്ങൾ അദ്ദേഹത്തിന് അന്ത്യാഞ്ജലികളർപ്പിച്ചു. മെയ് 28ന് ഭാരതപ്പുഴയുടെ കരയിൽ പാമ്പാടി ഐവർമഠം ശ്മശാനത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കരിച്ചു.
വർഷം | അവാർഡ് | ചിത്രം | സംവിധായകൻ |
---|---|---|---|
1995 | മികച്ച സഹനടൻ | കഥാപുരുഷൻ | അടൂർ ഗോപാലകൃഷ്ണൻ |
1996 | മികച്ച സഹനടൻ | തൂവൽ കൊട്ടാരം | സത്യൻ അന്തിക്കാട് |
2002 | മികച്ച നടൻ | നിഴൽക്കുത്ത് | അടൂർ ഗോപാലകൃഷ്ണൻ |
{{cite news}}
: Check date values in: |accessdate=
and |date=
(help)