മൈസൂർ വാസുദേവാചാര്യർ | |
---|---|
ജനനം | കർണ്ണാടകം, ദക്ഷിണേന്ത്യ, ഇന്ത്യ | മേയ് 28, 1865
മരണം | മേയ് 17, 1961 | (പ്രായം 95)
വിഭാഗങ്ങൾ | കർണ്ണാടകസംഗീതം |
തൊഴിൽ(കൾ) | സംഗീതസംവിധായകൻ, ഗാനരചയിതാവ്, സംഗീതജ്ഞൻ |
ഉപകരണ(ങ്ങൾ) | വായ്പ്പാട്ട് |
ത്യാഗരാജസ്വാമികളുടെ നേരിട്ടുള്ള ശിക്ഷ്യപരമ്പരയിൽ വരുന്ന ഒരു കർണ്ണാടക സംഗീതജ്ഞൻ ആയിരുന്നു മൈസൂർ വാസുദേവാചാര്യർ (Mysore Vasudevachar') (കന്നഡ: ಮೈಸೂರು ವಾಸುದೇವಾಚಾರ್) (മെയ് 28, 1865 – മെയ്17, 1961) 200 -ഓളമുള്ള അദ്ദേഹത്തിന്റെ മിക്ക കൃതികളും തെലുങ്കിലും സംസ്കൃതത്തിലും ആയിരുന്നു. അദ്ദേഹത്തിന്റെ ചില കൃതികൾ വളരെ പ്രശസ്തമാണ്. കമാസ് രാഗത്തിലുള്ള ബ്രോചേവാരെവരുരാ, സുനാദവിനോദിനിയിലുള്ള ദേവാദിദേവ, ഹിന്ദോളരാഗത്തിലുള്ള മാമവതു ശ്രീ സരസ്വതി, ആഭേരി രാഗത്തിലുള്ള ഭജരേ രേ മാനസ മോഹനരാഗത്തിലുള്ള രാ രാ രാജീവലോചന എന്നിവ വളരെ പ്രസിദ്ധങ്ങളാണ്.[1] പദ്മഭൂഷൻ അവാർഡ് ജേതാവാണ് മൈസൂർ വാസുദേവാചാര്യർ.[2]
കന്നഡയിൽ രണ്ടു പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. ആത്മകഥയായ നിനപ്പുകളും (Nenapugalu) ഞാൻ കണ്ട കലാവീടരും (Na Kanda Kalavidaru), ഇവയിൽ അദ്ദേഹം പല പ്രസിദ്ധരായ സംഗീതജ്ഞന്മാരുടെയും ജീവിതകഥകൾ എഴുതിയിട്ടുണ്ട്. രുക്മിണി ദേവിയുടെ 1936 -ൽ രൂപീകരിച്ച കലാക്ഷേത്രത്തിലും അദ്ദേഹം പഠിപ്പിച്ചിട്ടുണ്ട്. അപ്പോഴേക്കും നന്നേ പ്രായമായ അദ്ദേഹം രുഗ്മിണീദേവിയുടെ നിർബ്ബന്ധം ഒന്നുകൊണ്ടുമാത്രമാണ് കലാക്ഷേത്രത്തിലേക്ക് താമസം മാറ്റുവാനും അവിടെ പഠിപ്പിക്കുവാനും ഇടയായത്. കലാക്ഷേത്രത്തിലെ മുഖ്യസംഗീതജ്ഞനായിത്തീർന്ന വാസുദേവാചാര്യർ രാമായണത്തിന് സംഗീതം കൊടുക്കുന്നതിൽ സഹായിച്ചിട്ടുണ്ട്. സംഗീതത്തിനും സംസ്കൃതത്തിനും വേണ്ടി മാത്രം ജീവിച്ച അദ്ദേഹം വളരെ ലളിതമായ ഒരു ജീവിതമാണ് നയിച്ചിരുന്നത്. 1961 -ൽ തന്റെ 96 -ആമത്തെ വയസ്സിൽ വാസുദേവാചാര്യർ മരണമടഞ്ഞു.
മൈസൂർ കൊട്ടാരസദസ്സിലെ മുഖ്യ സംഗീതജ്ഞനായിരുന്ന വീണ പദ്മനാഭൈയ്യയിൽ നിന്നുമാണ് വാസുദേവാചാര്യർ സംഗീതം പഠിച്ചുതുടങ്ങിയത്. സ്വകാര്യമായി സംഗീതം പതിക്കുന്നതോടൊപ്പം അദ്ദേഹം സംസ്കൃതത്തിലും കാവ്യം, നാടകം, അലങ്കാരം, തർക്കം, ഇതിഹാസം എന്നിവയെല്ലാം മൈസൂരിലെ മഹാരാജാ സംസ്കൃതകോളേജിൽ നിന്നും പഠിച്ചു.[3] മൈസൂർ മഹാരാജാവിന്റെ അകമഴിഞ്ഞ സാമ്പത്തിക പിന്തുണയുള്ളതിനാൽ പ്രസിദ്ധനായ പട്ടണം സുബ്രഹ്മണ്യ അയ്യരുടെ അടുത്തുനിന്നും തഞ്ചാവൂർ-കാവേരീതടത്തിലെ മിക്കവരുടെയും അടുത്തുനിന്നും അദ്ദേഹത്തിനു സംഗീതം അഭ്യസിക്കാൻ കഴിഞ്ഞു. ഒടുവിൽ അദ്ദേഹം മൈസൂർ രാജസദസ്സിലെ ആസ്ഥാനവിദ്വാൻ ആയി മാറി. തന്റെ ഗുരുവായ പട്ടണം സുബ്രഹ്മണ്യയ്യരുടെ അടുത്തുനിന്നും പഠിച്ച മധ്യമകാലത്തിൽ താനം പാടുന്നതിൽ അദ്ദേഹം പ്രസിദ്ധനായി. സസ്കൃതത്തിൽ വിദ്വാൻ ആയതിനാൽ ഗുരുവിന്റെ സാഹിത്യത്തിലെ വരികൾ ശരിപ്പെടുത്തുന്നതിന് അദ്ദേഹം സഹായിച്ചിട്ടുമുണ്ട്. ഇത്തരം അഭ്യാസം അദ്ദേഹത്തിന് സ്വന്തം കൃതികൾ രചിക്കുന്നതിനും ഗുണം ചെയ്തിട്ടുണ്ട്. രാഗാലാപനത്തിലും താനം പല്ലവി പാടുന്നതിലും നിരവലിലും കൽപ്പനാസ്വരം പാടുന്നതിലുമെല്ലാം അദ്ദേഹം വിദഗ്ദ്ധനായിരുന്നു.[4] വാസുദേവ എന്നതായിരുന്നു അദ്ദേഹത്ത്ന്റെ മുദ്ര. ത്യാഗരാജസ്വാമികളുടെ അനുഗ്രഹത്താലാണ് തനിക്ക് തെലുങ്കിൽ എഴുതാൻ കഴിഞ്ഞതെന്ന് അദ്ദേഹം വിശ്വസിച്ചു.[5]