തിരുനല്ലൂർ കരുണാകരൻ | |
---|---|
തൊഴിൽ | കവി, സാഹിത്യകാരൻ |
ദേശീയത | ഇന്ത്യ |
മലയാളത്തിലെ കവിയും സാഹിത്യകാരനും ഭാഷാ പണ്ഡിതനും വിവർത്തകനും അദ്ധ്യാപകനുമായിരുന്നു തിരുനല്ലൂർ കരുണാകരൻ.
1924 ഒക്ടോബർ 8-ന് കൊല്ലം താലൂക്കിൽ അഷ്ടമുടിക്കായൽത്തീരഗ്രാമമായ പെരിനാട് പി.കെ.പത്മനാഭന്റെയും എൻ. ലക്ഷ്മിയുടെയും മകനായാണ് തിരുനല്ലൂർകരുണാകരൻ ജനിച്ചത്. പ്രാഥമികവിദ്യാഭ്യാസവും സംസ്‌കൃതപഠനവും ഒന്നിച്ചായിരുന്നു. എസ്.എൽ.സി.ക്ക് പ്രാക്കുളം എൻ.എസ്.എസ്. ഇംഗ്ലീഷ് ഹൈസ്ക്കൂളിലും ബി.എ.യ്ക്ക് കൊല്ലം എസ്.എൻ.കോളേജിലും പഠിച്ചു.
ചരിത്രത്തിൽ ബിരുദം നേടിയ ഇദ്ദേഹം കൊല്ലം എസ്.എൻ. കോളേജിൽ മലയാളം ട്യൂട്ടറായാണ് ഔദ്യോഗികജീവിതം ആരംഭിച്ചത്. ഒരു വർഷം ജോലി ചെയ്തു. 1954-ൽ യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് മലയാള സാഹിത്യത്തിൽ എം.എ നേടി. ആ വർഷം തന്നെ കോളേജ് അദ്ധ്യാപകനായി സർക്കാർ സർവീസിൽ പ്രവേശിച്ചു. ആദ്യത്തെ മൂന്നുവർഷം ഗവ.ആർട്‌സ് കോളേജിലും അതിനുശേഷം 1975-വരെ യൂണിവേഴ്‌സിറ്റി കോളേജിലും. 1975-ൽ കേരള പബ്ലിക് സർവീസ് കമ്മീഷൻ അംഗമായി. 1981-ൽ ഔദ്യോഗിക ജീവിതത്തിൽനിന്ന് വിരമിച്ചു.
1989 മുതൽ 1994 വരെ ജനയുഗം വാരികയുടെ മുഖ്യപത്രാധിപസ്ഥാനം വഹിച്ചു. 1973-ൽ സോവിയറ്റ് റഷ്യയിൽ നടന്ന എഴുത്തുകാരുടെ സമ്മേളനത്തിൽ പങ്കെടുത്ത ഇന്ത്യൻ പ്രതിനിധിസംഘത്തിൽ അംഗമായിരുന്നു.
മലയാള കവിതയിലെ അരുണ ദശകത്തിലെ കവികളിൽ പ്രമുഖനായിരുന്ന അദ്ദേഹംപലപ്പോഴായി രചിച്ച ലളിതഗാനങ്ങൾ, കുട്ടിക്കവിതകൾ, നാടകഗാനങ്ങൾ , മാര്ച്ചിംഗ് ഗാനങ്ങൾ, കഥപ്രസംഗങ്ങൾ ,സംസ്കൃത കവിതകൾ തുടങ്ങി നിരവധി രചനകൾ പുസ്തക രൂപത്തിൽ ആക്കിയിട്ടില്ല[അവലംബം ആവശ്യമാണ്]. കുമാരനാശാൻറെ 'ച്ണ്ഡാല ഭിക്ഷുകി 'യുടെ സംസ്കൃത പരിഭാഷയും ഭാരതീയ സൗന്ദര്യ ശാസ്ത്രത്തെക്കുറിച്ചുള്ള നിരവധി ലേഖനങ്ങളും ഇതിൽ പെടുന്നു[അവലംബം ആവശ്യമാണ്].[1]. ലഘുവായ ഭാവഗീതങ്ങൾ,ദീർഘമായ ആഖ്യാനകവിതകൾ, കുട്ടിക്കവിതകൾ, നാടൻപാട്ടിൻറെ ലളിത്യമുള്ള ഗാനങ്ങൾ ,പുരാണ പുനർവ്യാഖ്യാനങ്ങൾ എന്നിങ്ങനെ വിവിധ ശൈലിയിലുള്ള രചനകളുൾക്കൊള്ളുന്ന കാവ്യ പ്രപഞ്ചമാണ് തിരുനല്ലൂരിൻറേത്.
ഇന്ത്യൻ തത്ത്വചിന്തയിലും മാർക്സിസമുൾപ്പെടെയുള്ള പാശ്ചാത്യ ചിന്തയിലും പാണ്ഡിത്യമുണ്ടായിരുന്ന അദ്ദേഹംജീവിതാന്ത്യം വരെ കമ്മ്യൂണിസ്റ്റാശയങ്ങളിൽ വിശ്വാസം പുലർത്തി[അവലംബം ആവശ്യമാണ്].[2]. അന്ത്യസമയത്ത് രാമായണത്തെ പുനർ വ്യാഖ്യാനം ചെയ്യുന്ന, പന്ത്രണ്ട് സർഗ്ഗങ്ങളായി വിഭാവനം ചെയ്ത 'സീത' എന്ന ദീർഘ കാവ്യത്തിൻറെ രചനയിലായിരുന്നു..[3]. ഭാരതീയ തത്ത്വചിന്ത മുഖ്യമായും ഭൗതികവാദ പരമാണെന്നും ഭഗവദ്ഗീതയെയും ശങ്കരദർശനത്തെയും വിമർശനപരമായി വിലയിരുത്തേണ്ട്തുണ്ടെന്നും അദ്ദേഹം വാദിച്ചു.[4].
തിരുനല്ലൂർ കരുണാകരന്റെ കവിതകൾ എന്ന സമാഹാരത്തിന് 1985-ലെ ആശാൻ പുരസ്കാരവും 1988-ലെ വയലാർ അവാർഡും ലഭിച്ചു. ഗ്രീഷ്മ സന്ധ്യകൾക്ക്
ഏറെക്കാലം വാർദ്ധക്യസഹജമായ രോഗങ്ങളുമായി ബുദ്ധിമുട്ടിയ തിരുനല്ലൂർ കരുണാകരൻ 2006 ജൂലൈ 5-ന് തന്റെ 82- ആം വയസ്സിൽ സ്വവസതിയിൽ വച്ച് അന്തരിച്ചു. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. നിരീശ്വരവാദിയായ തിരുനല്ലൂരിന്റെ ആഗ്രഹമനുസരിച്ച് മതാചാരങ്ങളെല്ലാം ഒഴിവാക്കി മൃതദേഹം അടക്കം ചെയ്യുകയായിരുന്നു.
കവിയുടെ സ്മരണയ്ക്കായി "തിരുനല്ലൂർസ്മ്രുതികേന്ദ്രം"എന്ന സ്മാരകസമിതി പ്രവർത്തിക്കുന്നു. ഇതിൻറെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും കൊല്ലത്ത് മേയ് 1 (സർവ്വ ദേശീയ തൊഴിലാളി ദിനം) മുതൽ 3 ദിവസം നീളുന്ന തിരുനല്ലൂർ കാവ്യോത്സവം നടത്തിവരുന്നു.