മുംബൈയുടെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു മൈതാനമാണ് ഗോവാലിയ ടാങ്ക് (Gowalia Tank). ഇപ്പോൾ ഓഗസ്റ്റ് ക്രാന്തി മൈതാനം എന്ന പേരിൽ അറിയപ്പെടുന്നു.[1] 1942 ഓഗസ്റ്റ് 8-ന് ഈ മൈതാനത്തുവച്ചാണ് മഹാത്മാഗാന്ധി ക്വിറ്റ് ഇന്ത്യാ പ്രസംഗം നടത്തിയത്. ബ്രിട്ടീഷുകാർ ഉടൻ ഇന്ത്യ വിട്ടുപോയില്ലെങ്കിൽ ബഹുജനപ്രക്ഷോഭമുണ്ടാകുമെന്ന് ഗാന്ധിജി മുന്നറിയിപ്പ് നൽകി. "പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക" എന്നതായിരുന്നു അദ്ദേഹം രാജ്യത്തിനു നൽകിയ മുദ്രാവാക്യം.[2] രണ്ടാം ലോകമഹായുദ്ധം (1939-1945) അവസാനിച്ചാൽ മാത്രമേ ഇന്ത്യക്കു സ്വാതന്ത്ര്യം നൽകൂ എന്ന ബ്രിട്ടീഷ് നിലപാടിനെതിരെ സിവിൽ നിയമലംഘന സമരം ആരംഭിക്കുവാൻ രാജ്യത്തെ ജനങ്ങൾക്കു കരുത്തേകിയത് ഗാന്ധിജിയുടെ ഈ പ്രസംഗമാണ്.
പണ്ടുകാലത്ത് പശുക്കളെ കുളിപ്പിക്കുന്നതിനു വേണ്ടിയാണ് ഗോവാലിയ ടാങ്ക് മൈതാനം ഉപയോഗിച്ചിരുന്നത്. പശു എന്നർത്ഥം വരുന്ന 'ഗായ്', ഉടമ എന്നർത്ഥമുള്ള 'വാലാ' എന്നീ മറാത്തി/ഗുജറാത്തി പദങ്ങളിൽ നിന്നാണ് മൈതാനത്തിനു 'ഗോവാലിയ' എന്ന പേരു ലഭിച്ചതെന്നു കരുതുന്നു. മൈതാനത്തു സ്ഥാപിച്ചിരുന്ന ടാങ്കിൽ നിന്നുള്ള വെള്ളമാണ് പശുക്കളെ കുളിപ്പിക്കുന്നതിന് ഉപയോഗിച്ചിരുന്നത്. ഈ ടാങ്ക് ഇപ്പോഴും ഇവിടെ നിലനിർത്തിയിട്ടുണ്ട്.
ഇന്ന് മുംബൈ നഗരത്തിലെ ഒരു പ്രധാന കളിസ്ഥലമാണ് ഗോവാലിയ ടാങ്ക് മൈതാൻ. ക്രിക്കറ്റ്, ഫുട്ബോൾ, വോളിബോൾ മത്സരങ്ങൾക്കായി മൈതാനം ഉപയോഗിച്ചുവരുന്നു. ഗോവാലിയ ടാങ്ക് മൈതാനത്തെ പ്രധാനമായും അഞ്ച് കളിസ്ഥലങ്ങളായി തിരിച്ചിട്ടുണ്ട്. ഇതിൽ കുട്ടികൾക്കുള്ള കളിസ്ഥലം, മുതിർന്നവർക്കുള്ള ഉല്ലാസകേന്ദ്രം, ഉദ്യാനം എന്നിവ ഉൾപ്പെടുന്നു. മൈതാനത്തിന്റെ ഒരു ഭാഗത്തായി ഫെല്ലോഷിപ്പ് സ്കൂളും രക്തസാക്ഷി മണ്ഡപവും സ്ഥിതിചെയ്യുന്നുണ്ട്. മൈതാനത്തിന്റെ മധ്യഭാഗത്തുള്ള ഓഗസ്റ്റ് ക്രാന്തി റോഡിലൂടെ ഹ്യൂഗ്സ് റോഡിലേക്കു പ്രവേശിക്കാം. മൈതാനത്തിനു സമീപമായി തേജ്പാൽ റോഡ്, ലാബർനം റോഡ്, അലക്സാണ്ട്ര റോഡ് എന്നിവയമുണ്ട്.
മുംബൈ നഗരത്തിൽ കണ്ടുവരുന്ന ട്രാം വണ്ടികളുടെ (വൈദ്യുതി ഉപയോഗിച്ചു പ്രവർത്തിക്കുന്ന ഒരിനം യാത്രാ തീവണ്ടി) ഒരു ടെർമിനൽ കൂടിയാണ് ഗോവാലിയ ടാങ്ക് മൈതാനം. പണ്ടുകാലത്ത് ഇവിടെ നിന്ന് ട്രാം വണ്ടിയിലൂടെ പ്രിൻസ് ഓഫ് വെയ്ൽസ് മ്യൂസിയത്തിൽ എത്തുന്നതിന് ഒരു അണ (6 പൈസ) മാത്രമാണ് ഈടാക്കിയിരുന്നത്. മൈതാനത്തിനു സമീപത്തായി പശ്ചിമ റെയിൽവേയുടെ ഗ്രാൻഡ് റോഡ് റെയിൽവേ സ്റ്റേഷൻ സ്ഥിതിചെയ്യുന്നു.