കാളിയൻ | |
---|---|
![]() കാളിയ മർദ്ദനം ആടുന്ന ശ്രീ കൃഷ്ണനും അദ്ദേഹത്തോട് മാപ്പ് അപേക്ഷിക്കുന്ന കാളിയന്റെ പത്നിമാരും. ഭാഗവത പുരാണത്തിൽ നിന്ന് . c. 1640. | |
ദേവനാഗിരി | कालिय |
സംസ്കൃതം | Kāliya |
അറിയപ്പെടുന്നത് | നാഗങ്ങൾ |
ജീവിത പങ്കാളി | Suraśa[1] |
മാതാപിതാക്കൾ | കശ്യപൻ (പിതാവ് ) കദ്രു (മാതാവ്) |
സഹോദരങ്ങൾ | ശേഷൻ, വാസുകി, etc. |
പരാമർശിക്കപ്പെടുന്ന ഗ്രന്ഥങ്ങൾ | ഭാഗവത പുരാണം, ഹരിവംശ പുരാണം, മഹാഭാരതം |
ബന്ധപ്പെട്ട ആഘോഷങ്ങൾ | Nāga Nathaiyā |
കാളിയൻ Kaliya (IAST:Kāliyā, Devanagari: कालिया),അഷ്ടനാഗങ്ങളിൽ ഉൾപ്പെട്ട യമുനനദിയിൽ ജീവിച്ചിരുന്ന ഉഗ്രവിഷമുള്ള നാഗമാണ് കാളിയൻ. താൻ താമസിച്ചിരുന്ന യമുന നദിയെ വിഷമയമാക്കുകയും, പിന്നീട് ഭഗവാൻ കൃഷ്ണൻ തലയിൽ ചവിട്ടി നൃത്തം ചവിട്ടുകയും അങ്ങനെ തന്റെ അഹങ്കാരം ശമിച്ച് യമുനാനദി വിട്ടു പോവുകയും ചെയ്ത നാഗമാണ്. ഇതിനെ കറിച്ച് ഭാഗവത പുരാണത്തില് പരാമർശിക്കുന്നുണ്ട്.
ബ്രഹ്‌മാവിന്റെ പൗത്രനും മരീചിയുടെ പുത്രനുമായ കശ്യപന് കദ്രു എന്ന ഭാര്യയിൽ കാളിയൻ ജനിച്ചു. (മഹാഭാരതം ആദിപർവ്വം 35 ആം അദ്ധ്യായം)കാളിയന് ആയിരം തലകൾ ഉണ്ടായിരുന്നതായി ഭാഗവതം ദശമസ്കന്ധത്തിൽ കാണുന്നു.
വിനതയും കദ്രുവും കശ്യപന്റെ ഭാര്യമാരായിരുന്നു. വിനതയ്ക്ക് ഗരുഡനും കദ്രുവിന് നാഗങ്ങളും ജനിച്ചു. വിനത ഒരു പന്തയത്തിൽ കദ്രുവിനോട് തോൽക്കുകയും കദ്രുവിന്റെ ദാസി ആയി തീരുകയും ചെയ്തു. ഗരുഡൻ ദേവ ലോകത്ത് നിന്ന് അമൃത് കൊണ്ടുവന്ന് നാഗങ്ങൾക്ക് കൊടുത്ത് അമ്മയുടെ ദാസ്യമൊഴിച്ചു. എങ്കിലും അന്ന് മുതൽ ഗരുഡനും നാഗങ്ങളും പരസ്പര വിരോധികൾ ആയി തീർന്നു. ഗരുഡൻ സൗകര്യം കിട്ടുമ്പഴൊക്കെ നാഗങ്ങളെ കൊത്തി തിന്നുന്നവാൻ തുടങ്ങി. നാഗങ്ങൾക്ക് സ്വൈര്യം ഇല്ലാതായി. അഷ്ടമിയിലും ചതുർദശിയിലും കറുത്ത വാവിലും വെളുത്ത വാവിലും തങ്ങൾക്ക് കിട്ടുന്ന ബലിയിലെ ഹവിസ്സ് ഗരുഡന് കൊടുക്കാമെന്ന് നാഗങ്ങൾ സമ്മതിച്ചു. ഗരുഡനും സംതൃപ്തനായി. പക്ഷെ, കാളിയൻ മാത്രം ഈ ഉടമ്പടിക്ക് വഴങ്ങിയില്ല. മാത്രമല്ല അവൻ ഗരുഡനെ കളിയാക്കുകയും അപഹസിക്കുകയും ചെയ്തു. ഗരുഡന്റെ ആക്രമണം കൊണ്ട് കാളിയനും കുടുംബാംഗങ്ങളും വളരെ കഷ്ടപ്പെട്ടു. അവർ അതിനു ശേഷം ഗരുഡനെ ഭയപ്പെട്ട് കാളിന്ദി നദിയുടെ ഒരു പ്രത്യേക സ്ഥാനത്ത് വന്നു താമസം തുടങ്ങി. സൗരഭി മുനിയുടെ ശാപം (ഗരുഡൻ കാളിന്ദി നദിയിൽ വന്നാൽ തലപൊട്ടി ചാകും എന്ന ശാപം) ഉള്ളത് കൊണ്ട് കാളിന്ദിയിൽ ഗരുഡൻ പ്രവേശിക്കാതെയായി.
കാളിയന്റെ വിഷം ഏറ്റു പരിസരങ്ങളിലെ വൃക്ഷലതാദികൾ കരിഞ്ഞുണങ്ങി. ജലം വിഷ സങ്കലിതമായി. ഒരിക്കൽ ശ്രീ കൃഷ്ണനും കൂട്ടരും കാലി മേച്ചു കാളിന്ദി തീരത്തു വന്നു. കന്നുകാലികളും ഗോപഗണങ്ങളും കാളിന്ദിയിലെ ജലം കുടിച്ച് മരിച്ചു വീണു. ശ്രീ കൃഷ്ണൻ നദീ തീരത്തു നിന്ന ഒരു കടമ്പു മരത്തിൽ കയറി നദിയിലേക്ക് കുതിച്ച് ചാടി. ക്രുദ്ധനായി പാഞ്ഞ് വന്ന കാളിയന്റെ തലകളിൽ കയറി നിന്ന് ശ്രീ കൃഷ്ണൻ നൃത്തം ചെയ്തു. കാളിയൻ രക്തം ഛർദ്ദിക്കുകയും ശ്രീ കൃഷ്ണനെ വണങ്ങുകയും ചെയ്തു. കാലിയന്റെ ഭാര്യമാരും കുട്ടികളും എല്ലാം വന്നു ശ്രീ കൃഷ്ണനെ സ്തുതിച്ചു. ശ്രീ കൃഷ്ണൻ അവരെ എല്ലാം രമണക ദ്വീപിലേക്ക് പറഞ്ഞയച്ചു. ശ്രീ കൃഷ്ണന്റെ പാദമുദ്ര ശിരസ്സിൽ കണ്ടാൽ ഗരുഡൻ കാളിയനെ ഉപദ്രവിക്കില്ല എന്ന ഉറപ്പും കൊടുത്തു. അതനുസരിച്ച് കാളിയനും കുടുംബവും രമണക ദ്വീപിൽ താമസം തുടങ്ങി.
1. ഭാഗവതം ദശമസ്കന്ധം 2. മഹാഭാരതം ആദിപർവ്വം