കെ.ആർ. രാമനാഥൻ | |
---|---|
![]() | |
ജനനം | |
മരണം | 31 ഡിസംബർ 1984 |
ദേശീയത | ഇന്ത്യൻ. |
കലാലയം | മദ്രാസ് പ്രസിഡൻസി കോളേജ് ചെന്നൈ, വിക്ടോറിയ കോളേജ് പാലക്കാട് |
അവാർഡുകൾ |
|
Scientific career | |
Fields | ഭൗതികശാസ്ത്രം, അന്തരീക്ഷ വിജ്ഞാനം |
അന്തരീക്ഷവിജ്ഞാനം പിച്ചവെച്ചു തുടങ്ങിയ കാലത്തു തന്നെ തന്റെതായ സംഭാവനകൾ നൽകി ലോകശ്രദ്ധ പിടിച്ചു പറ്റിയ ഒരു മലയാളി ശാസ്ത്രജ്ഞനാണ് പ്രൊഫ. കെ.ആർ. രാമനാഥൻ എന്ന കൽപ്പാത്തി രാമകൃഷ്ണ രാമനാഥൻ(1893-1985).[1] പാലക്കാട്ടെ കൽപ്പാത്തിയിൽ 1893 ഫെബ്രുവരി മാസത്തിലാണ് രാമനാഥൻ ജനിച്ചത്. അഹമ്മദബാദ് ഫിസിക്കൽ ലബോറട്ടറിയുടെ ആദ്യത്തെ ഡയറക്ടറായിരുന്നു.[2] 1965ൽ പത്മഭൂഷൻ പുരസ്കാരവും 1976ൽ പത്മവിഭൂഷൻ പുരസ്കാരവും ലഭിച്ചു.[3][4]
പാലക്കാട് ജില്ലയിലെ കൽപ്പാത്തിയിൽ ജനിച്ചു. പാലക്കാട് വിക്റ്റോറിയ കോളേജിൽ നിന്ന് ബി.എ. ബിരുദവും മദ്രാസ് പ്രസിഡൻസി കോളേജിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ എം.എ. ബിരുദവും നേടി. പ്രസിഡൻസി കോളേജിൽ പരീക്ഷകനായി വന്ന പ്രൊഫ. സ്റ്റീഫൻസന് രാമനാഥന്റെ കഴിവിൽ താൽപര്യം തോന്നുകയും തിരുവനന്തപുരം മഹാരാജാസ് കോളേജിൽ ഡമോൺസ്ട്രേറ്ററായി ജോലി വാഗ്ദാനം ചെയ്യുകയും ചെയ്തു. ഈ സമയത്ത് തിരുവനന്തപുരം നക്ഷത്രബംഗ്ലാവിൽ നിത്യസന്ദർശകനായി. അവിടെ വെച്ചു നടത്തിയ പഠനങ്ങളുടെ ഫലമായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ ഗവേഷണപ്രബന്ധം. കേരളത്തിൽ മെയ്, ഒക്ടോബർ മാസങ്ങളിൽ ലഭിക്കുന്ന ഇടിയോടു കൂടിയുള്ള മഴയുടെ ഉത്ഭവത്തെ പറ്റിയുള്ളതായിരുന്നു ഈ പഠനം. കുറച്ചു കാലം ഈ നക്ഷത്രബംഗ്ലാവിന്റെ ഓണററി ഡയരക്ടറായും അദ്ദേഹം ജോലി ചെയ്തു.[1]
1921 രാമനാഥൻ കൊൽക്കൊത്തയിലേക്കു പോവുകയും അവിടെ സി.വി.രാമനോടൊത്ത് ദ്രാവകങ്ങളിലെ പ്രകാശപ്രകീർണ്ണനത്തെ കുറിച്ചുള്ള ഗവേഷണത്തിൽ ഏർപ്പെടുകയും ചെയ്തു. ഈതർ, ബൻസീൻ, കാർബ്ബൺ ഡയോക്സൈഡ് എന്നിവ ദ്രാവകാവസ്ഥയിൽ നിന്നും വാതകാവസ്ഥയിലേക്കു മാറുമ്പോൾ ഉണ്ടാവുന്ന പ്രകാശത്തിന്റെ പ്രകീർണ്ണനത്തെ കുറിച്ചായിരുന്നു പഠനം. 1922ൽ ഈ ഗവേഷണത്തിന് മദ്രാസ് യൂണിവേഴ്സിറ്റി അദ്ദേഹത്തിനെ D.Sc. ബിരുദം നൽകി.[1]
1922ൽ രാമനാഥൻ റംഗൂൺ യൂണിവേഴ്സിറ്റിയിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലിയിൽ പ്രവേശിച്ചു. ഈ സമയത്തും അദ്ദേഹം അവധിക്കാലങ്ങളിൽ കൽക്കത്തയിലെത്തി തന്റെ ഗവേഷണം തുടർന്നു. ജലത്തിൽ നടക്കുന്ന പ്രകാശപ്രകീർണ്ണനത്തെ പറ്റി നിരവധി പഠനങ്ങൾ ഈ കാലത്ത് അദ്ദേഹം നടത്തി. ശുദ്ധജലം കൊണ്ട് രാമനാഥൻ നടത്തിയ പരീക്ഷണങ്ങൾ പിന്നീട് രാമൻ പ്രഭാവം കണ്ടുപിടിക്കാൻ തനിക്കു പ്രചോദനം നൽകിയതായി നോബൽ സമ്മാനം സ്വീകരിച്ചു കൊണ്ടു നടത്തിയ പ്രസംഗത്തിൽ സി.വി. രാമൻ പറയുകയുണ്ടായി.[1]
1925ൽ അദ്ദേഹം ഇന്ത്യൻ മീറ്റിയറോളജിക്കൽ വകുപ്പിൽ സീനിയർ സയന്റിസ്റ്റ് തസ്തികയിൽ ജോലിയിൽ പ്രവേശിച്ചു. ആഗ്ര വാനനിരീക്ഷണാലയത്തിൽ ജോലി നോക്കുമ്പോഴാണ് അന്തരീക്ഷപഠനത്തിനായി ഇന്ത്യയിൽ ആദ്യമായി അദ്ദേഹം ഉപകരണങ്ങൾ പിടിപ്പിച്ച ബലൂണുകൾ ഉപയോഗിച്ചത്. ഭൂമദ്ധ്യരേഖാപ്രദേശത്തിനു മുകളിലാണ് അന്തരീക്ഷത്തിലെ ഏറ്റവും ചൂടുള്ള വായു എന്നു തെളിയിച്ചത് ഈ പരീക്ഷണങ്ങളാണ്. 1948ൽ ഡപ്യൂട്ടർ ഡയറക്റ്റർ ജനറൽ സ്ഥാനത്തിരിക്കുമ്പോഴാണ് അവിടെ നിന്നും വിരമിച്ചത്. അതേ വർഷം തന്നെ അഹമ്മദബാദ് ഫിസിക്കൽ റിസർച്ച് ലബോറട്ടറിയുടെ ആദ്യത്തെ ഡയറക്റ്ററായി ജോലിയിൽ പ്രവേശിച്ചു. അദ്ദേഹത്തിന്റെ ശ്രമഫലമായാണ് അവിടെ അത്യാധുനികമായ ഡോബ്സൺ ഓസോൺ സ്പെക്ട്രോമീറ്റർ സ്ഥാപിക്കപ്പെടുന്നത്. ഇതുപയോഗിച്ചു നടത്തിയ പഠനങ്ങളിൽ നിന്നാണ് ഓസോണിന്റെ ദ്വിവാർഷിക വ്യതിയാനം എന്ന പ്രതിഭാസം കണ്ടെത്തുന്നത്. 1966ൽ അവിടെ നിന്നും അദ്ദേഹം വിരമിച്ചു എങ്കിലും 1984ൽ 91-ാമത്തെ വയസ്സിൽ മരിക്കുന്നതു വരെയും എമിരറ്റസ് പ്രൊഫസർ എന്ന നിലയിൽ തന്റെ സേവനം ഈ സ്ഥാപനത്തിന് അദ്ദേഹം നൽകിവന്നു.[1]
ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമി അദ്ദേഹത്തിന്റെ സ്മരണക്കായി 1987 മുതൽ കൽപ്പാത്തി രാമകൃഷ്ണൻ രാമനാഥൻ മെഡൽ നൽകിവരുന്നുണ്ട്.[8]