പതിനഞ്ചാം നൂറ്റാണ്ടുവരെ മലയാളഭാഷയിൽ പ്രചാരത്തിലുണ്ടായിരുന്ന ഒരു ലിപിസമ്പ്രദായമാണ് വട്ടെഴുത്ത്. ബ്രാഹ്മി ലിപിയിൽ നിന്നാണ് ഇത് രൂപം കൊണ്ടത്. പാറയോ ചെമ്പുതകിടോ ചൂഴ്‌ന്നെടുത്ത് (ഉളികൊണ്ട് വെട്ടിയെടുത്ത്) എഴുതുന്നു എന്നു സൂചിപ്പിച്ചുകൊണ്ടു `വെട്ടെഴുത്ത്' എന്നും പറയാറുള്ള ലേഖനസമ്പ്രദായം. ദക്ഷിണേന്ത്യൻ ബ്രാഹ്മിയാണ് ഇതിന്റെ പ്രഭാവം. ഒരു കാലത്ത് വട്ടെഴുത്തിന് തെക്കേ ഇന്ത്യയിലാകമാനം പ്രചാരമുണ്ടായിരുന്നു. തെക്കൻ മലയാണ്മ, തെക്കൻ മലയാളം, നാനംമോനം, മലയാണ്മ, മലയാം തമിഴ്, ചേര-പാണ്ഡ്യ എഴുത്ത്, രായസവടിവ്, ഗജവടിവ് എന്നെല്ലാം ഈ ലിപിക്ക് പേരുണ്ട്. തമിഴ്‌നാട്ടിലും മലനാട്ടിലും വട്ടെഴുത്തു ശാസനങ്ങൾ ധാരാളമുണ്ട് . പഴയ കൊച്ചി-മലബാർ പ്രദേശത്ത് പ്രചരിച്ചിരുന്ന വട്ടെഴുത്തിന്റെ വകഭേദമാണ് കോലെഴുത്ത്. ലഭ്യമായ ഏറ്റവും പഴയ വട്ടെഴുത്തുരേഖ എട്ടാം ശതകത്തിലെതാണ്.[ഏത്?] വട്ടെഴുത്തിന് 'നാനംമോനം' എന്നും പേരുണ്ട്.
വട്ടെഴുത്തിൽ 12 സ്വരാക്ഷരങ്ങളും (അ, ആ, ഇ, ഈ, ഉ, ഊ, എ, ഏ, ഐ, ഒ, ഓ, ഔ -എന്നിവ) 18 വ്യഞ്ജനാക്ഷരങ്ങളും (ക, ങ, ച, ഞ, ട, ണ, ത, ന, പ, മ, യ, ര, ല, വ, ഴ, ള, റ, ഩ -എന്നിവ[1]) ചേർന്ന് 30 അക്ഷരങ്ങളാണുള്ളത്. ആംഗലേയ ഭാഷയുടേതിനു തത്തുല്യമായി കൂട്ടിയെഴുതുന്ന രീതിയിലായിരുന്നു ഈ അക്ഷരങ്ങൾ എഴുതിയിരുന്നത്. ഒരേ അക്ഷരം രണ്ടുതവണ തുടർച്ചയായി എഴുതിയാണ് കൂട്ടക്ഷരങ്ങൾ രൂപപ്പെടുത്തുക. കക എന്നെഴുതിയാൽ ക്ക എന്നും തത എന്നെഴുതിയാൽ ത്ത എന്നും വായിക്കണം. കൂടിച്ചേർന്ന അക്ഷരങ്ങൾക്ക് പ്രത്യേക ലിപിയിലില്ലായിരുന്നു. കൂട്ടക്ഷരങ്ങളും ഇരട്ടിപ്പികളും മനോധർമ്മം പോലെ വട്ടെഴുത്തിൽ വായിക്കണമായിരുന്നു.പിൽക്കാലത്തു വട്ടെഴുത്തു ലിപിക്ക് രൂപപരിണാമം വന്നിട്ടുണ്ട്. [2]
രാജകീയശാസനങ്ങളുടെ തുടക്കത്തിൽ 'ഹരിഃശ്രീ ഗണപതയേ നമഃ', 'സ്വസ്തി ശ്രീ' തുടങ്ങിയ സംസ്കൃത പദങ്ങൾ മാറ്റി അവയ്ക്കു പകരം 'നമോ നാരായണ' എന്നതായിരുന്നു എല്ലാ വട്ടെഴുത്തു ലിഖിതങ്ങളുടെയും ആരംഭത്തിൽ ഉപയോഗിച്ചു പോന്ന പ്രയോഗം. ആതിലെ ആദ്യാക്ഷരങ്ങളായ 'ന' കാരവും 'മ' കാരവും ചേർത്താണ് വട്ടെഴുത്തിന് 'നാനംമോനം' എന്നു പേരിട്ടത്.[3][പ്രവർത്തിക്കാത്ത കണ്ണി] ബുദ്ധമത പ്രാഭവകാലത്ത് കുടിപ്പള്ളിക്കൂടങ്ങളിൽ അക്ഷരമാലയ്ക്കു നാനംമോനം എന്നായിരുന്നു പറഞ്ഞിരുന്നത്. നകാരം, മകാരം എന്ന മലയാളത്തിലെ പ്രയോഗത്തിനുപകരം നാനം, മോനം എന്നരീതിയിലായിരുന്നു അക്ഷങ്ങളെ വ്യവഹരിച്ചിരുന്നത്. നാനം, മോനം, ഇത്തനം, തൂവനം, ചിനം, ഇന്നനം, താനം, ഉമ്മനം എന്നായിരുന്നു അക്ഷരമാല വായിച്ചിരുന്നത്[1]. 'നമൊസ്തു ജിനതെ' എന്ന് ജിനദേവനെ സ്തുതിക്കുന്നതിലെ ആദ്യാക്ഷരങ്ങൾ ചേർന്നതാണിതെന്നും പറയപ്പെടുന്നു[4]
വട്ടെഴുത്തിനെ യൂണികോഡിലേക്ക് എൻകോഡ് ചെയ്യാനുള്ള ശ്രമങ്ങൾ നടന്നു വരുന്നുണ്ട്. ഇതു സാധ്യമായാൽ ലോകമെമ്പാടുമുള്ള ഭാഷാ വിദഗ്ധർക്ക് സ്‌ക്രിപ്റ്റ് നന്നായി പഠിക്കാനും മനസിലാക്കാനും കഴിയും. 2016ൽ ബർക്ക് ലി സർവകലാശാലയിലെ അൻഷുമാൻ പാണ്ഡെ ഒരു പ്രൊപ്പോസൽ യൂണികോഡ് കൺസോർഷ്യത്തിന് സമർപ്പിച്ചിരുന്നെങ്കിലും അംഗീകരിക്കപ്പെട്ടില്ല. [5]
{{cite journal}}
: Check date values in: |accessdate=
(help); Unknown parameter |month=
ignored (help)
എസ് രാജേന്ദു, ചാഴൂർ ചെപ്പേട്, എൻ.ബി.എസ്. കോട്ടയം, 2015