കർത്താവ് | ഫ്രാങ്ക് ക്രാമർ |
---|---|
പുറംചട്ട സൃഷ്ടാവ് | ക്ലിഫോർഡ് ഗിയറി |
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
ഭാഷ | ഇംഗ്ലീഷ് |
സാഹിത്യവിഭാഗം | ശാസ്ത്ര ഫിക്ഷൻ ചെറുകഥ |
പ്രസാധകർ | അസ്റ്റൗണ്ടിംഗ് സയൻസ് ഫിക്ഷൻ മാസിക |
പ്രസിദ്ധീകരിച്ച തിയതി | 1940 |
ISBN | ലഭ്യമല്ല |
1940-ൽ റോബർട്ട് എ. ഹൈൻലൈൻ രചിച്ച ഒരു ശാസ്ത്രഫിക്ഷൻ ചെറുകഥയാണ് "സൊല്യൂഷൻ അൺസാറ്റിസ്ഫാക്റ്ററി".[1] രണ്ടാം ലോകമഹായുദ്ധം അവസാനിപ്പിക്കുവാനായി അമേരിക്ക ഒരു ആണവായുധം വികസിപ്പിക്കാൻ ശ്രമിക്കുന്നതും ഇതിന്റെ ഫലമായി ലോകം ഒരു ഡിസ്ടോപ്പിയയാകുന്നതുമാണ് കഥയുടെ ഉള്ളടക്കം.
ഈ കഥ ആദ്യം അസ്റ്റൗണ്ടിംഗ് സയൻസ് ഫിക്ഷൻ എന്ന മാഗസിനിലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. ചിത്രങ്ങൾ രചിച്ചത് ഫ്രാങ്ക് ക്രാമറായിരുന്നു. ലുഫ്ത്‌വാഫെ കോവന്ററിയിൽ നടത്തിയ ബോംബിങ്ങ് ഈ കഥയിൽ പ്രസ്താവിക്കുന്നുണ്ട്. 1941 ജൂണിൽ ജർമനി സോവിയറ്റ് യൂണിയനെ ആക്രമിക്കുന്നതിനു മുൻപാണ് കൃതി രചിക്കപ്പെട്ടതെന്ന് കരുതാം. സോവിയറ്റ് യൂണിയൻ രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്തില്ല എന്ന പ്രസ്താവന ഈ കഥയിലുണ്ട്. 1966-ൽ പ്രസിദ്ധീകരിച്ച ദ വേൾഡ്സ് ഓഫ് റോബർട്ട് എ. ഹൈൻലൈൻ, 1980-ൽ പ്രസിദ്ധീകരിച്ച എക്സ്പാൻഡഡ് യൂണിവേഴ്സ് എന്നീ സമാഹാരങ്ങളിൽ ഈ കൃതി പ്രത്യക്ഷപ്പെടുന്നുണ്ട്.
ജോൺ ഡിഫ്രൈസ് എന്നയാളാണ് കഥ പറയുന്നത്. ക്ലൈഡ് സി. മാനിഗ് എന്ന കോൺഗ്രസ് അംഗത്തിന്റെ പ്രചാരണ മാനേജറാണിദ്ദേഹം. മാനിംഗിന് നാസികൾ ആണവായുധമുണ്ടാക്കുന്നതിനു മുൻപായി ആണവായുധമുണ്ടാക്കുവാനുള്ള ഒരു രഹസ്യ പദ്ധതിയുടെ ചുമതല ലഭിക്കുന്നു. 1944 വരെ പദ്ധതിയിൽ വലിയ പുരോഗതിയൊന്നുമുണ്ടാകുന്നില്ല. യുദ്ധം പുരോഗതിയൊന്നുമില്ലാതെ ബ്രിട്ടനും ജർമനിയും തമ്മിലുള്ള ബോംബാക്രമണങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്. അമേരിക്കൻ ഐക്യനാടുകളും സോവിയറ്റ് യൂണിയനും ("ദ യൂറേഷ്യൻ യൂണിയൻ" എന്നാണ് ഈ കഥയിൽ സോവിയറ്റ് യൂണിയന്റെ പേര്), ജപ്പാനും യുദ്ധത്തിൽ നിന്ന് വിട്ടുനിൽക്കുന്നു.
ഓട്ടോ ഹാനിന്റെ ലബോറട്ടറി അസിസ്റ്റന്റായിരുന്ന ഡോ. എസ്റ്റൽ ക്രാസ്റ്റ്, നാസി ജർമനിയുടെ "ജൂതവേട്ടയിൽ നിന്ന് രക്ഷപെടാൻ" അമേരിക്കയിലേയ്ക്ക് കുടിയേറിയിരുന്നു.[2] ക്രാസ്റ്റ് വൈദ്യശാസ്ത്രാവശ്യങ്ങൾക്കുള്ള ആണവശക്തിയുടെ ഉപയോഗം സംബന്ധിച്ച് ഗവേഷണം നടത്തുകയാണ്. മാനിംഗ് ഈ വസ്തുവിന്റെ സൈനിക ഉപയോഗം മുൻകൂട്ടിക്കാണുന്നു. 1944 ഓടെ അമേരിക്കൻ ഐക്യനാടുകളുടേ കൈവശം ആണവവികിരണശേഷിയുള്ള ഒരു തരം "പൊടിയുടെ" 10,000 യൂണിറ്റുകളുണ്ട്.
ഈ രഹസ്യമറിയാവുന്ന എല്ലാവരെയും (തന്നെയുൾപ്പെടെ) കൊല്ലുന്നത് മാനിംഗ് കാര്യമായി പരിഗണിക്കുന്നു. പക്ഷേ മറ്റാരെങ്കിലും ഇത് കണ്ടെത്തിയേക്കാം എന്ന സംശയത്താൽ ഈ പദ്ധതി അദ്ദേഹം ഉപേക്ഷിക്കുന്നു. 1945-ൽ ഈ ആയുധം ജർമനിക്കെതിരേ ഉപയോഗിക്കുവാൻ മാനിംഗ് അമേരിക്കൻ പ്രസിഡന്റിനെ പ്രേരിപ്പിക്കുന്നു.[3] അമേരിക്ക യുദ്ധത്തിൽ പങ്കെടുക്കുന്നില്ലാത്തതിനാൽ ഈ പൊടി അമേരിക്ക ബ്രിട്ടനാണ് നൽകുന്നത്. യുദ്ധശേഷം ബ്രിട്ടൻ അമേരിക്കയുടെ അധീശത്വം അംഗീകരിക്കുമെന്ന കരാറിന്റെ അടിസ്ഥാനത്തിലാണിത്.
ആദ്യം ഈ പൊടിയുടെ മാരകശേഷി സംബന്ധിച്ച് അമേരിക്ക ജർമനിക്ക് താക്കീത് നൽകുന്നു. പ്രസിഡന്റ് ഫ്യൂററുമായി സംസാരിക്കുന്നുവെങ്കിലും ജർമനി കീഴടങ്ങാൻ വിസമ്മതിക്കുന്നു. ഇതോടെ ബ്രിട്ടീഷ് വിമാനങ്ങൾ ഈ പൊടി ബെർലിനു മുകളിൽ വിതറുന്നു. നാസി ഭരണകൂടം തകരുകയും പുതിയ സർക്കാർ കീഴടങ്ങുകയും ചെയ്യുന്നു. ഡോ. ക്രാറ്റ് തന്റെ കണ്ടുപിടിത്തത്തിന്റെ മാരകശേഷി കണ്ട് ആത്മഹത്യ ചെയ്യുന്നു.
മാനിംഗ് ആണവ ആയുധമത്സരം, പരസ്പരം ഇല്ലായ്മ ചെയ്യാനുള്ള ശേഷി, രണ്ടാമത് ആക്രമിക്കാനുള്ള ശേഷി എന്നിവയെപ്പറ്റി അമേരിക്കൻ ഭരണകൂടത്തെ അറിയിക്കുന്നു. ഈ പ്രയോഗങ്ങൾ പിന്നീടേ നിലവിൽ വന്നിട്ടുള്ളൂവെങ്കിലും ഇവയെ സംബന്ധിച്ച വിശദാംശങ്ങൾ ഹൈൻലൈൻ തന്റെ കൃതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അമേരിക്കയ്ക്കുള്ള താൽക്കാലികമായ ശക്തി ഉപയോഗപ്പെടുത്തുക എന്ന ഉപദേശമാണ് ഇദ്ദേഹം നേതാക്കൾക്ക് നൽകുന്നത്. അമേരിക്കൻ ഭരണഘടന റദ്ദ് ചെയ്യാൻ കോൺഗ്രസ്സിന്റെ സമ്മതം നേടാൻ ഇതിടയാക്കുന്നു. "പീസ് പ്രൊക്ലമേഷൻ" എന്ന പേരിൽ ബാക്കി ലോകം മുഴുവൻ അമേരിക്കയ്ക്ക് കീഴടങ്ങുക എന്ന ആവശ്യം അമേരിക്കൻ പ്രസിഡന്റ് മുന്നോട്ടുവയ്ക്കുന്നു. ദീർഘദൂരം പറക്കാൻ ശേഷിയുള്ള സൈനിക വിമാനങ്ങളും സിവിലിയൻ വിമാനങ്ങളും അമേരിക്കയ്ക്ക് അടിയറ വയ്ക്കുക എന്നതാണ് അമേരിക്കയുടെ ആദ്യ ആവശ്യം. ഇത്തരം വിമാനങ്ങളുപയോഗിച്ച് ഈ പൊടി വ്യാപിപ്പിക്കാൻ സാധിക്കും എന്നതാണ് ഇതിനു കാരണം.
സോവിയറ്റ് യൂണിയൻ (യൂറേഷ്യൻ യൂണിയൻ) ഈ സമയത്ത് ആണവശേഷിയുള്ള പൊടി കണ്ടുപിടിച്ചിട്ടുണ്ടായിരുന്നു. ഇവർ അമേരിക്കയ്ക്കെതിരേ ആക്രമണമഴിച്ചുവിടുന്നു. നാലുദിവസ യുദ്ധത്തിൽ അമേരിക്ക വിജയിക്കുന്നു.
ആണവ ധൂളികളുടെ ലോകമാസകലമുള്ള നിയന്ത്രണം പീസ് പെട്രോൾ എന്ന സംഘടനയ്ക്ക് നൽകപ്പെടുന്നു. മാനിംഗ് ഇതിന്റെ ആജീവനാന്ത മേധാവിയാകുന്നു. എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ളതും എല്ലാ വർഗ്ഗങ്ങളിൽ പെട്ടതുമായ വ്യക്തികളെ ഈ സംഘടനയിൽ നിയമിക്കുന്നു. ഇവരുടെ ജോലി സ്വന്തം രാജ്യത്തിനു പുറത്തായിരിക്കും എന്ന് വ്യവസ്ഥ ചെയ്യപ്പെടുന്നു. പദ്ധതി പൂർണ്ണമായി നടപ്പാക്കാൻ സാധിക്കുന്നതിനു മുൻപ് 1951-ൽ പ്രസിഡന്റ് ഒരു വിമാനാപകടത്തിൽ മരിക്കുന്നു. അടുത്ത പ്രസിഡന്റ് മാനിംഗിന്റെ രാജി ആവശ്യപ്പെടുന്നു. പ്രസിഡന്റിനെ ആണവധൂളികൾ വഹിക്കുന്ന വിമാനങ്ങൾ അമേരിക്കയ്ക്കു മുകളിൽ പറത്തിക്കൊണ്ടാണ് മാനിംഗ് നേരിടുന്നത്. ലോകസമാധാനത്തിനുണ്ടാകുന്ന ഏതൊരു ഭീഷണിയും നേരിടുമെന്ന് മാനിംഗ് പറയുന്നു. മാനിംഗ് ലോകത്ത്ന്റെ തന്നെ സനികഭരണാധികാരിയായി ഇതോടെ മാറുന്നു.
ഫിഷൻ ആയുധങ്ങളെപ്പറ്റി ഈ കൃതിയിൽ പരാമർശിക്കുന്നില്ലെങ്കിലും ആയുധപ്പന്തയത്തിന്റെ പല വശങ്ങളും ഈ കൃതി ശരിയായി പ്രവചിക്കുകയുണ്ടായി. മാൻഹാട്ടൻ പദ്ധതി ആരംഭിക്കുന്നതിന് ഒരു വർഷം മുൻപാണ് ഈ കൃതി പ്രസിദ്ധീകരിക്കപ്പെട്ടത്.
ആണവായുധങ്ങൾ സംബന്ധിച്ച് ഹൈൻലൈന്റെ ആകുലതകൾ "സൊല്യൂഷൻ അൺസാറ്റിസ്ഫാക്റ്ററി" എന്ന കൃതിയോടെ ആരംഭിക്കുന്നു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ആണവപ്പന്തയം ഒരു പ്രധാന പ്രശ്നമാകുമെന്ന് ഹൈൻലൈൻ മുൻകൂട്ടിക്കണ്ടിരുന്നു. 1940-കളുടെ അവസാനസമയത്ത് ആണവയുദ്ധത്തെപ്പറ്റി "ദ ലാസ്റ്റ് ഡേയ്സ് ഓഫ് ദ യുണൈറ്റഡ് സ്റ്റേറ്റ്സ്", "ഹൗ റ്റു ബീ എ സർവൈവർ", "പൈ ഫ്രം ദ സ്കൈ" തുടങ്ങിയ കൃതികൾ രചിക്കുകയുണ്ടായി. "ബാക്ക് ഓഫ് ദ മൂൺ" എന്ന കൃതിയൊഴികെ ബാക്കിയുള്ളവ പ്രസാധകർ നിരസിക്കുകയാണുണ്ടായത്.[4]
1984-ൽ വെർണർ വിൻഗെ രചിച്ച ദ പീസ് വാർ എന്ന കൃതിയിൽ സൈനിക ശാസ്ത്രജ്ഞർ "ബോബ്ലർ" എന്ന ഒരു ഉപകരണം കണ്ടെത്തുകയും ഇതുപയോഗിച്ച് ലോകത്തെ പിടിച്ചടക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ സമാധാനം നിലനിർത്താൻ ഇതുപോലൊരു സംവിധാനം സൃഷ്ടിക്കപ്പെടുന്നുണ്ട്.