Chief Justice Of India (Retd) ദീപക് മിശ്ര | |
---|---|
![]() ദീപക് മിശ്ര രാഷ്ട്രപതി ഭവനിൽ വച്ച് സത്യപ്രതിജ്ഞ ചെയ്യുന്നു. | |
45-ആമത് ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ | |
ഓഫീസിൽ 28 ഓഗസ്റ്റ് 2017 – 2 October 2018 | |
നിയോഗിച്ചത് | റാം നാഥ് ഗോവിന്ദ് |
മുൻഗാമി | ജഗദീഷ് സിങ് ഖേഹാർ |
പിൻഗാമി | Ranjan Gogoi |
സുപ്രീം കോടതി ജഡ്ജി | |
ഓഫീസിൽ 10 ഒക്ടോബർ 2011 – 27 ഓഗസ്റ്റ് 2017 | |
നിയോഗിച്ചത് | രാഷ്ട്രപതി പ്രണബ് മുഖർജി |
പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് | |
ഓഫീസിൽ ഡിസംബർ 2009 – മേയ് 2010 | |
ഡെൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് | |
ഓഫീസിൽ 24 മേയ് 2010 – 10 ഒക്ടോബർ 2011 | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 3 ഒക്ടോബർ 1953 |
ബന്ധുക്കൾ | രംഗനാഥ് മിശ്ര (അമ്മാവൻ)[1] |
അൽമ മേറ്റർ | എം.എസ്. ലോ കോളേജ്, കട്ടക്ക് |
ഇന്ത്യയുടെ 45-ആമത് സുപ്രീം കോടതി ചീഫ് ജസ്റ്റിസാണ് ദീപക് മിശ്ര (ജനനം : 1953 ഒക്ടോബർ 3).[2][3] ഒഡീഷക്കാരനായ ഇദ്ദേഹം പാട്ന, ഡൽഹി ഹൈക്കോടതികളിൽ ചീഫ് ജസ്റ്റിസായും സുപ്രീം കോടതിയിൽ ജഡ്ജിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സിനിമാ തീയറ്ററുകളിൽ ദേശീയ ഗാനാലാപനം നിർബന്ധമാക്കിയും നിർഭയ കേസിലെ പ്രതികൾക്കും മുംബൈ സ്ഫോടന പരമ്പര കേസിലെ പ്രതി യാക്കൂബ് മേമനും വധശിക്ഷ നൽകിയുമുള്ള ഉത്തരവുകളിലൂടെ ജനശ്രദ്ധ നേടി.[4]
സുപ്രീം കോടതിയുടെ 44-ആമത് ചീഫ് ജസ്റ്റിസായിരുന്ന ജെ.എസ്. ഖേഹാർ സ്ഥാനമൊഴിഞ്ഞതോടെ ആ പദവിയിലേക്ക് മുതിർന്ന ജഡ്ജിയായ ദീപക് മിശ്രയെ പരിഗണിക്കുകയായിരുന്നു. 2017 ഓഗസ്റ്റ് 28-ന് ഇന്ത്യൻ രാഷ്ട്രപതി റാം നാഥ് ഗോവിന്ദിനു മുമ്പിൽ സത്യപ്രതിജ്ഞ ചെയ്ത് ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റ ദീപക്ക് മിശ്ര 2018 ഒക്ടോബർ 2 വരെ ആ പദവിയിൽ തുടരും.[5]
ഇന്ത്യയിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസാകുന്ന മൂന്നാമത്തെ ഒഡീഷക്കാരനാണ് ദീപക് മിശ്ര. ഇതിനുമുമ്പ് ഒഡീഷയിൽ നിന്നും രംഗനാഥ് മിശ്ര, ജി.ബി. പട്നായിക് എന്നിവർ ചീഫ് ജസ്റ്റിസ് പദവി വഹിച്ചിരുന്നു.[6] രംഗനാഥ് മിശ്രയുടെ അനന്തരവൻ കൂടിയാണ് ദീപക് മിശ്ര.[7][8]
1977 ഫെബ്രുവരി 14-ന് അഭിഭാഷകനായി ജോലിയിൽ പ്രവേശിച്ച ദീപക് മിശ്ര ഒഡീഷാ ഹൈക്കോടതിയിലും സർവീസ് ട്രൈബ്യൂണലിലും പരിശീലനം നേടി. 1996-ൽ ഒഡീഷാ ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി സ്ഥാനമേറ്റു. പിന്നീട് മധ്യപ്രദേശ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റം ലഭിക്കുകയും 1997 ഡിസംബർ 19-ന് അവിടെ സ്ഥിരം ജഡ്ജിയാവുകയും ചെയ്തു.
2009-ൽ പാട്ന ഹൈക്കോടതിയിലും 2010-ൽ ഡൽഹി ഹൈക്കോടതിയിലും ചീഫ് ജസ്റ്റിസായി. 2011 ഒക്ടോബർ 10-ന് സുപ്രീം കോടതിയിൽ ജഡ്ജിയായി നിയമിതനായി.[9] ഏഴുവർഷത്തോളം ഈ പദവിയിൽ തുടർന്ന ദീപക് മിശ്ര 2017 ഓഗസ്റ്റ് 28-ന് സുപ്രീം കോടതിയുടെ 45-ആമത് ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റു. 63-ആം വയസ്സിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസായ അദ്ദേഹം 13 മാസത്തോളം ആ പദവിയിൽ തുടരുകയും 2018 ഒക്ടോബർ 2-ന് വിരമിക്കുകയും ചെയ്യും.[10]
വിവാദ ഉത്തരവുകളുടെ പേരിലാണ് ദീപക് മിശ്ര ജനശ്രദ്ധ നേടുന്നത്. 2016 നവംബർ 30-ന് സിനിമാ തീയറ്ററുകളിൽ ദേശീയ ഗാനം ആലപിക്കുന്നത് നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത് വിവാദമായിരുന്നു.[6]
1993-ലെ മുംബൈ സ്ഫോടന പരമ്പര കേസിലെ പ്രതി യാക്കൂബ് മേമന് ലഭിച്ച വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജി പരിഗണിച്ചത് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചായിരുന്നു. ശിക്ഷാവിധി നടപ്പാക്കുന്നതിന്റെ തലേദിവസം അർദ്ധരാത്രിയിലാണ് ഹർജി പരിഗണിച്ചത്.[11] യാക്കൂബ് മേമന് വധശിക്ഷ വിധിച്ച ദീപക് മിശ്രയ്ക്കു പിന്നീട് വധഭീഷണി നേരിടേണ്ടി വന്നു.[12]
ഏറെ വിവാദമായ നിർഭയ പീഡന കേസിലെ പ്രതികൾ വധശിക്ഷയല്ലാതെ മറ്റൊന്നും അർഹിക്കുന്നില്ലെന്ന് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് 2017 മേയ് 5-ന് പ്രഖ്യാപിച്ചു.[11][13] എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് 24 മണിക്കൂറിനകം പോലീസ് വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യണമെന്ന ഉത്തരവും വിവാദമായിരുന്നു.[11][14] പ്രായപൂർത്തിയായവർ തമ്മിൽ ഉദയ സമ്മതത്തോടെയുള്ള സ്വവർഗ്ഗ രതി ക്രമിനൽ കുറ്റമല്ലാതാക്കിയത് ചിഫ്. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ സൂപ്രധാന വിധികളിലൊന്ന്. വിവാഹേതര ലൈംഗിക ബന്ധം ക്രിമിനൽ കുറ്റമായിക്കണ്ട് പുരുഷനെ മാത്രം ശിക്ഷിക്കുന്ന 158 വർഷം പഴക്കമുള്ള വകുപ്പ് റദ്ദാക്കിയത് ഇദ്ദേഹം ഉൾപ്പെട്ട ബെഞ്ചാണ്.ശബരിമലയിൽ സ്ത്രീ പ്രവേശനത്തിന് അനുമതി നൽകിയതും ഇദ്ദേഹമുൾപ്പെട്ട ബെഞ്ചായിരുന്നു.
നിർഭയ കേസിൽ പ്രതികൾക്ക് വധശിക്ഷ അംഗീകരിച്ച ബെഞ്ചിനെ നയിച്ചത് ദീപക് മിശ്രയായിരുന്നു."സ്ത്രീയുടെ ശരീരം അവളുടെ ദേവാലയമാണന്ന് അദ്ദേഹത്തിന്റെ വിധിന്യായത്തിൽ പ്രതിഫലിക്കുന്ന ചിന്തയാണ്.