ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രം (Udupi Shri Krishna Matha) | |
---|---|
ಉಡುಪಿ ಶ್ರೀ ಕೃಷ್ಣ ಮಠ | |
അടിസ്ഥാന വിവരങ്ങൾ | |
സ്ഥലം | Udupiഉഡുപ്പി |
നിർദ്ദേശാങ്കം | 13°19′56″N 74°44′46″E / 13.33222°N 74.74611°E |
മതവിഭാഗം | ഹിന്ദുയിസം |
ആരാധനാമൂർത്തി | Krishnaശ്രീകൃഷ്ണൻ |
സംസ്ഥാനം | Karnatakaകർണ്ണാടക |
രാജ്യം | Indiaഇന്ത്യ |
വാസ്തുവിദ്യാ തരം | Dravidian architectureദ്രാവിഡിയൻ ശിൽപശൈലി |
Part of a series on |
Dvaita |
---|
Saints |
Haridasas |
Literature |
Mathas |
Holy Places |
Hinduism portal |
കർണ്ണാടകയിലെ ഉഡുപ്പിയിലുള്ള ഒരു ഹൈന്ദവ ആരാധനാകേന്ദ്രമാണ് ഉഡുപ്പി ശ്രീകൃഷ്ണ മഠം (ഉഡുപ്പി ശ്രീകൃഷ്ണക്ഷേത്രം). ഒരു ആശ്രമാന്തരീക്ഷത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പ്രധാന ക്ഷേത്രത്തിന് സമീപത്തായി ഏകദേശം ആയിരത്തിലേറെ വർഷം പഴക്കമുള്ള ഉഡുപ്പി അനന്തേശ്വര ക്ഷേത്രം ഉൾപ്പെടെ നിരവധി ആരാധനാകേന്ദ്രങ്ങളുണ്ട്[1]. ക്ഷേത്രത്തിന്റെ പ്രധാന നിർമ്മിതികളെല്ലാം കരിങ്കല്ലിലാണ്. എങ്കിലും, ഇപ്പോഴത്തെ നവീകരണപ്രവർത്തനങ്ങളിൽ കോൺക്രീറ്റ് നിർമ്മിതികളുമുണ്ട്. ക്ഷേത്രത്തിനു കിഴക്കുഭാഗത്തുള്ള വിശാലമായ കുളവും അതിലെ ശിൽപ്പങ്ങളും ശ്രദ്ധേയമാണ്.
പതിമൂന്നാം നൂറ്റാണ്ടിൽ, വൈഷ്ണവ സന്യാസിയായിരുന്ന ജഗദ്ഗുരു മധ്വാചാര്യർ ആണ് ഉഡുപ്പി ശ്രീകൃഷ്ണക്ഷേത്രം നിർമ്മിച്ചത്[2]. വൈഷ്ണവ മത സന്യാസിയായിരുന്ന ഇദ്ദേഹം ദ്വൈതവേദാന്ത ഗുരുകുല സ്ഥാപകനും കൂടിയായിരുന്നു. ഗോപീചന്ദത്തിൽ ഉടുപ്പി ശ്രീകൃഷ്ണനെ പ്രതിഷ്ഠിച്ചത് മധ്വാചാര്യർ ആണെന്ന് വിശ്വസിക്കുന്നു. അദ്ദേഹം രചിച്ച തന്ത്രസാര സംഗ്രഹത്തിൽ, വിഗ്രഹം പശ്ചിമാഭിമുഖമായി (പടിഞ്ഞാറോട്ട് അഭിമുഖമായി) പ്രതിഷ്ഠിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റ് അഷ്ടമഠങ്ങളിലേയും പ്രതിഷ്ഠ പടിഞ്ഞാറോട്ട് ദർശനമായി തന്നെയാണ്. കിഴക്ക് ഭാഗത്തേക്കാണ് ക്ഷേത്രദർശനമെങ്കിലും കൃഷ്ണദർശനത്തിന് തെക്ക് ഭാഗത്തുള്ള "നവഗ്രഹ ദ്വാരവും" കനകന ദ്വാരവും ഉണ്ട്[3][4].
ഇപ്പോൾ അഷ്ടമഠങ്ങളുടെ നിയന്ത്രണത്തിലാണ് ക്ഷേത്രസമുച്ചയം[5] പേജാവർ മഠം, പുത്തിഗെ മഠം, പലിമരു മഠം, അഡമരു മഠം, സോധെ മഠം, കണിയൂർ മഠം, ഷിരൂർ മഠം കൃഷ്ണപുര മഠം എന്നിവയാണ് ഈ എട്ട് മഠങ്ങൾ. വിശ്വാസികളിൽ നിന്ന് ലഭിക്കുന്ന ഭണ്ഡാര വരുമാനവും അഷ്ടമഠങ്ങളിൽ നിന്നുള്ള സാമ്പത്തിക സഹായവുമാണ് ക്ഷേത്ര ചെലവുകൾ നികത്തുന്നത്. ക്ഷേത്രത്തിന് വമ്പിച്ച ഭൂസ്വത്തുക്കൾ ഉണ്ടായിരുന്നുവെങ്കിലും 1975 ലെ ഭൂപരിഷ്കരണ നടപടികളിൽ അവ ഏറിയ ഭാഗവും നഷ്ടപ്പെട്ടു[6]. ക്ഷേത്തിലെത്തുന്നവർക്കെല്ലാം അന്നദാനം ഒരു പ്രത്യേകതയാണ്. ക്ഷേത്രത്തോടനുബന്ധിച്ച് നല്ലൊരു ഗോശാല കൂടിയുണ്ട്. ക്ഷേത്രത്തിലേക്കും ഭക്ഷണശാലയിലേക്കുമുള്ള പാലുൽപന്നങ്ങൾ ഇതിൽനിന്നും ലഭിക്കുന്നു.
ഓരോ രണ്ട് വർഷം കൂടുമ്പോഴും നടക്കുന്ന പര്യായ ആഘോഷത്തിൽ ക്ഷേത്രഭരണം അടുത്ത മഠം അധികാരികൾ ഏൽക്കുന്നു. മകര സംക്രാന്തി, രഥ സപ്തമി, മാധവ നവമി, ഹനുമാൻ ജയന്തി, ശ്രീകൃഷ്ണ ജന്മാഷ്ടമി, നവരാത്രി മഹോത്സവം, ദസറ, നരകചതുർദശി, ദീപാവലി, ഗീതാജയന്തി എന്നിവ പ്രധാന ആഘോഷങ്ങളാണ്[7]. ക്ഷേത്രമുറ്റത്തെ ബ്രഹ്മരഥവും രഥോൽസവവും പ്രസിദ്ധമാണ്.
വ്യാസതീർത്ഥരുടെ ശിഷ്യനും സംഗീതജ്ഞനുമായ കനകദാസനും ഉടുപ്പിക്ഷേത്രവുമായി ബന്ധപ്പെട്ട ഒരു ഐതിഹ്യമുണ്ട്. ജാതീയ വേർതിരിവ് പ്രബലമായിരുന്ന കാലത്ത് ഉടുപ്പിയിലെത്തിയ കനകദാസന് ക്ഷേത്രത്തിനകത്ത് കടക്കുന്നതിനോ വിഗ്രഹദർശനം നടത്തുന്നതിനോ സാധിച്ചില്ല. ക്ഷേത്രപ്രവേശനത്തിന് വ്യാസരാജ സ്വാമികൾ നിർദ്ദേശിച്ചിട്ടുപോലും ബ്രാഹ്മണപുരോഹിതർ താഴ്ന്ന ജാതിക്കാരനായ കനകദാസനെ തടഞ്ഞുവെന്നാണ് പറയപ്പെടുന്നത്.[8]
കൃഷ്ണഭജന നടത്തിയും കീർത്തനങ്ങൾ രചിച്ചും ക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗത്ത് കനകദാസൻ ദീർഘകാലം കഴിഞ്ഞുവെന്ന് പറയപ്പെടുന്നു. ഇദ്ദേഹത്തിന്റെ കൃഷ്ണാ നീ ബേഗനെ ബാരോ എന്ന കീർത്തനം പ്രസിദ്ധമാണ്. ഭക്തിസാന്ദ്രമായ കീർത്തനത്തിലാകൃഷ്ഠമായി, കിഴക്ക് ഭാഗത്തേക്ക് അഭിമുഖമായിരുന്ന ഭഗവാന്റെ വിഗ്രഹം പടിഞ്ഞാറ് ഭാഗത്തേക്ക് തിരിഞ്ഞു എന്നും ആ ഭാഗത്ത് ക്ഷേത്ര ഭിത്തി തകർന്ന് ഒരു ദ്വാരം സൃഷ്ടിക്കപ്പെട്ടുവെന്നും അതിലൂടെ കനകദാസന് ദേവദർശനം ലഭിച്ചുവെന്നും ആണ് ഐതിഹ്യം. ഈ വാതിലാണ് ഇപ്പോൾ കനകന ദ്വാരം ("Kanakana Kindi") എന്നറിയപ്പെടുന്നത്. കനകദാസൻ അന്ന് ക്ഷേത്രത്തിന് പടിഞ്ഞാറ് ഒരു ചെറുകുടിലിലാണത്രേ കഴിഞ്ഞിരുന്നത്. അവിടെ ഇപ്പോൾ ഒരു ഗോപുരം പണി കഴിച്ചിട്ടുണ്ട്. സംഗീതജ്ഞനുള്ള ഒരു സ്മാരകമായി കനകന കിണ്ടി എന്ന വാതിലും കനകന മന്ദിരം എന്നറിയപ്പെടുന്ന ഗോപുരവും ഇപ്പോൾ കാണാം. [9][10]. ഗോപുരത്തോടനുബന്ധിച്ചുള്ള മണ്ഡപത്തിൽ, ഇപ്പോൾ അഖണ്ഡകീർത്തനാലാപനം നടന്നുവരുന്നുണ്ട്.
ജാതീയമായ വേർതിരിവിന്റെ ഒരു ഐതിഹ്യകഥ ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട് ഉണ്ടെങ്കിലും, ഇപ്പോൾ ക്ഷേത്രപ്രവേശനത്തിന് നിയന്ത്രണങ്ങളൊന്നുമില്ല. വിദേശീയർ ഉൾപ്പെടെയുള്ളവർക്ക് തടസ്സമില്ലാതെ പ്രവേശിക്കാം. ഭക്ഷണശാലയിലും വിവേചനമില്ല.