ലോറൻസ് വിൽഫ്രെഡ് ബേക്കർ (ലാറി ബേക്കർ) | |
---|---|
ജനനം | 1917 മാർച്ച് 02 |
മരണം | 2007 ഏപ്രിൽ 1 |
തൊഴിൽ | വാസ്തു വിദ്യാ വിദഗ്ദ്ധൻ |
കുറിപ്പുകൾ | |
ചെലവു കുറഞ്ഞ വീടുകൾ എന്ന ആശയം പ്രചരിപ്പിച്ചിരുന്ന ലാറി ബേക്കർ കേരളത്തിന്റെ ആധുനിക പെരുന്തച്ചൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്നു. |
ലാറി ബേക്കർ യഥാർഥ പേര് ലോറൻസ് ബേക്കർ (ഇംഗ്ലീഷ്: Laurence Baker)( 1917 മാർച്ച് 2, ബെർമിങ്‌ഹാം, ഇംഗ്ലണ്ട് - 2007 ഏപ്രിൽ 1 തിരുവനന്തപുരം, കേരളം). “ചെലവു കുറഞ്ഞ വീട്" എന്ന ആശയം പ്രചരിപ്പിച്ചിരുന്ന ലോകപ്രശസ്തനായ വാസ്തുശിൽപിയാണ്. ഇംഗ്ലണ്ടിൽ ജനിച്ചെങ്കിലും ഇന്ത്യൻ പൗരത്വം സ്വീകരിച്ച ബേക്കർ കേരളത്തെ തന്റെ പ്രധാന പ്രവർത്തന കേന്ദ്രമാക്കി മാറ്റി. കേരളത്തിലുടനീളം ചെലവുകുറഞ്ഞതും എന്നാൽ മനോഹരവുമായ കെട്ടിടങ്ങൾ നിർമ്മിച്ച അദ്ദേഹം, കേരളസമൂഹത്തിൽ ഏറെ ബഹുമാനിക്കപ്പെടുന്ന വ്യക്തികളിലൊരാളാണ്. ഇന്ന് ബേക്കറിന്റെ പാത പിന്തുടരുന്ന് നിരവധി ആർക്കിടെക്റ്റുകൾ ചെലവുകുറഞ്ഞ കെട്ടിടങ്ങൾ പണിയുന്നുണ്ട്. അതിനെല്ലാം ലാറി ബേക്കർ രീതി എന്ന് പേരു വരത്തക്കവണ്ണം പ്രശസ്തമാണ് ആ വാസ്തുശില്പരീതി. 1990-ൽ ഭാരത സർക്കാർ പത്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചു. ഭാര്യ എലിസബത്ത്. മക്കൾ വിദ്യ, തിലക്, ഹൈഡി എന്നിങ്ങനെ മൂന്നുപേർ. അടുത്തു ബന്ധമുള്ളവരും ശിഷ്യന്മാരും ഡാഡി എന്നാണ് ലാറിയെ സാധാരണ സംബോധന ചെയ്യാറുണ്ടായിരുന്നത്.
ലോകത്തിന്റെ പണിയായുധശാല എന്ന് അപരനാമമുള്ള ഇംഗ്ലണ്ടിലെ ബെർമിങ്‌ഹാമിലെ ഒരു സാധാരണ കുടുംബത്തിലാണ് ലോറൻസ് ജനിച്ചത്. ലിയോനാർഡ് എന്നും നോർമൻ എന്നും രണ്ട് ജ്യേഷ്ഠന്മാരും എഡ്ന എന്ന ഒരു സഹോദരിയും അദ്ദേഹത്തിനുണ്ടായിരുന്നു. അച്ഛൻ ഒരു അക്കൗണ്ടന്റായിരുന്നു. ഏറ്റവും മൂത്ത സഹോദരിയും മറ്റുള്ള സഹോദരന്മാരും തമ്മിൽ എഴോളം വയസ്സിന്റെ വ്യത്യാസം ഉണ്ടായിരുന്നെങ്കിലും അവർ കളിക്കൂട്ടുകാരെപ്പോലെയാണ് വളർന്നത്.[1] ആറു കിലോ മീറ്ററോളം നടന്നായിരുന്നു ഗ്രാമർ സ്കൂളിൽ പോവേണ്ടിയിരുന്നത്. അത് പ്രകൃതിയെപ്പറ്റി പഠിക്കാൻ അവസരം നൽകിക്കാണണം എന്ന് അദ്ദേഹം കരുതുന്നു.
ഒരു ശരാശരി വിദ്യാർത്ഥിയായിരുന്നു ലോറൻസ് എന്ന ലാറി ബേക്കർ. ലാറിയിൽ മയങ്ങിക്കിടന്ന വാസ്തുശിൽപാ വൈദഗ്‌ധ്യം കണ്ടെത്തിയത് അദ്ദേഹം പഠിച്ച കിങ്ങ് എഡ്വേർഡ് ഗ്രാമർ സ്കൂളിലെ പ്രധാനാധ്യാപകനാണ്. അദ്ദേഹം ലാറിയോട് ഒരിക്കൽ എന്താണ് ഇഷ്ടമുള്ള വിഷയം എന്ന് ചോദിച്ചപ്പോൾ കിട്ടിയ മറുപടി ‘ഊരു ചുറ്റലും ചിത്രരചനയും സൈക്കിൾ ചവിട്ടും’ എന്നായിരുന്നു. ലാറിയുടെ ചിത്രരചനാപാടവം തിരിച്ചറിഞ്ഞ് കിങ് ലാറിയുടെ പിതാവിനോട് അവനെ വാസ്തുശില്പകല പഠിപ്പിക്കാൻ ഉപദേശിക്കുകയായിരുന്നു.[2]
ഗുരുനാഥന്റെ ഉപദേശത്തെത്തുടർന്ന് ലാറി ബർമിങ്ഹാം സ്ക്കൂൾ ഓഫ് ആർക്കിടെക്ചറിൽ വിദ്യാർത്ഥിയായി ചേർന്നു. പഠനകാലത്ത് പല രാജ്യങ്ങളിലെ വിവിധ ശൈലിയിലുള്ള കെട്ടിട നിർമ്മാണത്തെക്കുറിച്ച് പഠിക്കേണ്ടതുണ്ടായിരുന്നു. ഇതിനായി ലാറിയും സഹപാഠികളും സൈക്കിളിലാണ് രാജ്യങ്ങൾ ചുറ്റാൻ തുടങ്ങിയത്. അതിനുള്ള പണം അവർ തന്നെ സ്വയം കണ്ടെത്തുകയായിരുന്നു. ഇംഗ്ലണ്ടിലേയും സ്വിറ്റ്സർലൻഡിലേയും പാരമ്പര്യ വാസ്തു ശില്പ പ്രത്യേകതകളെക്കുറിച്ച് അവഗാഹം ഉണ്ടാക്കാൻ ഈ യാത്രകൾ സഹായിച്ചു. കെട്ടിട നിർമ്മാണ രംഗത്ത് വൻ മാറ്റങ്ങൾ കടന്നു വന്ന കാലമായിരുന്നു അത്. ഇരുമ്പിന്റെ വിലയിലുണ്ടായ കുറവ്, സിമന്റിന്റെ കണ്ടുപിടിത്തം തുടങ്ങിയ ഒട്ടേറെ ഘടകങ്ങൾ കോൺക്രീറ്റ് സൗധങ്ങളുടെ പ്രചാരത്തിനു കാരണമായി. ഇംഗ്ലണ്ടിലെങ്ങും അംബരചുംബികളായ കെട്ടിടങ്ങൾ ഉയർന്നു. എന്നാൽ ലളിതജീവിതം നയിക്കുന്ന ലാറിയുടെ മനസ് തിരഞ്ഞെടുത്തത് മറ്റൊരു വഴിയാണ്. വാസ്തുശിൽപകല സാധാരണക്കാർക്ക് എങ്ങനെ പ്രയോജനപ്പെടുത്താം എന്ന ചിന്തയിലായി അദ്ദേഹം. അപ്പോഴേക്കും കോൺക്രീറ്റ് സൗധങ്ങൾക്കെതിരെ ചിന്തിക്കുന്ന ഒട്ടേറെപ്പേർ രംഗത്തുവന്നു. ലാറിക്കും അവരുടെ രീതി പിന്തുടരണമെന്നായിരുന്നു ആഗ്രഹം.
പഠനം കഴിഞ്ഞ് തൊഴിൽപരിശീലനം ആരംഭിച്ച സമയത്താണ് രണ്ടാം ലോക മഹായുദ്ധം ആരംഭിച്ചത്. എല്ലാ ബ്രിട്ടീഷ് പൗരന്മാരേയും പോലെ അദ്ദേഹവും നിർബന്ധിത സൈനിക സേവനം അനുഷ്ഠിക്കേണ്ടതായി വന്നു. അനസ്തേഷ്യയിൽ (മയക്കുന്ന വൈദ്യശാസ്ത്ര മേഖല) അദ്ദേഹം പ്രത്യേക പരിശീലനം നേടി യുദ്ധത്തിൽ മുറിവേറ്റവരെ ശുശ്രൂഷിക്കുവാനുള്ള പ്രത്യേക സംഘത്തിൽ അദ്ദേഹം ചൈനയിൽ സേവനം അനുഷ്ടിച്ചു. എന്നാൽ ഇംഗ്ലണ്ടിലേക്കുള്ള മടക്ക യാത്രയിൽ അദ്ദേഹത്തിന് ഇന്ത്യയിലെ മുംബൈയിൽ മൂന്നുമാസം കഴിച്ചു കൂട്ടേണ്ടി വന്നു. ഈ കാലത്ത് മഹാത്മാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുകയും അതു ജീവിതത്തിലെ വഴിത്തിരിവാകുകയും ചെയ്തു.
ക്വാക്കർ എന്നറിയപ്പെടുന്ന ക്രിസ്തീയ സൗഹൃദസംഘത്തിലെ അംഗമായാണ് അദ്ദേഹം ഗാന്ധിജിയെ പരിചയപ്പെടുന്നത്. ലാറി ധരിച്ചിരുന്ന ഷൂസ് ഗാന്ധിയുടെ ശ്രദ്ധയിൽ പെട്ടു. തയ്യൽ കടയിലെ ഉപയോഗശൂന്യമായ തുണികൾ വച്ച് തുന്നിയുണ്ടാക്കിയതായിരുന്നു അത്. പാഴ്‌വസ്തുക്കൾ ഉപയോഗിച്ച് നിർമ്മാണം നടത്താനുള്ള ലാറിയുടെ ചാതുര്യം ഗാന്ധി തിരിച്ചറിയുകയും അദ്ദേഹത്തെ ഇന്ത്യയിലെ പാവപ്പെട്ടവർക്കായി പ്രവർത്തിക്കാൻ നിർബന്ധിക്കുകയും ചെയ്തു. ഈ ഒത്തുചേരൽ ബേക്കറുടെ ജീവിതത്തെ വീണ്ടും വഴിതിരിച്ചുവിട്ടു.
ഗാന്ധിജിയുടെ പാത പിന്തുടർന്ന് 1945-ൽ ഇന്ത്യയിലെത്തിയ ബേക്കർ മൂന്നു വർഷക്കാലം കുഷ്ഠരോഗികൾക്കിടയിൽ പ്രവർത്തിച്ചു. കുഷ്ഠരോഗികൾക്കുള്ള പാർപ്പിടനിർമ്മാണത്തിനിടയിലാണ് ഇന്ത്യൻ വാസ്തുശിൽപവിദ്യയുടെ പ്രത്യേകതകൾ ബേക്കർ മനസ്സിലാക്കുന്നത്. ഉത്തർപ്രദേശിലെ ഫൈസാബാദിൽ ആയിരുന്നു ബേക്കർ ഇന്ത്യയിലെ തന്റെ കെട്ടിടനിർമ്മാണ പരീക്ഷണങ്ങൾക്ക് തുടക്കമിട്ടത്. അവിടെ നിലവിലുണ്ടായിരുന്ന രീതിയോട് സ്വന്തം നിരീക്ഷണങ്ങളും കൂട്ടിക്കലർത്തി ബേക്കർ തന്റേതായ ശൈലിക്ക് രൂപം നൽകി. ഇന്ത്യയിലുടനീളം സഞ്ചരിച്ച അദ്ദേഹം ഓരോ പ്രദേശത്തിനും ചേർന്ന പാർപ്പിട നിർമ്മാണ ശൈലി അവതരിപ്പിച്ചു.
ഇതിനിടയിൽ പരിചയപ്പെട്ട മലയാളിയായ ചാണ്ടി എന്ന ഭിഷഗ്വരനുമായി അദ്ദേഹം ഗാഢസൗഹൃദത്തിലായി. ചാണ്ടിയുടെ കുടുംബ ജീവിതം അദ്ദേഹത്തെ ആകർഷിച്ചിരുന്നു. അങ്ങനെയാണ് ചാണ്ടിയുടെ സഹോദരിയായ ഡോ. എലിസബത്തിനെ കണ്ടുമുട്ടുന്നത്. എലിസബത്ത് അന്ന് ഹൈദരാബാദിൽ ഒരു ആശുപത്രിയിൽ ജോലി നോക്കുകയായിരുന്നു. അദ്ദേഹം ആ മലയാളി ഡോക്ടറെ ജീവിതപങ്കാളിയാക്കി.
“വീടുകൾ അതിന്റെ അഞ്ചു മൈൽ ചുറ്റളവിൽ ലഭിക്കുന്ന സാമ്രഗ്രികൾ ഉപയോഗിച്ച് നിർമ്മിക്കണം” എന്ന ഗാന്ധിജിയുടെ ആദർശം അദ്ദേഹം പ്രാവർത്തികമാക്കുകയായിരുന്നു എന്ന് പിന്നീടുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
ലാറിയും എലിസബത്തും ഹിമാലയത്തിലെ കുമായൂൺ മലകളിൽ മധുവിധു ആഘോഷിക്കുമ്പോൾ പ്രകൃതിരമണീയത മൂലം പിത്തോരഗഡ് എന്ന സ്ഥലം സ്ഥിര താമസമാക്കാൻ യോഗ്യമാണെന്ന് കണ്ടെത്തി അവിടെ താമസമാരംഭിച്ചു. എന്നാൽ എലിസബത്ത് ഡോക്ടർ ആണെന്ന് തദ്ദേശവാസികൾ തിരിച്ചറിഞ്ഞതോടെ ലാറിയുടെ വീട്ടിലേക്ക് രോഗികളുടെ പ്രവാഹമായി. ആ സ്ഥലത്ത് ആശുപത്രിയോ വൈദ്യന്മാരോ ഉണ്ടായിരുന്നില്ല. നിരന്തരമായ അഭ്യർത്ഥനകൾ മാനിച്ച് ബേക്കർ കുടുംബം അവിടെ ഉപേക്ഷിക്കപ്പെട്ട ഒരു ചായക്കടയിൽ ആശുപത്രി ആരംഭിച്ചു. അനസ്തേഷ്യയിലെ പരിശീലനം ബേക്കർക്ക് ഒരു നഴ്‌സിന്റെ ജോലി ചെയ്യാൻ സഹായകമായി. പതിനേഴു വർഷം അവിടെ നാട്ടുകാരെ സേവിച്ചു. ഇതിനിടക്ക് ബേക്കർ ആശുപത്രി കെട്ടിടം വലുതാക്കിയിരുന്നു. മലയുടെ മുകളിലെ പ്രതികൂല സാഹചര്യങ്ങളിലെ നിർമ്മാണ പ്രവർത്തനം അദ്ദേഹത്തിന് നാടൻ വാസ്തുശില്പവിദ്യയെക്കുറിച്ച് മനസ്സിലാക്കിക്കൊടുത്തു. 1963-ൽ പിത്തോരഗഡ് വിട്ടു കേരളത്തിലേക്ക് യാത്ര തിരിച്ചു.
1963-ൽ കേരളത്തിലെ വാഗമൺ എന്ന സ്ഥലത്ത് താമസമാക്കി. അവിടേയും കുഷ്ഠടരോഗി പരിചരണമായിരുന്നു പ്രവർത്തനം. കുറച്ചു കാലത്തിനു ശേഷം എലിസബത്തിനോടൊപ്പം 1970 മുതൽ കേരളത്തിൽ തിരുവനന്തപുരത്തിനടുത്ത് നാലാഞ്ചിറയിൽ സ്ഥിരതാമസമാക്കി. സ്വന്തം വീടായ ഹാംലെറ്റിലായിരുന്നു മരണം വരെ താമസം.
1968 മുതൽ തിരുവനന്തപുരം ആർച്ച് ബിഷപ്പിന്റെ ക്ഷണപ്രകാരം പാവപ്പെട്ടവർക്കു വേണ്ടി 3000 രൂപയിൽ താഴെ ചെലവു വരുന്ന വീടുകൾ നിർമ്മിക്കാനുള്ള പദ്ധതി അദ്ദേഹം വിജയകരമായി പൂർത്തിയാക്കി. ഇതോടെ അദ്ദേഹം കൂടുതൽ അറിയപ്പെടാൻ തുടങ്ങി. ഈ സമയത്ത് സാധാരണ ജീവനക്കാരനായ ഒരു നമ്പൂതിരിപ്പാട് അദ്ദേഹത്തെ കാണാനെത്തി. പതിനായിരം രൂപ മാത്രം മൂലധനമുണ്ടായിരുന്ന അദ്ദേഹത്തിന്റെ ആവശ്യപ്രകാരം ആറു മുറികളുള്ള രണ്ടുനില വീട് ബേക്കർ പണിതു കൊടുത്തു. ഇതോടെ ബേക്കർ പ്രശസ്തിയിലേക്ക് ഉയർന്നു. എങ്ങും അദ്ദേഹത്തിന്റെ വാസ്തുശില്പ രീതി ചർച്ചാവിഷയമായിത്തീർന്നു. താമസിയാതെ നിരവധി പേർ ചെലവു കുറഞ്ഞ വീടുകൾക്കായി അദ്ദേഹത്തെ സമീപിച്ചു.
കേരളത്തിനു പുറത്ത് അന്നുവരെ അദ്ദേഹം അത്ര അറിയപ്പെട്ടിരുന്നില്ലെങ്കിലും കേരളീയർക്ക് ഇതിനകം ലാറി ഒരു ആരാധ്യപുരുഷനായിത്തീർന്നിരുന്നു. മുൻ മുഖ്യമന്ത്രി സി. അച്യുതമേനോൻ ബേക്കറിന്റെ ആരാധകനായിരുന്നു. അദ്ദേഹം പാവങ്ങൾക്കു വേണ്ടി ഒരു വൻ ഭവനനിർമ്മാണപദ്ധതി ലാറിയെ ഏല്പിച്ചു. കോസ്റ്റ് ഫൊഡ് എന്ന ഈ സ്ഥാപനം തൃശ്ശൂർ കേന്ദ്രമാക്കി ചെലവു കുറഞ്ഞ വീടുകളുടെ നിർമ്മാണ രീതി പ്രചരിപ്പിച്ചു. നിരവധി ദരിദ്രർക്ക് ഭവനങ്ങൾ നിർമ്മിച്ചുകൊടുത്തു. മറ്റൊരു പ്രശസ്തനായ ആരാധകൻ അന്നത്തെ തിരുവിതാംകൂർ മഹാരാജാവായിരുന്നു. [1]. 1989-ൽ അദ്ദേഹത്തിന് ഭാരതപൗരത്വം ലഭിച്ചു.
തന്റെ തൊണ്ണൂറാമത്തെ ജന്മദിനം ഏറ്റവും ലളിതമായി ആഘോഷിച്ച് ഒരു മാസത്തിന് ശേഷം 2007 ഏപ്രിൽ ഒന്നിനു രാവിലെ സ്വവസതിയിൽ വച്ച് അദ്ദേഹം അന്ത്യശ്വാസം വലിച്ചു. ഭാര്യ ഡോ.എലിസബത്തും മക്കളും അവസാന സമയത്ത് അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു.
ബേക്കറുടെ ഭൗതിക ശരീരം വിശ്രമിക്കുന്ന പാളയം ക്രൈസ്റ്റ് ദേവാലയത്തിലെ കല്ലറയും അദ്ദേഹം തന്നെ രൂപകല്പന ചെയ്തതാണ്. മൂന്നോ നാലോ വർഷത്തിനു ശേഷം മൃതദേഹ അവശിഷ്ടങ്ങൾ കല്ലറയ്ക്കടുത്തുള്ള കിടങ്ങിലേക്കു സ്വയമേ തന്നെ മാറുന്ന സംവിധാനമുള്ള കല്ലറയും ബേക്കർ ഇവിടെ നിർമിച്ചിട്ടുണ്ട്.[3].
ചുടുകട്ടയായിരുന്നു അദ്ദേഹത്തിന്റെ ഇഷ്ടപ്പെട്ട നിർമ്മാണ സാമഗ്രി. സിമന്റ്, കോൺക്രീറ്റ്, ഉരുക്ക്‍, സ്ഫടികം എന്നിവയ്ക്ക് എതിരായിരുന്നു അദ്ദേഹം. ഇവയുടെ നിർമ്മാണഘട്ടങ്ങളിൽ പരമ്പരാഗതമായ ഇന്ധനം ധാരാളം കത്തിക്കേണ്ടി വരുന്നു എന്നതാണ് ഈ എതിർപ്പിനു കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്. അദ്ദേഹം സിമന്റിനു പകരം എളുപ്പം ലഭ്യമായിരുന്ന ചുണ്ണാമ്പ് ഉപയോഗിച്ചു. കേരളത്തിലെ സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിന്റെ കെട്ടിടം നിർമ്മിച്ചപ്പോൾ അദ്ദേഹം ചുണ്ണാമ്പ് മിശ്രിതം അതേ സ്ഥലത്ത് വച്ചുതന്നെ നിർമ്മിച്ചു. കാളവണ്ടികളിൽ സമുദ്രതീരത്തു നിന്നും കക്കയും മറ്റും ശേഖരിച്ച് വലിയ മൺചൂളയിൽ തീയിട്ട് ചുണ്ണാമ്പ് നിർമ്മിക്കുകയായിരുന്നു.[4] പെയിന്റ് അടിക്കേണ്ട ആവശ്യമില്ലാത്ത രീതിയിൽ ചുടുകട്ട ഉപയോഗിച്ചാണ് അദ്ദേഹത്തിന്റെ എല്ലാ സൃഷ്ടികളും. ഇക്കാരണത്താൽ ചുടുകട്ടയുടേ സ്വാഭാവികമായ നിറം ആണ് കെട്ടിടങ്ങൾക്ക് ലഭിക്കുക. വിലകൂടിയ ജനൽ കട്ടിളകൾ ഒഴിവാക്കി അതിനു പകരം കട്ടകൾ നിശ്ചിത അകലത്തിൽ വളച്ച് ഭാരം രണ്ടു വശത്തായി കേന്ദ്രീകരിച്ച ജനലുകൾ സൃഷ്ടിക്കാനുള്ള രീതിക്ക് അദ്ദേഹമാണ് പ്രചാരം നൽകിയത്. ഇങ്ങനെ മരജനലുകൾക്കു മുകളിൽ വാർക്കേണ്ടതായ ലിന്റൽ ബീം ഒഴിവാക്കുന്നത് കൊണ്ട് വളരെയധികം പണം ലാഭിക്കാനാവും.
ഉപയോഗശൂന്യമായ വസ്തുക്കൾ ഗൃഹനിർമ്മാണത്തിന് പ്രയോജനപ്പെടുത്തുകയായിരുന്നു അദ്ദേഹത്തിന്റെ ശൈലിയുടെ മറ്റൊരു സവിശേഷത. പൊട്ടിയ തറയോടുകളും മറ്റും മുറ്റം പാകുവാനും പല വർണ്ണത്തിലുള്ള കുപ്പികളും മറ്റും ജനലുകളിൽ പതിപ്പിച്ച് മുറിയിൽ വർണ്ണജാലം സൃഷ്ടിക്കാനും അദ്ദേഹത്തിന് കഴിയുമായിരുന്നു. നിർമ്മാണ സാമഗ്രികൾ ദൂരെ നിന്ന് ഇറക്കുമതി ചെയ്യുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ലായിരുന്നു. എന്തൊക്കെയാണോ കെട്ടിടം പണിയാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ പരിസരങ്ങളിൽ ലഭ്യമായിരുന്നത് അവയിൽ നിന്നും അദ്ദേഹം സാമഗ്രികൾ തിരഞ്ഞെടുക്കുമായിരുന്നു.
നൂതനസാങ്കേതികവിദ്യകളെ അപ്പാടെ തള്ളിക്കളഞ്ഞ ആളായിരുന്നില്ല ബേക്കർ. മറിച്ച് അവശ്യഘട്ടങ്ങളിൽ അവ ഉപയോഗിക്കുകയും ചെയ്തിരുന്നു. വീടിന് യോജിച്ചതും ആവശ്യമായതുമായ സാങ്കേതികത മതി എന്നായിരുന്ന അദ്ദേഹത്തിന് താല്പര്യം
വാസ്തു ശില്പ വിദ്യയിൽ അദ്ദേഹത്തിന്റെ ഗഹനമായ അറിവിനെ മാനിച്ച് കേരള സർക്കാർ അദ്ദേഹത്തിന്റെ സേവനം നിരവധി മേഖലകളിൽ ഉപയോഗപ്പെടുത്തി. ഇതിൽ പ്രമുഖനായിരുന്നത് മുൻ മുഖ്യമന്ത്രി സി. അച്യുതമേനോൻ ആയിരുന്നു. ലാറിയെ അദ്ദേഹം തൃശ്ശൂർ കേന്ദ്രമാക്കി സഥാപിച്ച 'കോസ്റ്റ് ഫോഡ്' എന്ന സ്ഥാപനത്തിന്റെ അദ്ധ്യക്ഷനും മുഖ്യ ഉപദേഷ്ടാവും ആക്കി. ഈ സ്ഥാപനം ചെലവുകുറഞ്ഞ കെട്ടിടങ്ങളുടെ പ്രചാരത്തിന് ഊന്നൽ നൽകിയിരുന്നു. ഇവ കൂടാതെ പ്ലാനിങ്ങ് കമ്മീഷനിലും ഹഡ്കോയിലും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലും സി.ബി.സി.ആർ.ഐ.-യുടെ ശാസ്ത്രീയ ഉപദേഷ്ട സംഘത്തിലും അനവധി സർക്കാർ, അർദ്ധസർക്കാർ സംരംഭങ്ങളിലും ലാറി ബേക്കർ അംഗമായിരുന്നു. കോസ്റ്റ് ഫോഡിന്റെ ഓഫീസ് തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വസതിയിലായിരുന്നു അവസാനം വരെ പ്രവർത്തിച്ചിരുന്നത്.
1992-ൽ ഐക്യരാഷ്ട്രസഭയുടെ ഹാബിറ്റാറ്റ് പുരസ്കാരം നേടി. ഗ്രാന്റ് മാസ്റ്റേഴ്സ് അവാർഡ്, ഇന്ത്യൻ നാഷനൽ ഹെറിറ്റേജ് അവാർഡ് തുടങ്ങി ഒട്ടേറെ ദേശീയ, രാജ്യാന്തര പുരസ്കാരങ്ങളും ഡോക്ടറേറ്റ് ബിരുദങ്ങളും ലാറിക്കു ലഭിച്ചിട്ടുണ്ട് [6]. ഹോളണ്ടിലെ റോയൽ സർവകലാശാല 1981-ൽ ബേക്കർക്ക് ഡിലിറ്റ് ബിരുദം നൽകി. വാസ്തുവിദ്യാ മേഖലയിലെ കിടയറ്റ പുരസ്കാരമായ പ്രിറ്റ്സർ പ്രൈസിന് ലാറിയുടെ പേരും നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട് [7]. മറ്റ് ബഹുമതികൾ
ജന്മം കൊണ്ട് ഒരിന്ത്യാക്കാരനല്ലാതിരുന്നിട്ടുകൂടിയും അനുപമമായ സേവനങ്ങളിലൂടെ ഏതൊരു ഇന്ത്യാക്കാരനേക്കാൾ അല്ലെങ്കിൽ ഏതൊരു മലയാളിയേക്കാളും ത്യാഗം അദ്ദേഹം കേരളത്തിനും നാട്ടുകാർക്കുമായി അർപ്പിച്ചു. കോസ്റ്റ് ഫോഡ് വഴി പതിനായിരക്കണക്കിന് ദരിദ്രർക്ക് അദ്ദേഹത്തിന്റെ വീടുകൾ ലഭിച്ചു. അദ്ദേഹത്തിന്റെ പാത പിന്തുടരുന്ന നൂറോളം വാസ്തുശില്പ വിദഗ്ദ്ധർ ഇന്ന് കോസ്റ്റ് ഫോഡിൽ ലാഭേച്ഛ കൂടാതെ ജോലി നോക്കുന്നു. അദ്ദേഹത്തിന്റെ മരണത്തിലൂടെ ബേക്കർ യുഗം അവസാനിച്ചുവെങ്കിലും അദ്ദേഹത്തിന്റെ വാസ്തുശില്പ രീതി ഈ ശിഷ്യന്മാരിലൂടെ നിലനിൽക്കുമെന്നാണ് വാസ്തുവിദ്യാ വിദഗ്ദ്ധരുടെ അഭിപ്രായം. കോൺക്രീറ്റ് മരുഭൂമികൾക്ക് നടുവിൽ മരുപ്പച്ചയായി ലാറിയുടെ സൃഷ്ടികൾ അനശ്വരമായി നിലകൊള്ളുന്നു.
In: A + U: architecture and urbanism, n.12 (363) (2000 Dec.), p. 30-41. (English and Japanese)
“ | ‘My grandfather is a remarkable, I have no doubts about that. Someone should pool in money to frame all his paintings so that everyone would see his creative side of humour and beauty‘- അദ്ദേഹത്തെ പറ്റി കൊച്ചുമകൾ ലിസ ബേക്കർ | ” |
“ | ദീർഘദർശനമായിരുന്നു അദ്ദേഹത്തിന്റെ സങ്കൽപ്പങ്ങളുടെയൊക്കെ അടിസ്ഥാനം. ഈ പ്രവചനങ്ങളുടെ പേരിലാണ് അദ്ദേഹത്തിന് കല്ലേറ് നേരിടേണ്ടി വന്നത്. പരമ്പരാഗത നിർമ്മാതാക്കൾ അദ്ദേഹത്തെ ഒറ്റപ്പെടുത്തി മാറ്റി നിർത്തിയത്. കല്ലും മുള്ളും നിറഞ്ഞ പാതയിലൂടെയാണ് അദ്ദേഹം മുന്നോട്ട് പോയത്. അതിലൂടെ കേരളത്തിലെ സാധാരണക്കാരനെ സ്വന്തമായ വീടെന്ന സ്വപ്നം കാണാൻ അദ്ദേഹം പഠിപ്പിച്ചു. മണ്ണും മനുഷ്യനും തമ്മിലുള്ള ജൈവബന്ധം തിരിച്ചറിയുന്നതായിരുന്നു ബേക്കർശൈലി. ഭൂമിയെ ഒട്ടും നോവിക്കാതെ വികലപ്പെടുത്താതെ ഒരു വാസ്തുശൈലി ആദ്യമായി ഇന്ത്യയിൽ അവതരിപ്പിച്ചത് ലാറിബേക്കറാണ്.- ജി.ശങ്കർ "സ്വപ്നം കാണാൻ പഠിപ്പിച്ചയാൾ". മാതൃഭൂമി ദിനപത്രം. 02-04-2007. {{cite news}} : |access-date= requires |url= (help); Check date values in: |accessdate= and |date= (help); Cite has empty unknown parameter: |1= (help)
|
” |
^ Another enthusiast is the decidedly un-Communist Maharaja of Travancore, who has no more political power these days but who still lives in a small palace in Trivandrum. He told me that he greatly respected Baker's work because "he's very practical, down to earth, and I think he's quite right: You need not build a house that's a copy of one in Manhattan. It doesn't suit."