The Duke of Devonshire | |
---|---|
Leader of the Liberal Party | |
ഓഫീസിൽ 1875–1880 | |
മുൻഗാമി | William Ewart Gladstone |
പിൻഗാമി | William Ewart Gladstone |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 23 July 1833 |
മരണം | 24 മാർച്ച് 1908 Cannes, France | (പ്രായം 74)
ദേശീയത | British |
രാഷ്ട്രീയ കക്ഷി | Liberal Liberal Unionist |
പങ്കാളി | Louisa Frederica Augusta von Alten |
അൽമ മേറ്റർ | Trinity College, Cambridge |
ബ്രിട്ടിഷ് രാജ്യതന്ത്രജ്ഞനായിരുന്നു സ്പെൻസർ കാവെന്റിഷ്. ഡ്യൂക്ക് പദവിയുടെ അനന്തരവകാശിയായിരുന്ന സമയത്ത് മാർക്വീസ് ഓഫ് ഹാർട്ടിങ്ടൻ എന്ന സ്ഥാനപ്പേരിൽ അറിയപ്പെട്ടു. ലിബറൽ യൂണിയനിസ്റ്റ് പാർട്ടിയുടെ സ്ഥാപകനേതാക്കളിലൊരാളായിരുന്നു ഇദ്ദേഹം.
1833 ജൂലൈ 23-ന് ഡ്യൂക്ക് ഒഫ് ഡെവൺഷെയർ VII-ന്റെ മൂത്ത പുത്രനായി ലൻകാഷയറിൽ ജനിച്ചു. ഇംഗ്ലണ്ടിലെ പ്രഖ്യാതമായ കവൻഡിഷ് എന്ന പ്രഭുകുടുംബത്തിൽ ജനിച്ച ഇദ്ദേഹം ട്രിനിറ്റി കോളജിലെ പഠനത്തിനുശേഷം സജീവ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. 1857-ൽ ലിബറൽ പാർട്ടി സ്ഥാനാർഥിയായി മത്സരിച്ച് പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് പലതവണ ലിബറൽ മന്ത്രിസഭയിൽ അംഗമാകുവാൻ ഇദ്ദേഹത്തിന് അവസരമുണ്ടായി. 1857-ൽ ഗ്ലാഡ്സ്റ്റൺ ലിബറൽ പാർട്ടിയിൽ നിന്നും താത്കാലികമായി വിരമിച്ചപ്പോൾ ഇദ്ദേഹം പാർട്ടിയുടെ നേതൃസ്ഥാനം സ്വീകരിക്കുവാൻ നിർബന്ധിതനായി. 1880-ലെ പൊതു തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ കൺസെർവേറ്റീവ് പാർട്ടി പരാജയപ്പെട്ടതിനെ തുടർന്ന്, പ്രതിപക്ഷ നേതാവായ ഡെവൺഷെയറിനെ മന്ത്രിസഭ രൂപവത്കരിക്കുവാൻ രാജ്ഞി ക്ഷണിച്ചുവെങ്കിലും പാർട്ടിയിൽ ഗ്ലാഡ്സ്റ്റണിനുണ്ടായിരുന്ന പദവിയേയും വ്യക്തിമഹത്ത്വത്തേയും മാനിച്ച് ഡെവൺഷെയർ ക്ഷണം നിരസിക്കുകയാണുണ്ടായത്. എന്നാൽ, പിന്നീട് നിലവിൽവന്ന ഗ്ലാഡ്സ്റ്റൺ മന്ത്രിസഭയിൽ ഇദ്ദേഹം 1880-82-ൽ ഇന്ത്യാ സെക്രട്ടറിയായും 1882-85-ൽ യുദ്ധസെക്രട്ടറിയായും സേവനമനുഷ്ഠിച്ചു. എന്നാൽ ഗ്ലാഡ്സ്റ്റണുമായുണ്ടായ അഭിപ്രായ ഭിന്നതകൾ മൂലം 1885-ൽ ഇദ്ദേഹം മന്ത്രിസഭയിൽ നിന്ന് രാജിവച്ചു പുറത്തു പോയി. അയർലണ്ടിന് ആഭ്യന്തര കാര്യങ്ങളിൽ സ്വയംഭരണാവകാശം (ഹോം റൂൾ) നല്കണമെന്ന ഗ്ലാഡ്സ്റ്റണിന്റെ ശുപാർശയോടുള്ള വിയോജിപ്പാണ് ഇദ്ദേഹത്തെ രാജിയിലെത്തിച്ചത്. തുടർന്ന്, ലിബറൽപാർട്ടി വിട്ട ഡെവൺഷെയർ ചേംബർലെയിനുമായി രാഷ്ട്രീയ ധാരണയിലെത്തുകയും ലിബറൽ യൂണിയനിസ്റ്റ് എന്ന പുതിയ പാർട്ടി രൂപവത്ക്കരിക്കുകയും ചെയ്തു. ഹൌസ് ഒഫ് കോമൺസിൽ ഗ്ളാഡ്സ്റ്റൺ അവതരിപ്പിച്ച 'ഹോം റൂൾ' ബില്ലിനെ ഡെവൺഷെയർ പരാജയപ്പെടുത്തിയ സാഹചര്യത്തിൽ 1886 ജൂണിൽ പാർലമെന്റ് പിരിച്ചുവിടേണ്ടിവന്നു.
1886-ലെ പൊതു തെരഞ്ഞെടുപ്പിൽ ഗ്ലാഡ്സ്റ്റണിന്റെ ലിബറൽ പാർട്ടി പരാജയപ്പെടുകയും കൺസെർവേറ്റീവ്-ലിബറൽ യൂണിയനിസ്റ്റ് പാർട്ടികൾ ഭൂരിപക്ഷം നേടുകയും ചെയ്തു. എന്നാൽ കൺ സെർവേറ്റീവ് മന്ത്രിസഭയിൽ ചേരാൻ ഡെവൺഷെയർ ആദ്യം വിസമ്മതിച്ചെങ്കിലും ഒടുവിൽ 'ലോഡ് പ്രസിഡന്റ് ഒഫ് ദ് കൗൺസിൽ' ആയി ചേരാൻ സന്നദ്ധത പ്രകടിപ്പിക്കുകയും മന്ത്രിസഭ യുടെ പങ്കാളിയായി മാറുകയും ചെയ്തു. 1904-ൽ ഇദ്ദേഹം മന്ത്രിസഭയിൽ നിന്ന് രാജിവച്ചു. സ്വതന്ത്ര വ്യാപാരത്തെ (free trade) അനുകൂലിക്കാത്ത കൺസെർവേറ്റീവ് നയത്തിലുള്ള വിയോജിപ്പാണ് ഇദ്ദേഹത്തെ ഈ രാജിക്കു പ്രേരിപ്പിച്ചത്. പിന്നീട് ചേംബർലെയിനുമായുള്ള അഭിപ്രായഭിന്നതകൾ രൂക്ഷമാവുകയാൽ 1904-ൽ ഇദ്ദേഹം ലിബറൽ യൂണിയനിസ്റ്റ് പാർട്ടിയിൽ നിന്ന് രാജിവച്ചു.
1908-ൽ ഡെവൺഷെയർ അന്തരിച്ചു.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഡെവൺഷെയർ, സ്പെൻസർ (1833 - 1908) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |