ജീവിതയാഥാർഥ്യങ്ങളെ പച്ചയായി ചിത്രീകരിക്കുന്ന കവിതകൾ എഴുതി ശ്രദ്ധേയനായ മലയാള സാഹിത്യകാരനായിരുന്നു വൈലോപ്പിള്ളി ശ്രീധരമേനോൻ (ജീവിതകാലം: 1911 മെയ് 11 - 1985 ഡിസംബർ 22 ). [1] എറണാകുളം ജില്ലയിൽ തൃപ്പൂണിത്തറയിൽ കൊച്ചുകുട്ടൻ കർത്തയുടെയും നാണിക്കുട്ടിയമ്മയുടേയും പുത്രനായി ജനിച്ചു, സസ്യശാസ്ത്രത്തിൽ ബിരുദമെടുത്തതിനുശേഷം 1931-ൽ അദ്ധ്യാപനവൃത്തിയിൽ പ്രവേശിച്ചു. ഭാനുമതിയമ്മയെ വിവാഹം ചെയ്തു. രണ്ട് ആൺമക്കൾ, ശ്രീകുമാർ, വിജയകുമാർ. 1966-ൽ ഹൈസ്കൂൾ പ്രധാനാദ്ധ്യാപകനായാണ് വിരമിച്ചത്. മലയാളിയുടെ ഏറ്റവും സൂക്ഷ്മമായ രഹസ്യങ്ങളിൽ രൂപകങ്ങളുടെ വിരലുകൾകൊണ്ട് സ്പർശിച്ച കവിയാണ് വൈലോപ്പിള്ളി. എല്ലാ മരുഭൂമികളെയും നാമകരണം ചെയ്തു മുന്നേറുന്ന അജ്ഞാതനായ പ്രവാചകനെപ്പോലെ മലയാളിയുടെ വയലുകൾക്കും തൊടികൾക്കും സഹ്യപർവ്വതത്തിനും കയ്പവല്ലരിയ്ക്കും മണത്തിനും മഴകൾക്കുമെല്ലാം കവിതയിലൂടെ അനശ്വരതയുടെ നാമം നൽകിയ വൈലോപ്പിള്ളി, കേരളത്തിന്റെ പുൽനാമ്പിനെ നെഞ്ചിലമർത്തിക്കൊണ്ട് എല്ലാ സമുദ്രങ്ങൾക്കും മുകളിൽ വളർന്നു നിൽക്കുന്നു. മാമ്പൂവിന്റെ മണവും കൊണ്ടെത്തുന്ന വൃശ്ചികക്കാറ്റ് മലയാളിയുടെ ഓർമ്മകളിലേക്ക് സങ്കടത്തിന്റെ ഒരശ്രുധാരയും കൊണ്ടുവരുന്നുണ്ട്. വൈലോപ്പിള്ളിയുടെ മാമ്പഴത്തിലൂടെ മലയാളി അനുഭവിച്ചറിഞ്ഞ ആ പുത്രദുഃഖം, ഒരു പക്ഷേ, ഭൂമിയുടെ അനശ്വരമായ മാതൃത്വത്തിലേക്ക് തിരിച്ചുപോയ പുത്രന്മാരുടെയും ജനപദങ്ങളുടെയും ഖേദമുണർത്തുന്നു. ഈ മഹാകവി രക്തസ്രാവത്തെ തുടർന്ന് 1985 ഡിസംബർ 22-ന് അന്തരിച്ചു.
"ശ്രീ" എന്ന തൂലികാനാമത്തിൽ എഴുതിത്തുടങ്ങിയ കവിയുടെ കവിതകൾ പലതും കേരളത്തിൽ ഒരു ഭാവുകപരിവർത്തനം സൃഷ്ടിച്ചു. രണ്ട് ലോകമഹായുദ്ധങ്ങൾ കണ്ട ഭൂമി, അതിന്റെ ഫലമായുണ്ടായ പട്ടിണിയും ദാരിദ്ര്യവും, എന്നിങ്ങനെ തികച്ചും അശാന്തമായ ഒരു കാലഘട്ടത്തിലാണ് കവി തന്റെ യൌവനം കഴിച്ചു കൂട്ടിയത്. കാലവും ലോകവും മാറുന്നു എന്നതാണ് വൈലോപ്പിള്ളിക്കവിതയുടെ ആധാരശില.വൈലോപ്പിള്ളിയുടെ സമപ്രായക്കാരനും, അടുത്തടുത്ത ഗ്രാമങ്ങളിൽ ജനിച്ചവരുമായിരുന്ന ചങ്ങമ്പുഴയുടേയും, ഇടപ്പള്ളി രാഘവൻപിള്ളയുടെയും കാൽപ്പനിക പ്രസ്ഥാനങ്ങൾ മലയാള കവിതാ രംഗത്തിൽ വെന്നിക്കൊടി പാറിച്ച് നിൽക്കുന്ന അവസരത്തിൽ അതിൽ നിന്നും തീർത്തും വ്യത്യസ്തമായി യാഥാർത്ഥ്യത്തിന്റെ ഒരു പാത വെട്ടിത്തെളിച്ചെടുത്തവരിൽ ഒരാളായിരുന്നു വൈലോപ്പിള്ളി. ഇടശ്ശേരി ഗോവിന്ദൻ നായർ, എൻ.വി. കൃഷ്ണവാര്യർ മുതലായവരായിരുന്നു അദ്ദേഹത്തിന്റെ സമപ്രായക്കാരും സമശൈലീയരും ആയിരുന്ന ചിലർ.
തികച്ചും വ്യത്യസ്തമായ ഒരു ജീവിത ബോധം ആണ് കവിയുടെ കവിതകളിൽ വായിച്ചെടുക്കാവുന്നത്. ജീവിതം പരാജയത്തെ അഭിമുഖീകരിക്കുന്നതും ആ കവിതകളിൽ കാണാം, പക്ഷേ ഒരു പിന്തിരിയലോ കീഴടങ്ങലോ കവിതകളിൽ കാണാൻ കഴിയില്ല. യാഥാർത്ഥ്യബോധത്തിൽ അടിയുറച്ചിരുന്നതുകൊണ്ട് അക്കവിതകളിൽ അസാമാന്യ ദൃഢത ഉണ്ടായി, "എല്ലുറപ്പുള്ള കവിത" എന്നാണ് കടൽ കാക്കകൾ എന്ന സമാഹാരത്തിന്റെ അവതാരികയിൽ പി. എ. വാര്യർ എഴുതിയത്. അനാവശ്യമായി ഒരൊറ്റ വാക്കു പോലും ഉപയോഗിക്കാതിരിക്കുക എന്നതാണ് വൈലോപ്പിള്ളിയുടെ രീതി "എന്തോ വ്യത്യാസമുണ്ടാ കൃതിക്ക്, വെറും പാലുപോലുള്ള കവിതകളല്ല, കാച്ചിക്കുറുക്കിയ കവിത" എന്ന് എം.എൻ. വിജയൻ ആ ശൈലിയെ വിശേഷിപ്പിച്ചതും മറ്റൊന്നും കൊണ്ടല്ല
ഒരു തലമുറയിൽ നിന്ന് മറ്റൊരു തലമുറയിലേക്ക് പകർന്നു കൊണ്ടു പോകുന്ന ഒരു നിരന്തരതയാണ് കവിക്ക് ജീവിതം. ഇന്നു വിതക്കുന്ന വിത്ത് ലോകത്ത് ആദ്യം നട്ട വിത്തിന്റെ നൈരന്തര്യം ആണ്. ഇവിടുത്തെ നാളത്തെ പാട്ട് ഇന്നിന്റെ പാട്ടിന്റെ തുടർച്ച തന്നെ ആണ്.
“ | "കന്നിനാളിലെക്കൊയ്ത്തിനു വേണ്ടി മന്നിലാദിയിൽ നട്ട വിത്തെല്ലാം പൊന്നലയലച്ചെത്തുന്നു നോക്കൂ, പിന്നെയെത്രയോ കൊയ്ത്തുപാടത്തിൽ ഹാ, വിജിഗീഷു മൃത്യുവിന്നാമോ, ജീവിതത്തിൻ കൊടിപ്പടം താഴ്ത്താൻ?" (കന്നിക്കൊയ്ത്ത്) |
” |
അതുപോലെ തന്നെ മനുഷ്യരും സകല ദുരിതങ്ങളേയും അതിജീവിച്ച് പരാജയപ്പെട്ടും വിജയിച്ചുമൊക്കെ ജീവിതം മുന്നോട്ടു കൊണ്ടുപോകുമെന്നാണ് കവി പ്രത്യാശിക്കുന്നത്. ദുഃഖത്തിന്റെ എല്ലാ പായൽ കറുപ്പിന്റെ മുകളിലും മനോവെളിച്ചത്തിന്റെ നെല്ലിപ്പൂക്കൾ വിരിഞ്ഞുനിൽക്കുന്നതായി വൈലോപ്പിള്ളി കരുതുന്നു. സമത്വസുന്ദരമായ ലോകത്തിന്റെ കേരളീയ മിത്തായ ഓണവും വൈലോപ്പിള്ളിയെ ഏറെ ആകർഷിച്ചിട്ടുണ്ട്. കവിയെന്ന നിലയിൽ അക്കാലം പുനഃസൃഷ്ടിക്കുകയാണ് തന്റെ ദൌത്യമെന്നും വൈലോപ്പിള്ളി വിശ്വസിച്ചിരുന്നു.
“ | "അത്രയുമല്ല പുരാതന കാഞ്ചന കാലം പുൽകിയ കണ്ണാൽ ഭാവിയു- രുത്തിരിയുന്ന വിദൂരതയിങ്കലു- മൊരു തിരുവോണം കാണ്മൂ ഞങ്ങൾ" (ഓണപ്പാട്ടുകാർ) |
” |
എന്നാണ് കവി പാടിയിരിക്കുന്നതും.
വൈലോപ്പിള്ളികവിതകളിൽ സൂക്ഷ്മമായി പരിശോധിക്കുമ്പോൾ സാമൂഹ്യശാസ്ത്രത്തിൽ അടിസ്ഥാനപ്പെട്ടുള്ള ചരിത്രപരത ഇഴചേർക്കപ്പെട്ടിട്ടുള്ളതായി കാണാൻ സാധിക്കും.
ജീവിതത്തിൽ ഒരിക്കൽ ചെയ്ത തെറ്റ് ജീവിതന്ത്യം വരേയും വേട്ടയാടിയേക്കാമെന്നും, അരേയും വേദനിപ്പിക്കാതെ ജീവിക്കേണ്ടതിന്റെ അടിസ്ഥാനത്തെ കുറിച്ചും കവി ഏറെ ഹൃദയംഗമമായി പാടിയിട്ടുണ്ട്. കവിയുടെ ഏറ്റവും പ്രശസ്തമായ കൃതികളിലൊന്നായ "മാമ്പഴം" അത്തരത്തിലൊരു കഥയാണല്ലോ പറയുന്നത്. മാമ്പൂക്കുല ഒടിച്ചതിന് തല്ലുകൊള്ളുമെന്നു പറഞ്ഞ മാതാവിനോട് "മാമ്പഴം പെറുക്കുവാൻ ഞാൻ വരുന്നില്ല" എന്നു പറഞ്ഞ് "വാനവർക്കാരോമലായ്" പോയ മകനെ ഓർത്ത്
“ | അങ്കണത്തൈമാവിൽ നിന്നാദ്യത്തെ പഴം വീഴ്കെ അമ്മതൻ നേത്രത്തിൽ നിന്നുതിർന്നു ചുടു കണ്ണീർ |
” |
വായനക്കാരുടെയും കണ്ണീരാകുന്നത് കവിയുടെ ആശയങ്ങളുടെ പ്രസക്തിയും വിജയവും കാണിക്കുന്നു. അതുപോലെ തന്നെ പയർ വറക്കുമ്പോൾ കുറഞ്ഞു പോകുമെന്ന പരമാർഥമറിയാതെ കുഞ്ഞിനെ കൊന്ന ചങ്ങാലി പ്രാവിന്റെ കഥയും മറ്റൊന്നല്ല തെളിയിക്കുന്നത്.
“ | "ഉരിമണിപ്പയറിനു കുഞ്ഞിനെക്കൊന്നേൻ, ഉലകത്തിലെന്തിനു ഞാനിരിപ്പൂ, മേലി- ലുലകത്തിലെന്തിനു ഞാനിരിപ്പൂ." (ചങ്ങാലി പ്രാവ്) |
” |
ശാസ്ത്രത്തേയും പുരോഗതിയേയും ഏറെ പ്രതീക്ഷയോടെ ആയിരുന്നു കവി കണ്ടിരുന്നത്, പക്ഷെ ശാസ്ത്രത്തിന്റെ വഴിപിഴച്ചപോക്കിനെ കുറിച്ച് അദ്ദേഹം ആകുലപ്പെട്ടിരുന്നു.
മഴപെയ്ത് ഈറനായ ഒരു പ്രഭാതത്തിൽ തീപ്പെട്ടി കത്തിച്ച് ഒരു കാപ്പിപോലും കുടിക്കുവാൻ കഴിയാതെയിരുന്ന ഒരു പ്രഭാതത്തിൽ കവി, ഭാരതം ഒരു അണുശക്തിരാഷ്ട്രം ആയതിനേക്കുറിച്ച്
“ | "പാഴ്പിട്ടിനാലെ മരുന്നു പുരട്ടിയ തീപ്പെട്ടി കത്തായ്കിലെന്തു ദോഷം ആറാമതാമണുശക്തിയായ്ത്തീർന്നെന്റെ വീറാർന്ന നാടുജ്ജ്വലിക്കയല്ലീ" (തീപ്പെട്ടി) |
” |
എന്നാണ് വേണ്ടത്ര പുഛത്തോടെ ഓർത്തത്.
നിർഭയത ആയിരുന്നു കവിയുടെ മുഖമുദ്ര. അടിയന്തരാവസ്ഥക്കെതിരെ പ്രതികരിച്ച അപൂർവ്വം മലയാളികളിൽ ഒരാളായിരുന്നു വൈലോപ്പിള്ളി. അടിയന്തരാവസ്ഥയുടെ അച്ചടക്കത്തെ പ്രകീർത്തിച്ചിട്ട് "എല്ലാമിപ്പോൾ ഭദ്രമായി, ബ്രിട്ടീഷുകാർ വാണകാലം പോലെ" എന്നാണ് കവി പരിഹസിച്ചത്.
സഹജീവിസ്നേഹവും വൈലോപ്പിള്ളിയിൽ വേണ്ടുവോളമുണ്ടായിരുന്നു. കവി പ്രകൃതിയെ വർണ്ണിക്കുന്നതിങ്ങനെയാണ്.
“ | "ചെറുമീനിണക്കായി സാഗരം തീർപ്പൂമാതാ- വിരുപൂവിനുവേണ്ടി വസന്തം ചമയ്ക്കുന്നു, പുഴുവെ പൂമ്പാറ്റയായുടുപ്പിക്കുന്നു, മാനിൻ വഴിയേ തിരുമണ കസ്തൂരിമണം ചേർപ്പൂ" (ഉജ്ജ്വല മുഹൂർത്തം) |
” |
സഹ്യന്റെ മകൻ എന്ന കവിതയിൽ മനുഷ്യൻ പ്രകൃതിയോടു ചെയ്യുന്ന ദ്രോഹങ്ങൾക്കു കവിക്കുള്ള രോഷം കാണാം. അമ്പലത്തിൽ എഴുന്നള്ളിപ്പിനിടെ മദം പൊട്ടിയ ആന കാട്ടിയ പരാക്രമങ്ങളെല്ലാം പണ്ട് അവനെ ഇണക്കുന്നതിനു മുൻപ് അവൻ കാട്ടിൽ ചെയ്തിരുന്ന വിക്രിയകളായിരുന്നു. ഒടുവിൽ പട്ടാളക്കാരന്റെ വെടിയേറ്റു നിലവിളിയോടെ വീണു.
“ | ദ്യോവിനെ വിറപ്പിക്കുമാ വിളി കേട്ടോ മണി- ക്കോവിലിൽ മയങ്ങുന്ന മാനവരുടെ ദൈവം! എങ്കിലുമതുചെന്നു മറ്റൊലിക്കൊണ്ടു പുത്ര- സങ്കടം സഹിയാത്ത സഹ്യന്റെ ഹൃദയത്തിൽ |
” |
എന്നാണ് കവിയും സങ്കടം സഹിക്കാതെ പാടിയത്.
കേരള ഗ്രാമജീവിതം വൈലോപ്പിള്ളിയുടെ ഇഷ്ടവിഷയങ്ങളിൽ ഒന്നായിരുന്നു, കൊയ്ത്തും, മെതിയും, നാട്ടുമ്പുറവും കവിയെ ഏറെ പ്രചോദിപ്പിച്ചു. പ്രകൃതിയുടെ കേവലസൗന്ദര്യത്തെ വർണ്ണിക്കുന്ന മറ്റുള്ള കവികളിൽ നിന്ന് വ്യത്യസ്തമായി പ്രകൃതിയും മനുഷ്യനും ചേരുമ്പോഴുണ്ടാകുന്ന സമഗ്രസൗന്ദര്യമായിരുന്നു അദ്ദേഹത്തിന് പ്രിയങ്കരം. തന്റെ വിഷുക്കണി എന്ന കവിതയിൽ ഗ്രാമത്തിന്റെ നിഷ്കളങ്കതയും നന്മയും കവി വരച്ചിടുന്നു.
“ | ഏതു ധൂസരസങ്കൽപ്പത്തിൽ വളർന്നാലും,
ഏതു യന്ത്രവത്കൃത ലോകത്തിൽ പുലർന്നാലും, |
” |
എന്നാണ് കവി ആഗ്രഹിച്ചതു തന്നെ.
“ | കുടങ്ങളിലിളങ്കള്ളും, കുടയണിപ്പച്ചത്തെങ്ങും,
കുടമെതിർമുലതുള്ളും പെൺകിടാങ്ങളും |
” |
എന്നാണ് കവി ജന്മനാടിനെ വർണ്ണിക്കുന്നത്. എങ്കിലും കവി യാഥാർത്ഥ്യബോധത്തേയും കൈവിടുന്നില്ല,
“ | അതിഥികൾക്കെല്ലാമമരദേശമീ-
ക്കിതവി ഞങ്ങൾക്കു നരകദേശവും |
” |
കേരളീയത വൈലോപ്പിള്ളിക്ക് അന്ധവും ഭ്രാന്തവും ആയിരുന്നില്ല എന്നർത്ഥം.
ജന്മിത്തത്തേക്കാളേറെ വൈലോപ്പിള്ളി ചെവികൊടുത്തത് അടിസ്ഥാനവർഗ്ഗക്കാരുടേയും പണിയാളരുടെയും പ്രശ്നങ്ങൾക്കാണ്. വൈലോപ്പിള്ളിക്കവിതകളിൽ ഏറെ തെളിഞ്ഞു കാണാവുന്ന ഒന്നാണ് അടിസ്ഥാനവർഗ്ഗ പക്ഷപാതം. കുടിയൊഴിക്കൽ, കന്നിക്കൊയ്ത്ത്, കാക്ക, ഓണപ്പാട്ടുകാർ, ഓണമുറ്റത്ത്, വിഷുക്കണി, അഭിവാദനം, യുഗപരിവർത്തനം, തുടങ്ങിയ കവിതകളിൽ കൂടുതലായി ഇതിന്റെ അനുരണനങ്ങൾ കാണാൻ സാധിക്കും. പുരോഗമനവും മാറ്റവും കവിയെ ഏറ്റവും സ്വാധീനിച്ച രണ്ട് ആശയങ്ങളാണ്, അവ രണ്ടും അടിസ്ഥാനപരമായിത്തന്നെ മാർക്സിയൻ ആശയങ്ങളാണ്. തൊഴിലാളി വർഗ്ഗവിപ്ലവം 'സ്നേഹസുന്ദരപാതയിലൂടാകട്ടെ" എന്ന് കുടിയൊഴിക്കലിലൂടെ ആഹ്വാനം ചെയ്തത് ഏറെ പ്രസിദ്ധവുമാണ്. തകരുന്ന ജന്മിത്തമേടകളിലിരുന്ന് പുതിയ യുഗത്തെ ആത്മാർഥമായി സ്വാഗതം ചെയ്യുന്ന കഥാപാത്രങ്ങളെ "യുഗപരിവർത്തനം", "കുടിയൊഴിക്കൽ" മുതലായ കൃതികളിൽ കാണാൻ സാധിക്കും. അവരെ കവിയോടു തന്നെ സമരസപ്പെടുത്തി വായിക്കുവാനും കഴിയും.
വൈലോപ്പിള്ളി സ്മാരക സമിതി ഏർപ്പെടുത്തിയ അവാർഡ് 10,001 രൂപയും പ്രശസ്തിഫലകവുമടങ്ങിയതാണ് വൈലോപ്പിള്ളി സാഹിത്യ പുരസ്കാരം