എം.ചന്ദ്രൻ | |
---|---|
നിയമസഭാംഗം | |
ഓഫീസിൽ 2011, 2006 | |
മുൻഗാമി | വി.ചെന്താമരാക്ഷൻ |
പിൻഗാമി | കെ. ഡി.പ്രസന്നൻ |
മണ്ഡലം | ആലത്തൂർ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 1946 ജൂലൈ 15 ആനക്കര, തൃത്താല, പാലക്കാട് ജില്ല |
മരണം | മേയ് 1, 2023 എറണാകുളം | (പ്രായം 76)
രാഷ്ട്രീയ കക്ഷി | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) |
പങ്കാളി | കെ.കോമളവല്ലി |
കുട്ടികൾ | 2 |
As of മെയ് 4, 2023 ഉറവിടം: കേരള നിയമസഭ |
2006 മുതൽ 2016 വരെ ആലത്തൂരിൽ നിന്നുള്ള നിയമസഭാംഗമായിരുന്ന പാലക്കാട് ജില്ലയിൽ നിന്നുള്ള മുതിർന്ന സി.പി.എം നേതാവായിരുന്നു എം.ചന്ദ്രൻ.(1946-2023) മാർക്സിസ്റ്റ് പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ്-സംസ്ഥാന സമിതി അംഗമായും മാർക്സിസ്റ്റ് പാർട്ടിയുടെ പാലക്കാട് ജില്ലാസെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. വാർധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിലിരിക്കെ 2023 മെയ് ഒന്നിന് അന്തരിച്ചു.[1][2]
പാലക്കാട് ജില്ലയിലെ തൃത്താല താലൂക്കിലെ ആനക്കരയിൽ മേലേപ്പുറത്ത് വീട്ടിൽ എം.കൃഷ്ണൻ്റെയും അമ്മുക്കുട്ടിയുടേയും മകനായി 1946 ജൂലൈ 15ന് ജനനം. പത്താം തരമാണ് വിദ്യാഭ്യാസ യോഗ്യത. കേരള സ്റ്റുഡൻ്റ്സ് ഫെഡറേഷനിലൂടെ രാഷ്ട്രീയ പ്രവർത്തനമാരംഭിച്ചു. 1970-ൽ മാർക്സിസ്റ്റ് പാർട്ടി അംഗമായ ചന്ദ്രൻ 1975 മുതൽ 1982 വരെ കപ്പൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്നു. 1982-ൽ തൃത്താല ഏരിയ കമ്മറ്റിയുടെ ആദ്യ സെക്രട്ടറിയായി. 1985-ൽ പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റിലേക്കും 1987-ൽ പാർട്ടി സംസ്ഥാന കമ്മറ്റിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. 1987-ൽ മാർക്സിസ്റ്റ് പാർട്ടിയുടെ പാലക്കാട് ജില്ലാ സെക്രട്ടറിയായിരുന്ന ടി.ശിവദാസമേനോൻ മന്ത്രിയായതിനെ തുടർന്ന് ജില്ലാ സെക്രട്ടറിയായി. 1987 വരെ 1998 വരെ ജില്ലാ സെക്രട്ടറിയായിരുന്ന എം.ചന്ദ്രൻ 1998-ൽ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി.
1998-ലെ പാലക്കാട് സംസ്ഥാന സമ്മേളനത്തോടെ മാർക്സിസ്റ്റ് പാർട്ടിയിൽ മേധാവിത്തം നേടിയ വി.എസ്.അച്യുതാനന്ദൻ്റെ അടുത്ത അനുയായിയായി അറിയപ്പെട്ടു. 1998-ൽ പാർട്ടി സെക്രട്ടറിയായ പിണറായി വിജയൻ 2005-ലെ മലപ്പുറം സമ്മേളനത്തിൽ പാർട്ടി പിടിച്ചതോടെ വി.എസിൻ്റെ പാർട്ടിയിലെ പിടി അയഞ്ഞു.[3]2006-ൽ വി.എസ് പക്ഷക്കാരായ എം.ചന്ദ്രനെയും എസ്.ശർമ്മയെയും പാർട്ടി സെക്രട്ടേറിയറ്റിൽ നിന്ന് സംസ്ഥാന സമിതിയിലേക്ക് തരംതാഴ്ത്തി. 2022-ലെ എറണാകുളം സമ്മേളനത്തോടെ എം.ചന്ദ്രൻ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവായി.
2006 മുതൽ 2016 വരെ ആലത്തൂരിൽ നിന്നുള്ള നിയമസഭാംഗമായിരുന്നു. 2006-ൽ എം.ചന്ദ്രനെ ആലത്തൂർ വിജയിപ്പിച്ചത് നിയമസഭ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ അതു വരെയുള്ള ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ്. 47,671 വോട്ടിന്റെ ഭൂരിപക്ഷമാണ് അന്ന് നേടിയത്. മികച്ച സംഘാടകനെന്ന നിലയിൽ ശ്രദ്ധേയനായി. കപ്പൂർ പഞ്ചായത്ത് പ്രസിഡന്റ്(1980-1988), സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി, കർഷക സംഘം ജില്ലാ സെക്രട്ടറി, വിവിധ ട്രേഡ് യൂണിയനുകളുടെ ഭാരവാഹി എന്നീ നിലകളിലും പ്രവർത്തിച്ചു. നിലവിൽ സി.പി.എം ജില്ലാക്കമ്മറ്റിയിൽ പ്രത്യേക ക്ഷണിതാവായിരുന്നു.[4]
വാർധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിലിരിക്കെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് 2023 മെയ് ഒന്നിന് അന്തരിച്ചു.[5]