ഒരു ഇംഗ്ളീഷ് നാടകകൃത്തായിരുന്നു ജോൺ ഡേ. നോർഫോക്കിലെ കോസ്റ്റനിൽ 1574-ൽ ജനിച്ചതായി കരുതപ്പെടുന്നു. കേംബ്രിജിലായിരുന്നു വിദ്യാഭ്യാസം. തിയെറ്റർ മാനേജരായ ഫിലിപ്പ് ഹെൻസ്ലോയുടെ ഡയറിയിൽ 1578-ലാണ് നാടകകൃത്തെന്ന നിലയിൽ ഡേ ആദ്യമായി പരാമർശി ക്കപ്പെടുന്നത്. ഹെന്റി ചെറ്റിൽ, തോമസ് ഡെക്കർ തുടങ്ങിയ അക്കാലത്തെ പ്രമുഖരായ പല ഇംഗ്ളീഷ് നാടകകൃത്തുക്കളുമായിച്ചേർന്ന് ഇദ്ദേഹം നാടകരചന നടത്തിയെങ്കിലും മിക്കവയും നഷ്ടപ്പെട്ടുപോയി എന്നാണറിയുന്നത്.
ഡേയുടെ നാടകങ്ങളിൽ കിട്ടിയിടത്തോളം ഏറ്റവും പഴക്കമു ള്ളത് ചെറ്റിലുമായിച്ചേർന്നു രചിച്ച ദ് ബ്ളൈൻഡ് ബെഗർ ഒഫ് ബെഡ്നൽ ഗ്രീൻ (1600) ആണ്. ദ് പാർലമെന്റ് ഒഫ് ബീസിന്റെ രചനയോടെ ഇദ്ദേഹം നാടകരംഗത്തു ശ്രദ്ധേയനായി. 1607-ൽ ഈ കൃതി പ്രസിദ്ധീകരിച്ചതായി സൂചനകളുണ്ടെങ്കിലും 1641-ലെ പതിപ്പുമാത്രമേ ലഭ്യമായിട്ടുള്ളൂ. അന്ത്യപ്രാസത്തോടുകൂടിയ പദ്യത്തിൽ വിരചിതമായ ആക്ഷേപഹാസ്യാത്മകമായ അന്യാപദേശമെന്ന് (satrical allegory) ഈ നാടകത്തെ വിശേഷിപ്പിക്കാം. വിവിധ മനുഷ്യ പ്രകൃതികളുടെ പ്രതിരൂപമായി തേനീച്ചകൾ രംഗത്തു വരുന്ന ഈ മുഖംമൂടി നാടകം (masque) ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി. ദി ഐൽ ഒഫ് ഗൾസ് (1606), ലോ ട്രിക്സ്(1608), ഹ്യൂമർ ഔട്ട് ഓഫ് ബ്രെത് (1608) എന്നിവയാണ് ഇദ്ദേഹത്തിന്റെ മറ്റു നാടകങ്ങളിൽ പ്രധാനപ്പെട്ടവ.
1640-ൽ ഡേ അന്തരിച്ചു. ചരമദിനം കൃത്യമായി അറിവില്ല. ഇദ്ദേഹത്തിന്റെ ചരമത്തിൽ അനുശോചിക്കുന്ന ഒരു വിലാപകാവ്യം 1640-ൽ പ്രസിദ്ധീകൃതമായിട്ടുണ്ട്.