വ്യക്തിഗത വിവരങ്ങൾ | ||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | ഡഗ്ലസ് റോബർട്ട് ജാർഡീൻ | |||||||||||||||||||||||||||||||||||||||
വിളിപ്പേര് | The Iron Duke | |||||||||||||||||||||||||||||||||||||||
ബാറ്റിംഗ് രീതി | വലം കൈയ്യൻ | |||||||||||||||||||||||||||||||||||||||
ബൗളിംഗ് രീതി | വലം കൈയ്യൻ സ്പിന്നർ | |||||||||||||||||||||||||||||||||||||||
റോൾ | ഓപ്പണർ | |||||||||||||||||||||||||||||||||||||||
അന്താരാഷ്ട്ര തലത്തിൽ | ||||||||||||||||||||||||||||||||||||||||
ദേശീയ ടീം | ||||||||||||||||||||||||||||||||||||||||
ആദ്യ ടെസ്റ്റ് (ക്യാപ് 235) | 23 ജൂൺ 1928 v വെസ്റ്റ് ഇൻഡീസ് | |||||||||||||||||||||||||||||||||||||||
അവസാന ടെസ്റ്റ് | 10 ഫെബ്രുവരി 1934 v ഇന്ത്യ | |||||||||||||||||||||||||||||||||||||||
പ്രാദേശിക തലത്തിൽ | ||||||||||||||||||||||||||||||||||||||||
വർഷം | ടീം | |||||||||||||||||||||||||||||||||||||||
1920–1923 | ഓക്സ്ഫോർഡ് സർവകലാശാല | |||||||||||||||||||||||||||||||||||||||
1921–1933 | സറെ | |||||||||||||||||||||||||||||||||||||||
1925–1933/34 | എം.സി.സി. | |||||||||||||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | ||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||
ഉറവിടം: ക്രിക്ക് ഇൻഫോ, 17 മേയ് 2008 |
ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിലെ ഒരു കളിക്കാരനും നായകനുമായിരുന്നു ഡഗ്ലസ് ജാർഡീൻ എന്ന ഡഗ്ലസ് റോബർട്ട് ജാർഡീൻ(ജനനം:ഒക്ടോബർ 23 1900 - ജൂൺ 18 1958). 1931 മുതൽ 1933-34 സീസൺ[൧] വരെയായിരുന്നു അദ്ദേഹം ഇംഗ്ലണ്ട് ടീമിനു വേണ്ടി കളിച്ചത്. 22 ടെസ്റ്റ് മത്സരങ്ങൾ കളിച്ച ജാർഡീൻ ഒരു വലംകയ്യൻ ബാറ്റ്സ്മാനായിരുന്നു. 15 മത്സരങ്ങളിൽ അദ്ദേഹം ഇംഗ്ലണ്ട് ടീമിനെ നയിച്ചിട്ടുണ്ട്. ഈ പതിനഞ്ചുമത്സരങ്ങളിൽ ഇംഗ്ലണ്ട് ഒൻപത് മത്സരങ്ങൾ വിജയിച്ചു, ഒരെണ്ണത്തിൽ പരാജയപ്പെട്ടു ബാക്കി അഞ്ചെണ്ണം സമനിലയിലായി. ജാർഡീനെ കൂടുതൽ പ്രശസ്തനാക്കുന്നത് 1932-33 സീസണിൽ ഇംഗ്ലണ്ട് ടീമിന്റെ നായകൻ എന്നതാണ്. ഈ സീസണിലാണ് ഇംഗ്ലീഷ് ടീം ഓസ്ട്രേലിയൻ ബാറ്റ്സ്മാനായ ഡൊണാൾഡ് ബ്രാഡ്മാനെ തന്ത്രപരമായി പ്രതിരോധിക്കാൻ ബോഡിലൈൻ തന്ത്രം പുറത്തെടുത്തത്. പന്ത്, ക്രിക്കറ്റ് പിച്ചിൽ ബാറ്റ്സ്മാനിൽ നിന്ന് പരമാവധി അകലെ (പിച്ചിന്റെ തുടക്കത്തിലായി) ലെഗ് സ്റ്റമ്പിന്റെ നേരെ കുത്തിച്ച് ബാറ്റ്സ്മാന്റെ ശരീരത്തിനു നേരെയായി ഉയർത്തുന്നു. സ്ക്വയർ ലെഗ്ഗിനു പിന്നിലായി ധാരാളം ഫീൽഡർമാരെ വിന്യസിച്ച് ലെഗ് സൈഡിലേക്കുള്ള ബാറ്റ്സ്മാന്റെ സ്വാതന്ത്ര്യം പരിമിതപ്പെടുത്തുകയും തന്മൂലം വിക്കറ്റെടുക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ തന്ത്രം. ഈ തന്ത്രം ശാരീരിക ഭീഷണിയുയർത്തുന്നവയായി പരിഗണിക്കുന്നു. ഓസ്ട്രേലിയൻ ക്രിക്കറ്റ് കളിക്കാരോടും കാണികളോടുമുള്ള ജാർഡീന്റെ വിരോധം കുപ്രസിദ്ധമാണ്. എന്നിരുന്നാൽ തന്നെയും ഒട്ടുമിക്ക കളിക്കാരും ജാർഡീന്റെ നായകസ്ഥാന്മ മികച്ചതാണെന്ന അഭിപ്രായക്കാരാണ്. അതുപോലെ തന്നെ ക്രിക്കറ്റ് ഗ്രൗണ്ടിൽ വിവിധ വർണ്ണത്തിലുള്ള തൊപ്പി ധരിക്കുന്നതിലും ഇദ്ദേഹം പ്രസിദ്ധനാണ്. ഹാർലെക്വിം തൊപ്പി എന്നാണ് ഈ തൊപ്പികൾ അറിയപ്പെടുന്നത്.
സ്കൂൾ വിദ്യാഭ്യാസക്കാലത്തും ജാർഡീൻ ബാറ്റിംഗിൽ പ്രതിഭതെളിയിച്ചിരുന്നു. സ്കൂൾ വിട്ടതിനുശേഷം ജാർഡീൻ ചേർന്ന വിൻസ്റ്റർ കോളേജിലേയും ഓക്സ്ഫോർഡ് സർവകലാശാലയിലെയും ടീമിൽ ജാർഡീൻ അംഗമായിരുന്നു. ജാർഡീന്റെ ആദ്യ കൗണ്ടി ക്ലബ്ബ് സുറൈ ക്ലബ്ബായിരുന്നു. നെഗറ്റീവ് രീതിയിൽ ബാറ്റു ചെയ്യുന്നതിൽ ധാരാളം വിമർശങ്ങൽ ജാർഡീൻ നേരിട്ടിട്ടുണ്ട്. പന്തുകളെ മികച്ച രീതിയിൽ പ്രതിരോധിക്കുന്നതിനുള്ള ജാർഡീന്റെ കഴിവ് മികച്ചതായിരുന്നു.1928ലാണ് ജാർഡീന് ടെസ്റ്റ് മത്സരങ്ങൾ കളിയ്ക്കാൻ അവസരം കിട്ടിയത്. 1928-29 സീസണിൽ ഓസ്ട്രേലിയയുമായുള്ള മതസരം ജാർഡീന് മധുരിക്കുന്ന അനുഭവമാണ് നൽകിയത്. എന്നാൽ അതിനു ശേഷമുള്ള മത്സരങ്ങളിൽ കളിക്കുന്നതിന് ബിസിനസ്സ് പരമായ തിരക്ക് കാരണം അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. 1931ലെ ന്യൂസിലൻഡ് പര്യടനത്തിനുള്ള ടീമിന്റെ നായകസ്ഥാനം ജാർഡീൻ ആവിശ്യപ്പെട്ടു. ആദ്യം ഈ ആവിശ്യം നിരാകരിച്ചെങ്കിലും അടുത്ത മൂന്ന് ക്രിക്കറ്റ് സീസണിലും ഇംഗ്ലീഷ് ടീമിനെ നയിച്ചത് ജാർഡീനായിരുന്നു, ഇതിൽ ഏറ്റവും ശ്രദ്ധേയം 1932-33ലെ ഓസ്ട്രേലിയൻ പര്യടനമായിരുന്നു. 1934ലെ ഇന്ത്യൻ പര്യടനത്തിനു ശേഷം ജാർഡീൻ ഫസ്റ്റ്-ക്ലാസ് ക്രിക്കറ്റിൽ നിന്നും വിരമിച്ചു.
നിയമോപദേശത്തിൽ ജാർഡീൻ യോഗ്യത നേടിയിരുന്നെങ്കിലും ഈ തൊഴിലിൽ അത്രകണ്ട് സജീവമായിരുന്നില്ല. ധനകാര്യസ്ഥാപനത്തിലും പത്രപ്രവർത്തനത്തിലുമായിരുന്നു അദ്ദേഹം കൂടുതലായും പ്രവർത്തിച്ചിരുന്നത്. രണ്ടാം ലോകമഹായുദ്ധക്കാലത്ത് അദ്ദേഹം പ്രാദേശിക സൈന്യത്തിൽ ചേർന്നു, ഈ സംയം കൂടുതലായും ഇന്ത്യയിലാണ് അദ്ദേഹം ചിലവഴിച്ചത്. യുദ്ധാനന്തരം ഒരു കടലാസ് നിർമ്മാണ ശാലയിൽ കാര്യദർശിയായി ജോലി നോക്കി. 1957ലെ ഒരു ബിസിനസ്സ് സംബന്ധമായ യാത്രയിലാണ് ജാർഡീൻ രോഗബാധിതനാകുന്നത്, ശ്വാസകോശ അർബുദ ബാധിതനായ ജാർഡീൻ 1958-ൽ തന്റെ 57-ആം വയസ്സിൽ അന്തരിച്ചു.
ബ്രിട്ടീഷ് ഇന്ത്യയിൽ മുംബൈയിൽ 1900 ഒക്ടോബർ 23നാണ് ജാർഡീൻ ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് മുൻ ഫസ്റ്റ്-ക്ലാസ് ക്രിക്കറ്ററും പിന്നീട് വക്കീലുമായ മാൽക്കം ജാർഡീനും മാതാവ് അലിസൺ മൊയിറുമായിരുന്നു.[1] ഒൻപതാം വയസ്സിൽ തന്റെ അമ്മയുടെ സഹോദരിയുടെ ഒപ്പം സ്കോട്ട്ലന്റിലെ സെന്റ്. ആൻഡ്രൂസിലേക്ക് അദ്ദേഹം താമസംമാറി. വലിയൊരു കെട്ടിടത്തിലായിരുന്നു സ്കോട്ട്ലന്റിൽ ജാർഡീന്റെ താമസം, 1910 മെയ് മുതൽ സമീപ പ്രദേശത്തുള്ള ന്യൂബറിയിലെ ഹോറിസ് ഹിൽ സ്കൂളിലാണ് സ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.[2] ഉന്നത നിലവാരമുള്ള ഈ സ്കൂളിൽ നിന്നും താരതമ്യേനെ മികച്ച വിജയമാണ് ജാർഡീൻ നേടിയത്.[2] 1912 മുതൽ സ്കൂളിലെ ആദ്യ ഇലവന് വേണ്ടി ഡഗ്ലസ് കളിച്ചുതുടങ്ങി, ഇക്കാലത്ത് അദ്ദേഹം ബാറ്റിംഗിലും ബൗളിംഗിലും ഒരു പോലെ ശോഭിച്ചു. അവസാന വർഷം അപരാജിതരായ സ്കൂൾ ടീമിനെ നയിച്ചത് ജാർഡീനായിരുന്നു.[3] ബാറ്റിംഗിനെ പറ്റിയുള്ള സി.ബി. ഫ്രൈയുടെ എഴുത്തുകളിൽ ജാർഡീൻ അതീവ ആകൃഷ്ടനായിരുന്നു, ഇതു മൂലം ഹോറിസ് ഹില്ലിലെ പരിശീലകനവുമായി പല അഭിപ്രായ വ്യത്യാസങ്ങളുമുണ്ടായി. ഇതിനാൽ ജാർഡീന്റെ ബാറ്റിംഗ് രീതിയോട് പരീശിലകന് അതൃപ്തിയായി, ഫ്രൈയുടെ പുസ്തകത്തിലെ ഉദ്ധരണികൾ ചൂണ്ടികാണിച്ചുകൊണ്ട് ജാർഡീൻ തന്റെ ഈ ശൈലി മാറ്റാനും താല്പര്യപ്പെട്ടില്ല.[4]
ഉപരിപഠനത്തിനായി 1914-ൽ ജാർഡീൻ വിൻസ്റ്റർ കോളജിൽ ചേർന്നു.ഈ കാലത്തെ വിൻസ്റ്ററിലെ ചുറ്റുപാടുകൾ ദുഷ്കരവും തീവ്രവിരക്തിയോടുകൂടിയ ചിട്ടകളുള്ളതുമായിരുന്നു. സ്കൂൾ ജീവിതത്തിൽ വ്യായാമവും കായികവും അത്യാവിശ്യ ഘടകങ്ങളായിരുന്നു. ഈ സമയത്ത് കുട്ടികൾക്ക് യുദ്ധത്തിനുള്ള പരീശിലനവും പ്രാധാന്യത്തോടെ നൽകിയിരുന്നു.[5] ജാർഡീന്റെ ജീവചരിത്രകാരനായ ക്രിസ്റ്റഫർ ഡഗ്ലസിന്റെ അഭിപ്രായം ഇപ്രകാരമാണ്, ആത്മാർത്ഥതയുളള അധ്യാപനം, ദുർഭേദ്യമായ ശരീര വേദന, തെറ്റുപറയാനില്ലാത്ത വിദ്യാഭ്യാസത്തിലൂടെയുള്ള ധാർമ്മികവും ബൗദ്ധികവും ആദ്ധ്യാത്മികവുമായ നേട്ടം.[6] ഒട്ടുമിക്ക കുട്ടികളും വിദ്യാഭ്യാസപ്രമായി മിടുക്കരായിരുന്നു, കൂട്ടത്തിലെ നല്ലൊരു കായികാഭ്യാസിയായ ജാർഡീൻ മികച്ച രീതിയിൽ പ്രശംസകൾ നേടിയിരുന്നു.[7] മറ്റുള്ള കുട്ടികളെ വച്ച് നോക്കുമ്പോൾ ജർഡ്ഡിന്റെ സ്ഥാനം അല്പം മെച്ചപ്പെട്ട നിലയിലായിരുന്നു.സ്കൂളിൽ എത്തിയപ്പോൾ തന്നെ മികച്ച ക്രിക്കറ്റർ എന്ന അംഗീകരാം നേടിയ ജാർഡീൻ മറ്റു കായിക ഇനങ്ങളിലും സാനിധ്യം അറിയിച്ചു. ഫുട്ബോളിൽ ഗ്ഗോൾകിപ്പറായ ജാർഡീൻ റാക്കറ്റ് കളികളിലും മുൻപന്തിയിലായിരുന്നു.[8] മിക്ക കായിക ഇനത്തിലും ശ്രദ്ധേയനായ ജാർഡിന് പ്രധാന പ്രശസ്തിനേടികൊടുത്തത് ക്രിക്കറ്റാണ്. സ്കൂളിന്റെ ആദ്യ ഇലവനിൽ 1917 മുതൽ തുടർച്ചയായി മൂന്ന് വർഷം സ്ഥാനം നേടാൻ ജാർഡീനു കഴിഞ്ഞിരുന്നു. പ്രശസ്തരായ ക്രിക്കറ്റ് കളിക്കാരായ ഹാരി അൽതമിന്റേയും റോക്‌ലി വിൽസണിന്റേയും നിരീക്ഷണത്തിൽ പരിശീലിക്കാനുള്ള അവസരവും ഈ ഘട്ടത്തിൽ അദ്ദേഹത്തിനു ലഭിച്ചു. തന്റെ ബാറ്റിംഗ് കഴിവുകൾ വികസിപ്പിക്കുന്നതിൽ വിൽസൺ സഹായിച്ചിട്ടുണ്ടെന്ന് ഒരിക്കൽ ജാർഡീൻ പറഞ്ഞിട്ടുണ്ട്.[9] 191-ൽ സ്കൂളിലെ അവസാന വർഷം 997 റൺസ് 66.46 ശരാശാരിയോടെ നേടിക്കൊണ്ട് സ്ക്കൂളിലെ ഏറ്റവും മുന്തിയ ശരാശരിയുള്ള ബാറ്റ്സ്മാനായി. ടീമിനെ ഒരുമിച്ച് നിർത്താൻ ജാർഡീനു കഴിയുമൊ എന്ന സന്ദേഹമുണ്ടായിരുന്നിട്ട് കൂടിയും നായകസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടത് ജാർഡീനായിരുന്നു.[10] ഈ സംശയങ്ങൾ ഒന്നും തന്നെ കൂസാക്കാതെ ജാർഡീന്റെ നേതൃത്തത്തിലുള്ള വിഞ്ചെസ്റ്റർ ടീം അവസാന മത്സരത്തിൽ സ്ഥിരം വിജയികളാവുന്ന ഏട്ടൺ കോളജിനെ പരാജയപ്പെടുത്തി.[11] ഈ മത്സരത്തിൽ ജാർഡീന്റെ സംഭാവന 35ഉം 89 റൺസും വീതമായിരുന്നു. ജാർഡീന്റെ നേതൃ പാഠവത്തിന്റെ മികവിലാണ് പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം വിഞ്ചെസ്റ്റർ ടീമിണ് ഏട്ടണെതിര വിജയിക്കാൻ സഹായിച്ചത് എന്ന് പല വിമർശകരും അഭിപ്രായപ്പെട്ടു. ഫൈനലിൽ നേടിയ ഈ 89 റൺസാണ് തന്റെ പ്രിയപ്പെട്ട ഇന്നിംഗ്സ് എന്ന് സ്കൂളിൽ നിന്നു പിരിഞ്ഞ ശേഷം ജാർഡീൻ പറഞ്ഞു. ഹാരോ സ്കൂളിനെതിരെ നടന്ന മറ്റൊരു മത്സരത്തിൽ ജാർഡീൻ 135 റൺസ് നേടി പുറത്താകാതെ നിന്നു.[12][13]
സ്കൂളിലെ ജാർഡീന്റെ ഈ നേട്ടം പത്ര മാധ്യമങ്ങളിൽ നല്ല രീതിയിൽ റിപ്പോർട്ട് ചെയ്തിരുന്നു. രണ്ട് സ്കൂളുകളെ പ്രതിനിധീകരിച്ച് ലോഡ്സിൽ കളിച്ച ജാർഡീൻ നാലു ഇന്നിംഗ്സുകളിൽ നിന്നായി യഥാക്രമം 44, 91, 57, 55ഉം റൺസ് നേടി, ഈ രണ്ട് മത്സരങ്ങളിലും വിജയിച്ച ജാർഡിന്റെ ടീമിനെ മാധ്യമങ്ങൾ അനുകൂലമായ അഭിപ്രായകുറിപ്പുകൾ പുറത്തിറാക്കി.[14] സമപ്രായക്കാരെ വച്ച് താരതമ്യം ചെയ്യുമ്പോൾ ജാർഡീന്റെ നിലവാരം വളരെ കൂടുതലാണന്ന് 1928-ൽ വിസ്ഡൺ അഭിപ്രായപ്പെട്ടു, പ്രത്യേകിച്ച് പ്രതിരോധത്തിലും ഓൺ സൈഡ് ബാറ്റിംഗിലും.[15] എന്നാൽ തന്നെയും ജാർഡീനു കഴിയാവുന്ന ബാറ്റിംഗിന്റെ എല്ലാ തന്ത്രങ്ങളും പുറത്തെടുക്കുന്നില്ലെന്നും അവിശ്യമില്ലാതെ അതീവ ശ്രദ്ധാലുവാകുന്നു എന്നും പല വിമർശനങ്ങളും അദ്ദേഹത്തിന് കേൾക്കേണ്ടതായി വന്നു. വളരെ പെട്ടെന്ന് നിഷ്പ്രയാസം റൺസ് നേടാം എന്നാണ് ജാർഡീന്റെ ബാറ്റിംഗ് തന്ത്രത്തെ പറ്റിയുള്ള ധാരണ.[16]
ഓക്സ്ഫോർഡിലെ ന്യൂ കോളജിൽ ജാർഡീൻ ചേരുന്നത് 1919ലാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കലാലയത്തിൽ ചേരാൻ വന്നവരുടെ എണ്ണം ക്രമാതീതമായിരുന്നു. ഒന്നാം ലോകമഹായുദ്ധത്തെ തുടർന്ന് പ്രവേശന പരീക്ഷകൾ വൈകിയതായിരുന്നു ഈ തിരക്കിന് കാരണം. [17] പുതിയ കലാലയത്തിൽ വന്നതിനു ശേഷവും കായിക രംഗത്ത് ജാർഡീൻ സജീവമായി പങ്കെടുത്തു, ഒരിക്കൽ ടീമിലിടം പോലുമില്ലാത്ത അവസരത്തിൽ ന്യൂ കോളജിനു വേണ്ടി സർവകലാശാല മത്സരത്തിൽ ഫുട്ബോൾ ഗോൾകീപ്പറായി നിന്നു.[18] ഈക്കാലത്ത് റാക്കറ്റ് കളികളിലും പ്രത്യേക ശ്രദ്ധ ജാർഡീൻ കൊടുത്തിരുന്നു, ടെന്നീസിലേക്ക്[19] സജീവ മായി ഇറങ്ങിയ ജാർഡീൻ സർവ്വകലാശാല നിലവാര മത്സരത്തിൽ പുരസ്കാരങ്ങളും നേടി.[20][21] ക്രിക്കറ്റിൽ ടോം ഹേവാർഡിന്റെ കീഴിൽ പരീശിലിച്ചാണ് ഫുട്‌വർക്കും പ്രതിരോധ രീതിയും ജാർഡീൻ കൂടുതൽ മെച്ചപ്പെടുത്തിയത്.[22] പ്രതീക്ഷിക്കുന്ന നേട്ടങ്ങൾ ഒന്നും ജാർഡീൻ നേടുന്നില്ല, എന്നിരുന്നാലും ജാർഡീന്റെ ബാറ്റിംഗ് കഴിവുകൾ പ്രത്യേകിച്ച് പ്രതിരോധ രീതി തർക്കമറ്റതാണ് എന്ന് 1928-ൽ വിസ്ഡൺ അഭിപ്രായപ്പെട്ടു.[15]
1920ലാണ് ജാർഡീൻ തന്റെ കന്നി ഫസ്റ്റ് ക്ലാസ് മത്സരം കളിച്ചത്, ഈ സീസണിൽ എട്ടു മത്സരങ്ങളിൽ നിന്നായി രണ്ട് അർദ്ധ ശതകം ജാർഡീൻ നേടി. സർവകലാശാലയി പുരസ്കാരം നേറ്റിയ മികവിൽ ഓപ്പണിംഗ് ബാറ്റ്സ്മാനായി ഇറങ്ങിയ ജാർഡീന് പ്രതീക്ഷയ്ക്കൊത്ത പ്രകടനം കാഴ്ചവയ്ക്കാനായില്ല, ഇത് മുൻ വർഷം വിസ്ഡൺ നടത്തിയ അഭിപ്രായത്തെ സാധൂകരിക്കുന്നതായിരുന്നു.[15] എന്തായാലും ജാർഡീന്റെ ബാറ്റിംഗ് നിപുണത മികച്ചതായിരുന്നു, താൻ അമിത ശ്രദ്ധാലുവാണാന്ന് പറഞ്ഞ പല വിമർശകരും ബാറ്റിംഗ് മികച്ചതായി എന്ന് അഭിപ്രായപ്പെട്ടു.[23] കരിയറിന്റെ ഈ ഘട്ടത്തിലാണ് പല ശൈലികളും പരിമിതപ്പെടുത്തിയത്, മികച്ച രീതിയിൽ സുരക്ഷിതമായി ഷോട്ടുകൾ കളിയ്ക്കാനുള്ള അത്മവിശ്വാസക്കുറവുള്ളതായി തോന്നിപ്പിച്ചു. 22.64 ശരാശൈയോടേ സീസണിൽ ആകെ 217 റൺസാണ് അദ്ദേഹം നേടിയത്.[23][24] ഓക്സ്ഫോർഡിനു വേണ്ടി എസെക്സിനെതിരായ മത്സരത്തിൽ പന്തെറിഞ്ഞ ജാർഡീന്റെ ഒരു വരവിൽ ആറ് വിക്കറ്റുകളാണ് നേടിയത് 45 പന്തുകൾക്കിടയിലായിരുന്നൂ ഈ നേട്ടം, ഇന്നിംഗ്സിൽ 28 റൺസ് വഴങ്ങി ആറ് വിക്കറ്റാണ് സ്വന്ത പേരിൽ ജാർഡീൻ നേടിയത്. ജാർഡീന്റെ ക്രിക്കറ്റ് ജീവിതത്തിലെ ഏക അഞ്ച് വിക്കറ്റ് നേട്ടമായിരുന്നു ഇത്.[25][26]
എന്നാൽ 1921 ആയപ്പോഴേക്കും കൂടുതൽ ആത്മവിശ്വാസത്തോടെയും അനായാസേനയും കളിക്കാൻ ജാർഡീനും കഴിഞ്ഞു, നല്ല ഒരു തടുക്കമായിരുന്നു സീസണിന്റെ ആരംഭത്തിൽ ജാർഡീനു കിട്ടിയത്, ആദ്യ മൂന്ന് മത്സരങ്ങളിൽ നിന്നും മൂന്ന് അർദ്ധശതകങ്ങൾ നേടാൻ കഴിഞ്ഞു. ഇംഗ്ലണ്ട് പര്യടനത്തിനു വന്ന ഓസ്ട്രേലിയൻ ടീമിനെതിരെ ആധികാരികമായി തന്നെയാണ് ഓക്സ്ഫോർഡ് ടീം കളിച്ചത്. രണ്ടാം ഇന്നിംഗ്സിൽ 96 റൺസ് നേടി കളി വരുതിയിലാക്കിയെങ്കിലും ശതകം തികയ്ക്കാൻ ജാർഡീനു കഴിഞ്ഞില്ല. എന്നാൽ തന്നെയും ആ ഇന്നിംഗ്സ് കണ്ടവർ അദ്ദേഹത്തെ അഭിനന്ദിച്ചു. അടുത്ത മത്സരത്തിനു മുൻപ് വിശ്രമം വേണം എന്ന ആവിശ്യവുമായി മൂന്ന് ദിവസം ദൈർഘ്യമുള്ള മത്സരം ഓസ്ട്രേലിയയുടെ ആവിശ്യപ്രകാരം രണ്ട് ദിവസമായി ചുരുക്കിയത് ജാർഡീനു ശതകം നേടാനുള്ള അവസരം ബോധപൂർവ്വം ഓസ്ട്രേലിയക്കാർ ഒഴിവാക്കിയതാണെന്നു വിമർശനങ്ങളുയർന്നിരുന്നു.[27] എന്നാൽ ഓസ്ട്രേലിയക്കർ ചില എളുപ്പമുള്ള ബൗളിംഗിലൂടെ ജാർഡീന്റെ സ്കോർ ഉയർത്താൻ നോക്കിയെങ്കിലും ഗ്രൗണ്ടിലെ സ്കോർ ബോർഡിൽ വിവരങ്ങൾ കൃത്യമായി കാണിക്കാഞ്ഞത് ആശയക്കുഴപ്പം ഉണ്ടാക്കി. ഈയൊരു സംഭവമാകാം ജാർഡീനെ കടുത്ത ഓസ്ട്രേലിയൻ വിരോധിയാകിയതെന്നാണ് പൊതുവെയുള്ള അനുമാനം, എന്നാൽ ക്രിസ്റ്റഫ്ർ ഡഗ്ലസ് സംഗതി ഇതല്ലന്ന് നിഷേധിച്ചു.[28] ക്രിക്കറ്റ് നിരൂപകനായ ഡേവിഡ് ഫ്രിത്തിന്റെ വിശ്വാസമനുസരിച്ച് ഓസ്ട്രേലിയൻ നായകനായ വാർവിക് ആംസ്ട്രോംഗ് ജാർഡീനെ രൂക്ഷമായി പരിഹസിച്ചിരിക്കാം എന്നാണ്. പകെ വിസ്ഡന്റെ അഭിപ്രായ പ്രകാരം ജാർഡീന്റെ മെല്ലെപ്പോക്ക് നയമാണ് അദ്ദേഹത്തിനെ ശതകം നിഷേധിച്ചതെന്ന്. ഈ സെഞ്ച്വറി നഷ്ടത്തിൽ ഓസ്ട്രേലിയൻ ഭാരവാഹി ഖേദം പ്രകടിപ്പിച്ചിരുന്നു.[13] ഈ സമയം വരെ നിലവിലെ സീസണിലെ ഓസ്ട്രേലിയക്കെതിരെയുള്ള ഏറ്റവും മുന്തിയ സ്കോറായൈരുന്നു ഇത്, ആദ്യ ടെസ്റ്റിനു മുൻപ് ഇതിനേക്കായിലും കൂടുതൽ റൺസ് സ്കോർ ചെയ്ത ഒരിന്നിംഗ്സ് കൂടെയുള്ളായിരുന്നു. ജാർഡീന്റെ ഈ പ്രകടനം1921ലെ മത്സരത്തിൽ ടീമിലിടം നേടാനുള്ള സാധ്യത നൽകി. മിഡിൽസെക്സിന്റെ നായകനായ പ്ലം വാർനർ ദി ക്രിക്കറ്റർ എന്ന മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ ജാർഡീൻ ഓക്സ്ഫോർഡ് മത്സരം കഴിഞ്ഞുള്ള ആദ്യ ടെസ്റ്റിൽ കളിക്കേണ്ടവനാണേന്നു അഭിപ്രായപ്പെട്ടു. മറ്റൊരവസരത്തിൽ ജാർഡീൻ ബാറ്റുചെയ്യുന്നത് നേരിൽക്കണ്ട വാർനർ കൂടുതൽ സ്വാധീനിക്കുപ്പെട്ടു. ടെസ്റ്റ് ടീമിൽ ഉണ്ടോ ഇല്ലയോ എന്ന സമസ്യയിൽ കുറച്ച് നാൾ ഉണ്ടായിരുന്നെങ്കിലും ഒടുവിൽ തഴയപ്പെട്ടു,[29] ഇതിനിടയിൽ തന്റെ ആദ്യ ഫസ്റ്റ് ക്ലാസ് ശതകം ആർമിക്കെതിരായ മത്സരത്തിൽ ജാർഡീൻ നേടി, തൊട്ടടുത്ത മത്സരത്തിൽ സസെക്സിനെതിരായും സെഞ്ച്വറി നേട്ടം ആവർത്തിച്ഖു. ഈ രണ്ട് ഇന്നിംഗ്സിലും വളരെ ശ്രദ്ധാ പൂർവ്വമായി ബാറ്റു ചെയ്ത ജാർഡിൻ പ്രതിരോധത്തിലൂന്നിയ ഒരിന്നൊഗ്സാണ് കളിച്ഖത്, എന്നാൽ കേംബ്രിഡ്ജുമായുള്ള മത്സരത്തിൽ അദ്ദേഹം ശോഭിച്ചില്ല.[30] പരിക്കു പറ്റിയ ഓപ്പണിംഗ് ബാറ്റ്സ്മാനായ ജാക് ഹോബ്സിനു പകരക്കാരനായാണ് സുറൈ കൗണ്ടി ടീമിൽ ജാർഡീൻ എത്തിയത്, എന്നാൽ ഇവിടെ ബാറ്റിംഗ് ഓർഡറിൽ അഞ്ചാമതായാണ് ജാർഡിനവസരം ലഭിച്ചത്. സീസണിലെ കൗണ്ടി ജേതാക്കാളെ തീരുമാനിക്കുന്ന വിധിനിർണ്ണായക മത്സരത്തിൽ മിഡിൽസെക്സിനെതിരെ സമ്മർദ്ദത്തെ അതി ജീവിച്ച കളിച്ച ജാർഡീൻ ആദ്യ വിക്കറ്റുകൾ വീണതിനു ശേഷം നിലയുറപ്പിച്ച് നിർണ്ണായകമായി 55 റൺസ് നേടി, പക്ഷെ ഈ മത്സരത്തിൽ സുറൈ പരാജയപ്പെടുകയാണുണ്ടായത്.[31] 39.03 എന്ന ശരാശരിയോടെ 1,015 റൺസാണ് സീസണിൽ ജാർഡീൻ നേടിയത്,[24] ജാർഡീനിലടങ്ങിയ മുഴുവൻ കഴിവുകളും പുറത്തെടുത്തില്ല എന്നു തന്നെയായിരുന്ന് നിരൂപകരുടെ വിശ്വാസം.[32]
മുട്ടിനു പരിക്കേറ്റതിനെ തുടർന്ന് 1922ലെ സീസണിന്റെ ഭൂരിഭാഗവും ജാർഡീനു നഷ്ടമായി, നാലു മത്സരങ്ങൾ മികച്ച രീതിയിൽ കളിച്ച ജാർഡീൻ ഒരു നല്ല മുന്നേറ്റം നടത്തുന്നതിനിടയിലാണ് പരിക്ക് വില്ലനായത്.[24] ജാർഡീനു കേബ്രിഡ്ജുമായുള്ള അടുത്ത മത്സരം കളിയ്ക്കാൻ സാധിക്കുമോ എന്നുള്ളത് മാധ്യമങ്ങളിൽ ഒരു ചർച്ചയായി, എന്നാൽ ശാരീരക കുഴപ്പങ്ങളെ തുടർന്ന് ആ സീസണിൽ സുറൈക്കു വേണ്ടി മറ്റൊരു മത്സരം പോലും കളിയ്ക്കാൻ ജാർഡീനു കഴിഞ്ഞില്ല.[33] എന്നാൽ തന്നെയും ഐസിസ് മാസികയിലെ ആ വർഷത്തെ തിരഞ്ഞെടുക്കപ്പെട്ട ഒരു കളിക്കാരനാക്കൻ അദ്ദേഹത്തിനായി.[34] പരിക്കുകൾ ഭേദമായതിനെ തുടർന്ന് പിന്നീട് 1923ലെ സീസണിലാണ് ജാർഡീൻ ക്രിക്കറ്റിലേക്ക് മടങ്ങി വരുന്നത്. ഒക്സ്ഫോർഡിലെ അവസാന വർഷത്തിൽ ടീമിന്റെ നേതൃസ്ഥാനം ജാർഡീനു ലഭിച്ചില്ല, സഹകളിക്കരുമായുള്ള സൗഹൃദയില്ലായ്മ മൂലമാണ് ഈ സ്ഥാനം ലഭിക്കാഞ്ഞത് എന്നൊരു അനുമാനം പൊതുവെ ഉണ്ടായി.[35][36] പരിക്കിൽ നിന്നു മുക്തനായ ജാർഡീൻ ക്രമേണ തന്റെ ബാറ്റിംഗ് ഫോം വീണ്ടെടുത്തു, ഇത് കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ കേംബ്രിഡ്ജിനെതിരെ ആദ്യ ജയം നേടാൻ ഓക്സ്ഫോർഡീനു തുണയായി.[37] മറ്റൊരു മത്സരത്തിൽ വിക്കറ്റിനു നേരെ വരുന്ന പന്തുകളെ ബോധപൂർവ്വമായി പാഗ്ഗുപയോഗിച്ച് ജാർഡീൻ തട്ടിയകറ്റുന്നു എന്നൊരു വിമർശനം ഉണ്ടായി, അന്നത്തെക്കാലത്ത് ക്രിക്കറ്റ് നിയമങ്ങൾ ഇതിനെതിരല്ലായിരുന്നെങ്കിലും ജാർഡീന്റെ ഈ മനോഭാവം കളിയുടെ ഉത്സാഹം കെടുത്തും എന്നായിരുന്നു വിമർശനം. ക്രിസ്റ്റഫർ ഡഗ്ലസ് മാധ്യമങ്ങൾക്കു മുൻപിൽ ജർഡീന്റെ ഈ ദ്വ്വന്ദ സ്വഭാവത്തെ വിമർശിച്ചിരുന്നു.[38] പിന്നീടും പലതവണ ഓക്സ്ഫോർഡിൽ വച്ച് മെല്ലെപ്പോക്ക് ബാറ്റിംഗ് രീതിയെക്കുറിച്ച് ധാരാളം വിമർശനങ്ങൾ ജാർഡീനു കേൾക്കേണ്ടതായി വന്നു. ഭാഗികമായി ഇതിനുത്തരവാദി പലപ്പോഴും ജാർഡീന്റെ ചുമലിൽ ടീം അർപ്പിച്ച ഉത്തരവാദിത്തങ്ങളായിരുന്നു. പ്രകടമായ ഒരു തുടക്കം നൽകാൻ കഴിഞില്ല എന്നുള്ളതായിരുന്നു ഇത്ര വല്ലിയ ഒരു വിമർശനം നേരിടേണ്ടി വന്നതിനു പിന്നിൽ.[39] 1,381 റൺസും ആധുനിക ചരിത്രത്തിൽ ഒരു ബിരുദവും കൈക്കലാക്കികൊണ്ടാണ് 1923-ൽ ജാർഡീൻ ഓക്സ്ഫോർഡ് വിട്ടിറങ്ങിയത്.[20]
സുറൈക്കു വേണ്ടി ഈ സീസണിൽ കളിക്കാൻ മികച്ച ബാറ്റ്സ്മാന്മാരുണ്ടായിരുന്നതുകൊണ്ട് അയാസരഹിതമായി വ്യത്യസ്ത ശൈലിയിൽ ബാറ്റു ചെയ്യാൻ ജാർഡീനയി. അഞ്ചാമനായി ബാറ്റു ചെയ്യാനിറങ്ങിയ ജാർഡീൻ മികച്ച രീതിയിലാണ് കളിച്ചത്, സന്ദർഭമനുസരിച്ച് അക്രമണോത്സുക ബാറ്റിംഗും പ്രതിരോധത്തിലൂന്നിയ ബാറ്റിംഗും തിരഞ്ഞെടുക്കാൻ ജാർഡീന് കഴിഞ്ഞിരുന്നു. പ്രതിരോധത്തിലൂന്നിയ നീളമുള്ള ഇന്നിംഗ്സുകളും അക്രമണോത്സുക ബാറ്റിംഗ് വഴി വിക്കറ്റ് അനാവശ്യമായി കളഞ്ഞുകുളിച്ച ഇന്നിംഗ്സുകളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ജാർഡീന്റെ ബാറ്റിംഗിൽ നായകനായ പെർസി ഫെണ്ടർ കൂടുതൽ മതിപ്പുള്ളവനായിരുന്നു. സുറൈക്കു വേണ്ടി തന്റെ ആദ്യ ശതകം ജാർഡീൻ നേടിയത് യോർക്ഷയറിനെതിരെ ആയിരുന്നു. സീസണിൽ 38.16 ശരാശരിയോടുകൂടി 916 റൺസ് നേടിയ ജാർഡീനായിരുന്നു കൗണ്ടി തൊപ്പി ലഭിച്ചത്.[24][40][41]
ഓക്സ്ഫോർഡിലെ പഠനം പൂർത്തിയാക്കിയ ജാർഡീൻ സുറൈയിൽ കളിക്കുന്നതിനോടൊപ്പം ഒരു നിയമജ്ഞനാകനുള്ള തയ്യാറെടുപ്പകളും നടത്തി വന്നു. അടുത്ത മൂന്ന് വർഷങ്ങളിലും മികച്ച രീതിയിലായിരുന്നു ജാർഡീൻ എന്നാൽ പ്രഗൽഭരായ മ്റ്റു ബാറ്റ്സ്മാൻ മാരുടെ പ്രഭാവത്തിൻ ഈ പ്രകടനങ്ങൾക്ക് വേണ്ടത്ര ശ്രദ്ധേയത് കിട്ടിയില്ല. പുതു തലമുറയിലെ ബാറ്റ്സ്മാന്മാർ എന്ന പേരിലുള്ള പരിഗണ ഓക്സ്ഫൊർഡിലെ ജാർഡീന്റെ സഹകളിക്കാർക്ക് ജാർഡീനെക്കായിലും കൂടുതൽ മാധ്യമങ്ങളിൽ കിട്ടിയിരുന്നു.[42] 1924ലെ സീസണിൽ ജാർഡിനെ ഉപനായകാനായി നിയമിച്ചു. ക്രിക്കറ്റ് പ്രൊഫഷണലായ ജാക്ക് ഹോബ്സ് സുറൈ ടീമിൽ ഉണ്ടായിരുന്നിട്ട് കൂടിയും ഉപനായക പദവി നൽകിയത് വാസനാസിദ്ധനായ ജാർഡീനായിരുന്നു.[43] സീസണിലെ ശരാശരിയിൽ സുറൈയിലെ മൂന്നാം സ്ഥാനക്കാരനായ ജാർഡീന് വർഷാവർഷം സംഘടിപ്പിക്കുന്ന ജെന്റിൽമെനും പ്ലെയേഴ്സും തമ്മിലുള്ള മത്സരത്തിൽ കളിയ്കാൻ അവസരം കിട്ടി. 40.29 ശരാശരിയോടു കൂടി 1,249 റൺസാണ് ജാർഡീൻ ഫസ്റ്റ്-ക്ലാസ് മത്സരങ്ങളിൽ നിന്നായി നേടിയത്.[24] എന്നാൽ തൊട്ടടുത്ത വർഷം അത്രകണ്ട് ശോഭിക്കാൻ ജാർഡീനു കഴിഞ്ഞില്ല, 30.90 ശരാശരിയോടെ 1,020 റൺസ് നേടുകയുണ്ടായി ഇതിൽ എറ്റവും ഉയർന്ന സ്കോർ 87 ആയിരുന്നു.[24] ഇംഗ്ലണ്ടിന്റെ ഭാവി നായകാനാകാൻ പോകുന്ന ജാർഡിനായിരിക്കും ജെന്റിൽമെൻ ടീമിനെ നയിക്കുക എന്ന് പത്രങ്ങൾ പൽതും റീപ്പോർട്ട് ചെയ്തു എന്നാൽ അത് സംഭവിച്ചില്ല. എന്നാൽ സി.ഇ. മക്ലെവെഴ്സ് എന്ന പ്രാദേശിക ടീമിനു വേണ്ടി കളിയ്ക്കുന്നതിനിടയിൽ പരിക്കു പറ്റിയ ജാർഡിന് ജെന്റിൽമെനും പ്ലെയേഴ്സും തമ്മിൽ ലോഡ്സിൽ വച്ച് നടന്ന കലാശക്കളിയിൽ പങ്കെടുക്കാൻ സാധിച്ചില്ല.[44] ജാർഡീന്റെ ക്രിക്കറ്റ് ജീവിതത്തിലെ ഏറ്റവും മികച്ച കാലം 1926ലായിരുന്നു, 46.03 ശരാശരിയോടെ 1,473 റൺസാണ് അദ്ദേഹം ഈ സീസണിൽ നേടിയത്.[24] എന്നിരുന്നാലും ഇത്തവണയും മറ്റ് മുൻ നിരക്കളിക്കാരുടെ ആഷസിലെ പ്രകടനത്തിൽ ജാർഡീന്റെ ഈ നേട്ടം അത്ര കണ്ട് ശ്രദ്ധിക്കപ്പെട്ടില്ല. ഈ സീസണിന്റെ അവസാനത്തോടുകൂടി കൂടുതൽ ആകർഷണീയമായ ഷോട്ടുകൾ കളിക്കാനും സ്കോറിംഗ് നിരക്ക് ഉയർത്താനും ജാർഡീനു കഴിഞ്ഞു. പല അന്താരാഷ്ട്ര ബൗളർമാരെയും നേരിട്ടായിരുന്നു സീസണിലെ അവസാന പത്ത് ഇന്നിംഗ്സുകളിൽ നിന്നായി ജാർഡീൻ 538 റൺസ് നേടിയത്.[45]
തന്റെ ക്രിക്കറ്റ് ജീവിതത്തിലെ ഏറ്റവും ഉയർന്ന ശരാശരിയായ 91.09 ജാർഡീൻ നേടിയത് 1927-ലെ സീസണിലാണ്, ബാറ്റു ചെയ്യാൻ ദുഷ്കരമായ നനഞ്ഞ പിച്ചുകളിൽ നിന്ന് ഈ സീസണിൽ മൊത്തം 1,002 റൺസാണ് അദ്ദേഹം സ്വന്തം പേരിൽ കുറിച്ചത്.[15][24] ജാർഡീൻ തന്റെ ശൈലിയും ഫുട്‌വർക്കും മികച്ചതാക്കിയെന്ന അഭിപ്രായപ്പെട്ട വിസ്ഡൺ ആ വർഷത്തെ മികച്ച ക്രിക്കറ്റ് കളിക്കാരുടെ പട്ടികയിൽ ജാർഡീനെയും ഉൾപ്പെടുത്തി.[15] ബാരിംഗ്സ് ബാങ്കിലെ ഗുമസ്തപണി ഏറ്റെടുത്തിരുന്ന ജാർഡീന് ആക്കൊല്ലം പതിനൊന്ന് മത്സരങ്ങൾ മാത്രമേ കളിയ്ക്കാൻ കഴിഞ്ഞിരുന്നുള്ളു.[20][46] മികച്ച രീതിയിൽ പരീശീലനം നടത്താഞ്ഞിട്ടുകൂടി ആദ്യ മൂന്ന് മത്സരങ്ങളിലും ശതകം നേടിയ ജാർഡീൻ സുറൈയിലെ ഏറ്റവും മുന്തിയ ശരാശരിയുള്ള ബാറ്റ്സമാനായി.[46] He ജെന്റിൽമാനും പ്ലെയേഴ്സും തമ്മിൽ ലൊഡ്സിൽ നടന്ന് മത്സരത്തിൽ ജാർഡീന്റെ ശതകനേട്ടം ലോർഡ്സിലെ അംഗങ്ങളെ സ്വാധീനിച്ചു, തന്മൂലം റെസ്റ്റിനെതിരെയുള്ള പരിശീലന മത്സരത്തിൽ ഇംഗ്ലണ്ടിൽ ടീമിൽ അംഗമാകാൻ ജാർഡീനു കഴിഞ്ഞു. ഈ മത്സരത്തിന്റെ അവസാന നിമിഷം പേഴ്സി ചാപ്മാനിൽ നിന്നും നേതൃത്തം ഏറ്റെടുത്ത ജാർഡീന്റെ പ്രകടനം വളരെ അധികം അംഗീകരിക്കപ്പെട്ടിരുന്നു.[47] ഈ സാഹചര്യത്തിൽ ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടന ടീമിൽ ജാർഡീന്റെ സ്ഥാനം ഏറെക്കുറെ ഉറപ്പായി.[15]
1928 ലെ ജാർഡിന്റെ ബാറ്റിംഗ് പ്രകടനം കഴിഞ്ഞ സീസണിലേതു പോലെ തന്നെയായിരുന്നു. 14 മത്സരങ്ങളിൽ നിന്നായി 87.15 ശരാശരിയിൽ 1133 റണ്ണുകൾ അദ്ദേഹം നേടി.[24] ഉയർന്ന മാന്യതയുള്ള മത്സരങ്ങളിലും അദ്ദേഹത്തിന് വിജയിക്കാനായി. മാന്യന്മാർക്കു വേണ്ടി അദ്ദേഹം ഓവലിൽ 193 റണ്ണുകൾ നേടി. ആ മത്സരത്തിലെ അദ്ദേഹത്തിന്റെ പതിഞ്ഞ തുടക്കത്തിനെ കാണികൾ കളിയാക്കലുകളോടെ സ്വീകരിച്ചു. ഒരവസരത്തിൽ അദ്ദേഹം രണ്ട് റണ്ണുകളെടുക്കാനായി അര മണിക്കൂർ സമയം ക്രീസിൽ ചിലവഴിച്ചു. എന്നാൽ അവസാന അമ്പത് റണ്ണുകൾ അര മണിക്കൂറിനുള്ളിൽ അടിച്ചെടുത്ത് അദ്ദേഹം കാണികളെ രസിപ്പിച്ചു.[48] അതേ ടീമിനു വേണ്ടിത്തന്നെ അദ്ദേഹം ലോർഡ്സിൽ വെച്ച് രണ്ടിന്നിംഗ്സുകളിലായി 86 ഉം 40 ഉം റണ്ണുകളെടുത്തു.[49] ഇംഗ്ലണ്ടിനെതിരായുള്ള മത്സരത്തിൽ അദ്ദേഹം റെസ്റ്റ് ഓഫ് ഇംഗ്ലണ്ട് നെ (The Rest) നയിച്ചു. ആ മത്സരത്തിൽ രണ്ടിന്നിംഗ്സിലും അദ്ദേഹമായിരുന്നു ഏറ്റവും കൂടുതൽ റണ്ണുകൾ നേടിയത്. നാലാം ഇന്നിംഗ്സിൽ അദ്ദേഹം 74 റണ്ണുകളെടുത്ത് പുറത്താകാതെ നിന്നു. വിഷമമുള്ള പിച്ചിനേയും അന്താരാഷ്ട്ര ബൗളർമാരായ മൗറിസ് ടേറ്റും ഹാരോൾഡ് ലാർവുഡും അടങ്ങുന്ന ഇംഗ്ലണ്ട് നിരയേയും പ്രതിരോധിച്ച ആ പ്രകടനം മൂലം ടീം തോൽവിയിൽ നിന്ന് രക്ഷപ്പെടുകയും മത്സരം സമനിലയിൽ അവസാനിക്കുകയും ചെയ്തു.[50]
ഈ മത്സരത്തിനു ശേഷം, വളരെ പെട്ടെന്നു തന്നെ അദ്ദേഹം തന്റെ ആദ്യ ടെസ്റ്റ് മത്സരം കളിച്ചു. ആ വർഷത്തിൽ ഇംഗ്ലണ്ട് സന്ദർശിച്ച വെസ്റ്റ് ഇൻഡീസിനെതിരെയായിരുന്നു ആ മത്സരം. വെസ്റ്റ് ഇൻഡീസിന്റെ ആദ്യ ടെസ്റ്റ് മത്സരവും അതായിരുന്നു. ധാരാളം ഫാസ്റ്റ് ബൗളർമാരടങ്ങിയ ഒരു ടീമായിരുന്നു വെസ്റ്റ് ഇൻഡീസ്. ഇംഗ്ലണ്ട് പര്യടനത്തിൽ വെസ്റ്റ് ഇൻഡ്യൻ ഫാസ്റ്റ് ബൗളർമാർ മികച്ച പ്രകടനം കാഴ്ചവെച്ചു. പല ബാറ്റ്സ്മാന്മാരും വളരെ കഷ്ടപ്പെട്ടാണ് അവർക്കെതിരെ ബാറ്റ് ചെയ്തിരുന്നത്, പ്രത്യേകിച്ചും ഫാസ്റ്റ് ബൗളിംഗിനെ തുണക്കുന്ന പിച്ചുകളിൽ. എന്നാൽ ജാർഡിൻ അവരെ സധൈര്യം നേരിട്ടു.[51] ആദ്യ രണ്ട് മത്സരങ്ങളിലും ജാർഡിൻ കളിച്ചിരുന്നു. ആ മത്സരങ്ങളിൽ ഇംഗ്ലണ്ട് ഇന്നിംഗ്സ് വിജയം നേടി. എന്നാൽ അറിയപ്പെടാത്ത കാരണത്താൽ അദ്ദേഹത്തിന് മൂന്നാം മത്സരം നഷ്ടമായി. അദ്ദേഹം തന്റെ ആദ്യ മത്സരത്തിൽ 22 റണ്ണുകളെടുത്തു.[52] രണ്ടാം മത്സരത്തിലായിരുന്നു അദ്ദേഹം കൂടുതൽ തിളങ്ങിയത്. സംഘർഷഭരിതമായ 83 റണ്ണുകൾ അദ്ദേഹം നേടി.[52] അദ്ദേഹം 26 ൽ നിൽക്കുമ്പോൾ റണ്ണിനായുള്ള ഓട്ടത്തിനിടയിൽ വിക്കറ്റുകൾ വീണിരുന്നു. എന്നാൽ അദ്ദേഹത്തിന് നോട്ട് ഔട്ട് നൽകപ്പെട്ടു. ആ കാലത്ത്, ഒരു ഷോട്ട് പൂർത്തിയാക്കിയതിനു ശേഷം ഓട്ടത്തിനിടയിൽ വിക്കറ്റുകൾ വീണാൽ ആ ബാറ്റ്സ്മാൻ പുറത്താകുമായിരുന്നില്ല.[53] അവസാനം ജാർഡിൻ, ടേറ്റിനാൽ റണ്ണൗട്ടാകപ്പെട്ടു. ടേറ്റുമായി അദ്ദേഹം നല്ല ബന്ധത്തിലായിരുന്നില്ല. ഇംഗ്ലണ്ടിനു വേണ്ടി അവർ രണ്ടുപേരും ഒരുമിച്ച് ബാറ്റ് ചെയ്യുമ്പോൾ, ടേറ്റ് റണ്ണിനായി ഓടാൻ വിസ്സമ്മതിച്ചതിനാലാണ് ജാർഡിൻ ആ മത്സരത്തിൽ റണ്ണൗട്ടായത്.[48][54]
1928 - 29 ലേക്കുള്ള ഓസ്ട്രേലിയൻ പര്യടനത്തിലേക്ക് ജാർഡിൻ തിരഞ്ഞെടുക്കപ്പെട്ടു. അതിശക്തമായ ബാറ്റിംഗ് നിരയായിരുന്നു ഇംഗ്ലണ്ടിന്റേത്.[55] എന്നാൽ ജാർഡിൻ അഞ്ച് മത്സരവും കളിക്കുകയും 42.62 ശരാശരിയിൽ 341 റണ്ണുകളെടുക്കുകയും ചെയ്തു.[56] എല്ലാ ഫസ്റ്റ് - ക്ലാസ്സ് മത്സരങ്ങളിലും നിന്നായി അദ്ദേഹം 64.88 ശരാശരിയിൽ 1168 റണ്ണുകളെടുത്തു.[24] പര്യടനത്തിനുള്ള അഞ്ചംഗ തിരഞ്ഞെടുപ്പ് കമ്മിറ്റിയിൽ അംഗമായിരുന്നു അദ്ദേഹം. ടീം ഏതൊക്കെ മത്സരങ്ങളിൽ കളിക്കണമെന്ന് മാത്രമേ കമ്മിറ്റി തീരുമാനിച്ചിരുന്നുള്ളൂ, കളിക്കാരെ തിരഞ്ഞെടുത്തിരുന്നില്ല.[57] എല്ലാവരേയും അമ്പരപ്പിച്ചിരുന്നതു പോലെ അദ്ദേഹം തന്റെ പ്രതിരോധാത്മക ഷോട്ടുകളിലും ബാക്ക് ഫുട്ട് ഷോട്ടുകളിലും വൻവിജയമായിരുന്നുവെന്ന് വിസ്ഡൺ വിധിയെഴുതി. അദ്ദേഹം ചില വളരെ നല്ല ഇന്നിംഗ്സുകൾ കളിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.[58] ജാർഡിന് ഒരിക്കലും ഒരു സാധാരണ ടെസ്റ്റ് ഇന്നിംഗ്സ് കളിക്കാൻ കഴിഞ്ഞിട്ടില്ലെന്നും പ്രതിസന്ധി ഘട്ടത്തിലാണ് അദ്ദേഹമെപ്പോഴും ബാറ്റ് ചെയ്തിരുന്നതെന്നും, പര്യടനം റിപ്പോർട്ട് ചെയ്യുന്ന പത്രപ്രവർത്തകനായ പേഴ്സി ഫെൻഡർ വിശ്വസിച്ചു.[59]
പര്യടനം തുടങ്ങുമ്പോൾ ജാർഡിനായിരുന്നു പരമ്പരയുടെ ശ്രദ്ധാകേന്ദ്രം. തുടർച്ചയായ മൂന്ന് ശതകങ്ങളോടെയാണ് അദ്ദേഹം പരമ്പര ആരംഭിച്ചത്. ഓസ്ട്രേലിയയുടെ മുന്നിലുള്ള ഏറ്റവും വലിയ ഭീഷണിയായി ജാർഡിനെ കരുതി.[60] അദ്ദേഹം ആദ്യ ശതകം നേടിയ മത്സരത്തിൽ ഓസ്ട്രേലിയൻ കാണികൾ അദ്ദേഹത്തെ കളിയാക്കുന്നതിൽ വ്യാപൃതരായിരുന്നു. രണ്ടാം ശതകം നേടിയ മത്സരത്തിൽ അദ്ദേഹത്തിന്റെ വേഗത കുറഞ്ഞ ബാറ്റിംഗിനെ ഓസ്ട്രേലിയൻ കാണികൾ കൂക്കിവിളികളോടെയാണ് സ്വീകരിച്ചത്. താൻ കണ്ട മികച്ച ഷോട്ടുകളുടെ പ്രദർശനമായിരുന്നു അതെന്ന് ജാർഡിന്റെ മൂന്നാം ശതകത്തെപ്പറ്റി ബ്രാഡ്മാൻ അഭിപ്രായപ്പെട്ടു. മൂന്നാം ശതകത്തിന്റേയും തുടക്കം പതുക്കെയായിരുന്നെങ്കിലും അതിനു ശേഷം അദ്ദേഹം ഇന്നിംഗ്സിന് വേഗത കൂട്ടി.[61] കാണികൾക്ക് അദ്ദേഹത്തിനോടുള്ള രോഷം കൂടി വന്നു. ഈ രോഷത്തിനുള്ള പ്രധാന കാരണങ്ങൾ, അദ്ദേഹത്തിന്റെ മേധാവിത്വ മനോഭാവം, അദ്ദേഹത്തിന്റെ നല്ലതല്ലാത്ത ഫീൽഡിംഗ്, അദ്ദേഹം തലയിലണിയാറുള്ള തൊപ്പി എന്നിവയായിരുന്നു.[62] അദ്ദേഹം, ദക്ഷിണ ഓസ്ട്രേലിയൻ ടീമിലെ കളിക്കാരെ ഓക്സ്ഫോർഡ് സർവകലാശാലയിലോ കേംബ്രിഡ്ജ് സർവകലാശാലയിലോ തിരഞ്ഞെടുത്തിരുന്നില്ല. ഓക്സ്ഫോർഡിലെ നല്ല കളിക്കാർക്ക് കൊടുത്തിരുന്ന ഹാർലെക്വിം തൊപ്പികളാണ് അദ്ദേഹം ധരിച്ചിരുന്നത്. ഓക്സ്ഫോർഡിലേയും കേംബ്രിഡ്ജിലേയും കളിക്കാർ ഇത്തരം തൊപ്പികൾ ധരിച്ച് ബാറ്റ് ചെയ്തിരുന്നു. ആ പര്യടനത്തിൽ ജാർഡിനും എം. സി. സി. നായകൻ പേഴ്സി ചാപ്മാനും അത്തരം തൊപ്പികൾ ധരിച്ച് ബാറ്റ് ചെയ്തിരുന്നു. എന്നാൽ ഫീൽഡിംഗിനിടയിൽ ഇത്തരം തൊപ്പികൾ ധരിക്കുന്നത് യാഥാസ്ഥിതികമായിരുന്നില്ല. എന്നാൽ ഈ സമ്പ്രദായം ഓസ്ട്രേലിയൻ കാണികൾക്ക് അപരിചിതവും അസ്വീകാര്യവുമായിരുന്നു. ജാർഡിന്റെ തൊപ്പി, ആ പരമ്പരയിൽ മുഴുവനും അദ്ദേഹത്തെ കളിയാക്കാനുള്ള ഒരു ആയുധമായി ഓസ്ട്രേലിയൻ കാണികൾ കണ്ടു.[63][64] ഓസ്ട്രേലിയൻ കാണികളോട് നല്ല രീതിയിൽ പെരുമാറിയിരുന്നെങ്കിൽ അവർക്കു മേൽ ജാർഡിന് വിജയം കൈവരിക്കാമായിരുന്നുവെന്ന് ജാക്ക് ഫിംഗിൾട്ടൺ പിന്നീട് പ്രസ്താവിച്ചു.[65] ഈ സംഭവം മുതൽ ജാർഡിന്റെ മനസ്സിൽ ഓസ്ട്രേലിയയോടുള്ള വെറുപ്പ് അധികരിച്ചു. സറേ ക്രിക്കറ്റ് ക്ലബ്ബിൽ അദ്ദേഹം സാധാരണയായി സ്ലിപ്പുകളിലാണ് ഫീൽഡ് ചെയ്തിരുന്നത്. ബാറ്റ്സ്മാന് അടുത്തായി ഫീൽഡ് ചെയ്യാൻ ധാരാളം നല്ല ഫീൽഡർമാരുണ്ടായിരുന്നതിനാൽ ആ പരമ്പരയിൽ അതിർത്തിവരക്കടുത്തായാണ് ജാർഡിൻ ഫീൽഡ് ചെയ്തത്. അദ്ദേഹത്തിന്റെ മോശമായ ഫീൽഡിംഗിനെ കാണികൾ സ്ഥിരമായി കളിയാക്കിക്കൊണ്ടിരുന്നു. പ്രത്യേകിച്ചും പന്ത് പിടിക്കാനായി ഓടുമ്പോൾ.[66] ഒരു ടെസ്റ്റ് മത്സരത്തിൽ, അതിർത്തിവരക്കടുത്തായി ഫീൽഡ് ചെയ്യുമ്പോൾ അദ്ദേഹം ഓസ്ട്രേലിയൻ കാണികൾക്ക് നേരെ തുപ്പി. അവസാനം അദ്ദേഹത്തെ ആ സ്ഥാനത്തു നിന്ന് മാറ്റി.[62]
ആദ്യ ടെസ്റ്റിൽ ജാർഡിൻ 35 ഉം പുറത്താകാതെ 65 ഉം റണ്ണുകൾ നേടി.[52] 108 റണ്ണെടുക്കുന്നതിനിടെ 3 വിക്കറ്റുകൾ നഷ്ടപ്പെട്ട് തകർച്ചയുടെ വക്കിലായിരുന്ന ഇംഗ്ലണ്ടിനെ ജാർഡിന്റെ ഇന്നിംഗ്സാണ് ശക്തമായ ഒരു നിലയിലെത്തിച്ചത്. ഓസ്ട്രേലിയൻ സ്പിന്നർമാരായ ക്ലാരി ഗ്രിമ്മെറ്റിനേയും ബെർട്ട് അയേൺമോംഗറേയും നേരിടാൻ അദ്ദേഹം വിഷമിച്ചു. അയേൺമോംഗർ പന്ത് എറിയുകയായിരുന്നുവെന്ന് ജാർഡിൻ വിശ്വസിച്ചു. ഈ ബൗളർ കായികജീവിതത്തിൽ മുഴുവനായും അദ്ദേഹത്തിന് ഭീഷണിയായിരുന്നു.[67] ഹാരോൾഡ് ലാർവുഡിന്റെ മികച്ച ബൗളിംഗ് മൂലം ഇംഗ്ലണ്ട് മികച്ചൊരു ആദ്യ ഇന്നിംഗ്സ് ലീഡ് നേടി. ജാർഡിൻ തന്റെ ഇന്നിംഗ്സിനിടയിൽ ധാരാളം ഒരു റണ്ണുകൾ (സിംഗിളുകൾ) നേടിക്കൊണ്ട് കൂട്ടുകാരന് ബാറ്റ് ചെയ്യാൻ അവസരം കൂടുതലായി നൽകിക്കൊണ്ടിരുന്നു. ആ മത്സരത്തിൽ ഇംഗ്ലണ്ട് 675 എന്ന വലിയ വ്യത്യാസത്തിൽ വിജയിച്ചു.[68] ഈ വിജയം ഓസ്ട്രേലിയൻ കാണികളെ അത്ഭുതപ്പെടുത്തുകയും അതുപോലെത്തന്നെ നിരാശപ്പെടുത്തുകയും ചെയ്തു.[57] രണ്ടാം മത്സരത്തിലും ജാർഡിൻ ഒന്നാം ടെസ്റ്റിലേതിനു സമാനമായ ഇന്നിംഗ്സാണ് കളിച്ചത്. ഇംഗ്ലണ്ടിനെ ആ കളിയിലും പരിതാപകരമായ അവസ്ഥയിൽ നിന്നും രക്ഷിച്ചത് ജാർഡിന്റേയും കൂടെ വാലി ഹാമണ്ടിന്റേയും ബാറ്റിംഗാണ്. ആ മത്സരത്തിൽ ജാർഡിന് ഒരു ഇന്നിംഗ്സ് മാത്രമേ ബാറ്റ് ചെയ്യേണ്ടതായി വന്നുള്ളൂ. ആ മത്സരം ഇംഗ്ലണ്ട് എട്ട് വിക്കറ്റുകൾക്ക് വിജയിച്ചു.[69] മൂന്നാം മത്സരത്തിൽ ജാർഡിൻ 62 റണ്ണുകളെടുത്ത്,[52] ഇരട്ടശതകം നേടിയ വാലി ഹാമണ്ടിന് മികച്ച പിന്തുണ നൽകി. ഇംഗ്ലണ്ടിനു മുന്നിൽ 332 എന്ന വലിയൊരു വിജയലക്ഷ്യം ഓസ്ട്രേലിയ വെച്ചു. മഴമൂലം നശിപ്പിക്കപ്പെട്ട പിച്ചിൽ അതൊരു വലിയൊരു ലക്ഷ്യമായിരുന്നു. ഇംഗ്ലണ്ടിന്റെ ബാറ്റിംഗിൽ ജാക് ഹോബ്സും ഹെർബെർട്ട് സറ്റ്ക്ലിഫും ചേർന്നുള്ള ആദ്യ വിക്കറ്റ് കൂട്ടുകെട്ട് 105 റണ്ണുകൾ സ്കോർബോർഡിലേക്ക് ചേർത്തു. ആ പ്രശസ്ത കൂട്ടുകെട്ടിനിടയിൽ ജാക് ഹോബ്സ്, അടുത്തതായി ജാർഡിനെ ബാറ്റ് ചെയ്യാൻ ഇറക്കണമെന്ന് ടീമിനോട് ആവശ്യപ്പെട്ടു. സാധാരണയായി അദ്ദേഹം അവസാന സമയങ്ങളിലാണ് ബാറ്റ് ചെയ്യാൻ ഇറങ്ങാറുള്ളതെങ്കിലും നിലവിലുണ്ടായിരുന്ന സാഹചര്യത്തെ അതിജീവിക്കാൻ ഏറ്റവും നല്ലത് ജാർഡിൻ തന്നെയായിരുന്നു. ഹോബ്സ് പുറത്തായപ്പോൾ ജാർഡിൻ ബാറ്റ് ചെയ്യാൻ ഇറങ്ങി. ആ പിച്ചിൽ ബാറ്റ് ചെയ്യുന്നത് വിഷമകരമായിരുന്നെങ്കിലും അദ്ദേഹം അന്നത്തെ ദിവസത്തെ കളി അവസാനിപ്പിക്കുന്നതു വരെ പുറത്താകാതെ ടീമിനെ രക്ഷിച്ചു. അത്തരം സാഹചര്യങ്ങളെ അതിജീവിക്കാൻ കഴിവുള്ള തന്റെ ടീമിലെ ഒരേയൊരു ബാറ്റ്സ്മാൻ ജാർഡിൻ മാത്രമായിരിക്കുമെന്ന് പേഴ്സി ഫെൻഡർ വിശ്വസിച്ചു. അടുത്ത ദിവസം അദ്ദേഹം 33 റണ്ണുകൾ നേടി. ഇംഗ്ലണ്ട് ആ മത്സരം മൂന്ന് വിക്കറ്റുകൾക്ക് ജയിച്ചു.[70]
ടാസ്മാനിയയിലേക്ക് നടത്തിയ ഒരു ചെറിയ പര്യടനത്തിൽ അദ്ദേഹം തന്റെ ഏറ്റവും ഉയർന്ന ഫസ്റ്റ് ക്ലാസ്സ് സ്കോറായ 214 നേടി.[71] നാലാം ടെസ്റ്റ് വളരെ കഠിനമായിരുന്നു. ആദ്യ ഇന്നിംഗ്സിൽ അദ്ദേഹം ഒരു റൺ മാത്രമേ നേടിയുള്ളൂ.[52] അദ്ദേഹം വിക്കറ്റിനു മുന്നിൽ കുടുങ്ങുകയായിരുന്നു.[59] രണ്ടാം ഇന്നിംഗ്സിൽ 21 റണ്ണുകൾ നേടുന്നതിനിടെ 2 വിക്കറ്റുകൾ പോയി ഇംഗ്ലണ്ട് തകർന്നു നിൽക്കുന്ന സമയത്താണ് അദ്ദേഹം ബാറ്റ് ചെയ്യാനെത്തിയത്. ഹാമണ്ടിനോടൊപ്പമുള്ള അദ്ദേഹത്തിന്റെ കൂട്ടുകെട്ട് 262 റണ്ണുകൾ നേടി. അതിൽ 98 റണ്ണുകളും അദ്ദേഹത്തിന്റെ സംഭാവനയായിരുന്നു. ആ സമയത്തെ ടെസ്റ്റ് മത്സരങ്ങളിലെ ഏറ്റവും ഉയർന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് അതായിരുന്നു. അദ്ദേഹം വളരെ പതുക്കെയാണ് റണ്ണുകൾ നേടിയിരുന്നത്. എന്നാൽ ഹാമണ്ടിനേക്കാൾ വേഗത ഉണ്ടായിരുന്നെങ്കിൽ കൂടിയും കാണികൾ അദ്ദേഹത്തെ ബാറ്റിംഗിലുടനീളം കളിയാക്കിക്കൊണ്ടിരുന്നു. ആ മത്സരം, ഇംഗ്ലണ്ട് 12 റണ്ണുകൾക്ക് നേടി.[72][73]
ഓസ്ട്രേലിയ ജയിച്ച അവസാന ടെസ്റ്റിൽ ജാർഡിന് തിളങ്ങാൻ സാധിച്ചില്ല. സറ്റ്ക്ലിഫിന് പരിക്കായിരുന്നതു കൊണ്ട് ഓപ്പണറായാണ് അദ്ദേഹം ബാറ്റ് ചെയ്യാനിറങ്ങിയത്. ആദ്യ ഇന്നിംഗ്സിൽ 19 റണ്ണുകൾ നേടാനേ അദ്ദേഹത്തിന് സാധിച്ചുള്ളൂ. രണ്ടാം ഇന്നിംഗ്സിൽ നേരിട്ട ആദ്യ പന്തിൽ തന്നെ അദ്ദേഹം പുറത്തായി.
അതിനു ശേഷം അദ്ദേഹം ഓസ്ട്രേലിയൻ കാണികളെപ്പറ്റി പരാതിപ്പെട്ടു. അതേസമയം അവരുടെ അറിവിനെ പുകഴ്ത്തുകയും ചെയ്തു. അവർ ഇംഗ്ലീഷ് കാണികളേക്കാൾ അറിവുള്ളവരാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.[52][74] വാണിജ്യപരമായ ഉത്തരവാദിത്തങ്ങൾ ഉണ്ടായിരുന്നതിനാൽ അദ്ദേഹം 1929 സീസണിൽ ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റ് കളിച്ചില്ല.[24][75]
1930 ലെ സീസണിന്റെ തുടക്കത്തിൽ, ജാർഡിനു മുന്നിൽ സറേയുടെ ഉപനായകസ്ഥാനം വെച്ച് നീട്ടി. എന്നാൽ അദ്ദേഹം വ്യാപാര സംബന്ധമായ കാര്യങ്ങളിൽ വ്യാപൃതനായതിനാൽ ആ സ്ഥാനം സ്വീകരിക്കാനായില്ല. ആ സീസണിൽ അദ്ദേഹം വെറും 9 മത്സരങ്ങൾ മാത്രമേ കളിച്ചുള്ളൂ. ഒരു ശതകവും ഒരു അർധശതകവുമുൾപ്പടെ 36.54 ശരാശരിയിൽ 402 റണ്ണുകളായിരുന്നു അദ്ദേഹത്തിന്റെ ആ സീസണിലെ സമ്പാദ്യം.[24] ആ സീസണിൽ അദ്ദേഹത്തിന് ടെസ്റ്റ് ടീമിൽ ഇടം നേടാനുള്ള ഒരു സാധ്യതയുമുണ്ടായിരുന്നില്ല. അപ്പോഴത്തെ ഇംഗ്ലീഷ് ബാറ്റിംഗ് നിര വളരെ മോശമായിരുന്നതിനാൽ അദ്ദേഹത്തിന്റെ അസാന്നിധ്യം ടീമിന് ഒരു നഷ്ടം തന്നെയായിരുന്നു. ബോബ് വ്യാട്ടിന്റെ ആഗ്രഹത്തിനനുസരിച്ച് അവസാന ടെസ്റ്റിൽ നിന്നും ചാപ്മാൻ തഴയപ്പെട്ടു.[76][77] ജാർഡിൻ നന്നായി കളിക്കുന്നുണ്ടെന്നും അവസാന ടെസ്റ്റിൽ നായകനായി അദ്ദേഹത്തെ നിയമിക്കണമെന്നും ആ അവസരത്തിൽ ക്രിസ്റ്റഫർ ഡഗ്ലസ് വാദിച്ചു. ഡൊണാൾഡ് ബ്രാഡ്മാനായിരുന്നു ആ പരമ്പരയിലെ താരം. ആ പരമ്പരയിൽ അദ്ദേഹം 974 റണ്ണുകൾ നേടി. ഈ പ്രശ്നം നേരിടാൻ പുതിയ തന്ത്രങ്ങൾ കണ്ടെത്തേണ്ടിയിരിക്കുന്നു എന്ന് ഇംഗ്ലീഷ് ടീം തിരഞ്ഞെടുപ്പ് സമിതി ചിന്തിച്ചു തുടങ്ങി.[78] ബ്രാഡ്മാനെ ഉപയോഗിച്ച് ആ ആഷസ് പരമ്പര ഓസ്ട്രേലിയ 2-1 ന് തിരിച്ചുപിടിച്ചു.
1931 ലെ സീസണിൽ അദ്ദേഹം പൂർണ്ണമായും പങ്കെടുത്തു. ജൂണിൽ ന്യൂസിലൻഡിനെതിരായ പരമ്പരയിലെ നായകനായി ജാർഡിൻ തിരഞ്ഞെടുക്കപ്പെട്ടു. 1932-33 ലെ ഓസ്ട്രേലിയൻ പര്യടനത്തിന് അനുയോജ്യനായ നായകനെ തിരഞ്ഞെടുക്കാനുള്ള തത്രപ്പാടിലായിരുന്നു ഇംഗ്ലീഷ് ടീം തിരഞ്ഞെടുപ്പ് സമിതി. ബ്രാഡ്മാൻ ഉൾപ്പെടുന്ന ഓസ്ട്രേലിയയുടെ ശക്തമായ ബാറ്റിംഗ് നിര അവരിൽ ഉൾക്കിടലമുണ്ടാക്കിയിരുന്നു. നായകൻ എന്ന നിലയിൽ മാത്രമല്ല ഒരു തികഞ്ഞ, വിശ്വസിക്കാവുന്ന ബാറ്റ്സ്മാൻ എന്ന നിലയിലും അദ്ദേഹം ടീമിൽ തിരഞ്ഞെടുക്കപ്പെടണമെന്ന് ക്രിസ്റ്റഫർ ഡഗ്ലസ് ചിന്തിച്ചു.[79] ജാർഡിൻ തിരഞ്ഞെടുക്കപ്പെട്ടത് മറ്റുള്ളവർ ടീമിൽ സ്ഥിരത നിലനിർത്താൻ കഴിവില്ലാത്തവരോ വയസ്സായവരോ വിവാദങ്ങളിൽ പെട്ടവരോ ആയതിനാലായിരുന്നുവെന്ന് അലൻ ഗിബ്സൺ വിശ്വസിച്ചു.[80] മാത്രവുമല്ല അദ്ദേഹം തിരഞ്ഞെടുപ്പ് സമിതിയുടെ തലവനായ പ്ലം വാർണറെ സന്തോഷിപ്പിച്ചിരുന്നു. ജാർഡിന്റെ ക്രിക്കറ്റ് ചരിത്രത്തെക്കുറിച്ചും ക്രിക്കറ്റിനെക്കുറിച്ചുമുള്ള അറിവ്, തിരഞ്ഞെടുപ്പ് യോഗങ്ങളിൽ കൃത്യമായ കളിക്കാരനെ ടീമിലേക്ക് തിരഞ്ഞെടുക്കാൻ വളരെയധികം സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.[81] ജാർഡിന്റെ നായകനായുള്ള അവരോധനത്തിന് പ്രേരിപ്പിച്ചിരുന്ന ശക്തി വാർണർ തന്നെയാണെന്ന് തെളിയിക്കുന്നതായിരുന്നു ആ വാക്കുകൾ.[82]
നായകനായുള്ള ആദ്യ മത്സരത്തിൽ തന്നെ ജാർഡിൻ, പല കളിക്കാരുമായി ഇടഞ്ഞു. നായകന്റെ സമ്പ്രദായത്തോട് ഫ്രാങ്ക് വൂളിക്ക് താല്പര്യമുണ്ടായിരുന്നില്ല. മത്സരത്തിനിടെ ഉണ്ടായ ഒരു സംഭവത്തിന്റെ പേരിൽ അദ്ദേഹം രണ്ട് പുതുമുഖ ബൗളർമാരായ ഇയാൻ പീബിൾസിനേയും വാൾട്ടർ റോബിൻസിനേയും ശക്തമായി താക്കീത് ചെയ്തു.[83] ഇംഗ്ലണ്ടിലെ ആദ്യ മത്സരത്തിൽ ന്യൂസിലൻഡ് വളരെ നന്നായി കളിച്ചു. രണ്ട് ടീമിനും മത്സരം ജയിക്കാം എന്ന സ്ഥിതി വന്നു. നാലാം ഇന്നിംഗ്സിൽ ജയിക്കാനായി വേഗത്തിൽ കളിക്കാൻ ബാറ്റ്സ്മാന്മാരെ നിർദ്ദേശിച്ചില്ല എന്ന കാരണത്താൽ ജാർഡിൻ ധാരാളം വിമർശിക്കപ്പെട്ടു. ആ തന്ത്രം മത്സരം വിജയിക്കാൻ പര്യാപ്തമായിരുന്നില്ല. അതിനാൽ തന്നെ ആ മത്സരം സമനിലയിൽ കലാശിച്ചു.[84] രണ്ടാം മത്സരം, ഇംഗ്ലണ്ട് ഇന്നിംഗ്സ് ജയം നേടി. മൂന്നാം മത്സരവും സമനിലയിൽ കലാശിച്ചു. അങ്ങനെ ഇംഗ്ലണ്ട് പരമ്പര 1-0 ന് സ്വന്തമാക്കി. ആ പരമ്പരയിൽ ജാർഡിന്റെ ഉയർന്ന സ്കോർ വെറും 38 റണ്ണുകൾ മാത്രമായിരുന്നു. എന്നാൽ ബാറ്റ് ചെയ്ത നാല് അവസരങ്ങളിൽ മൂന്ന് തവണയും അദ്ദേഹം പുറത്താകാതെ നിന്നു.[56]
ക്രമ നമ്പർ | റൺസ് | എതിരാളി | വേദി | വർഷം |
---|---|---|---|---|
1 | 127 | വെസ്റ്റ് ഇൻഡീസ് | മാഞ്ചസ്റ്റർ | 1933 |
ക്രമ നമ്പർ | റൺസ് | എതിരാളി | വേദി | വർഷം |
---|---|---|---|---|
1 | 83 | വെസ്റ്റ് ഇൻഡീസ് | മാഞ്ചസ്റ്റർ | 1928 |
2 | 65* | ഓസ്ട്രേലിയ | ബ്രിസ്ബെൻ | 1928 |
3 | 62 | ഓസ്ട്രേലിയ | മെൽബൺ | 1928 |
4 | 98 | ഓസ്ട്രേലിയ | അഡ്ലെയ്ഡ് | 1929 |
5 | 79 | ഇന്ത്യ | ലോർഡ്സ് | 1932 |
6 | 85* | ഇന്ത്യ | ലോർഡ്സ് | 1932 |
7 | 56 | ഓസ്ട്രേലിയ | അഡ്ലെയ്ഡ് | 1933 |
8 | 60 | ഇന്ത്യ | മുംബൈ | 1933 |
9 | 61 | ഇന്ത്യ | കൊൽക്കത്ത | 1934 |
10 | 65 | ഇന്ത്യ | ചെന്നൈ | 1934 |
൧ ^ ക്രിക്കറ്റ് സീസണുകൾ സാധാരണയായി രണ്ട് രീതികളിലായാണ് സൂചിപ്പിക്കുന്നത്. ഒരു കലണ്ടർ വർഷം സൂചിപ്പിക്കുന്നത് ഇംഗ്ലീഷ് ക്രിക്കറ്റ് സീസണിനേയും രണ്ട് വർഷമായി കാണിക്കുന്നത് ദക്ഷിണാർദ്ധ ഗോളത്തിലെ ക്രിക്കറ്റ് സീസണിനേയുമാണ്. കാരണം ഈ സീസണുകൾ ഒന്നിൽ കൂടുതൽ വർഷത്തേക്കു കാണും. ഉദാ:- സെപ്റ്റംബർ മുതൽ ഫെബ്രുവരി വരെ
{{cite web}}
: Check date values in: |accessdate=
(help)
{{cite web}}
: Check date values in: |accessdate=
(help)
{{cite web}}
: Check date values in: |accessdate=
(help)
{{cite web}}
: Check date values in: |accessdate=
(help)
{{cite web}}
: Check date values in: |accessdate=
(help)
{{cite web}}
: Check date values in: |accessdate=
(help)
{{cite web}}
: Check date values in: |accessdate=
(help)
{{cite web}}
: Check date values in: |accessdate=
(help)
{{cite web}}
: Check date values in: |accessdate=
(help)
{{cite web}}
: Check date values in: |accessdate=
(help)
{{cite web}}
: Check date values in: |accessdate=
(help)
{{cite web}}
: Check date values in: |accessdate=
(help)