എം. മുകുന്ദൻ | |
---|---|
![]() എം.മുകുന്ദൻ | |
തൊഴിൽ | സാഹിത്യകാരൻ, നയതന്ത്ര ഉദ്യോഗസ്ഥൻ, കേരള സാഹിത്യ അക്കാദമി പ്രസിഡണ്ട് |
ദേശീയത | ![]() |
കാലഘട്ടം | 1961 - ഇതുവരെ |
ശ്രദ്ധേയമായ രചന(കൾ) | മയ്യഴിപ്പുഴയുടെ തീരങ്ങളിൽ , ദൈവത്തിന്റെ വികൃതികൾ , "പ്രവാസം" , "ആവിലായിലെ സൂര്യോദയം" |
മലയാളത്തിലെ ആധുനിക സാഹിത്യകാരൻമാരിൽ പ്രധാനിയാണ് എം. മുകുന്ദൻ (M Mukundan) (ജനനം: സെപ്റ്റംബർ 10 1942). ഫ്രഞ്ച് നയതന്ത്ര ഉദ്യോഗസ്ഥനായും, കേരള സാഹിത്യ അക്കാദമി അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്.മലയാള സാഹിത്യത്തിന്റെ ഒരു വലിയ മുതൽക്കൂട്ടാണ് എം. മുകുന്ദൻ
കേരളത്തിലെ ഫ്രഞ്ച് അധീന പ്രദേശമായിരുന്ന, പോണ്ടിച്ചേരിയുടെ ഭാഗമായുള്ള മയ്യഴിയിൽ 1942 സെപ്റ്റംബർ 10-ന് ജനിച്ചു.[1] തൻ്റെ ആദ്യ സാഹിത്യ സൃഷ്ടിയായ ചെറുകഥ 1961 ൽ പ്രസിദ്ധീകരിക്കപ്പെട്ടു. പിന്നീട് മുകുന്ദൻ ധാരാളം നോവലുകളും ചെറുകഥകളും എഴുതി. ഫ്രഞ്ച് എംബസിയിലെ ഉദ്യോഗത്തിൻ്റെ ഭാഗമായി മുകുന്ദൻ്റെ ജീവിതം പിൽക്കാലത്ത് ഡൽഹിയിലേക്കു പറിച്ചു നടപ്പെട്ടു. ഡൽഹി ജീവിതവും മുകുന്ദൻ്റെ തൂലികയിൽ സാഹിത്യ സൃഷ്ടികളായി. ഇടതുപക്ഷ രാഷ്ടീയത്തോട് ആഭിമുഖ്യമുള്ളയാളാണ് മുകുന്ദൻ. എന്നാൽ ഇദ്ദേഹത്തിൻ്റെ കേശവന്റെ വിലാപങ്ങൾ എന്ന നോവൽ ഇടതുപക്ഷ വ്യതിയാനമാണെന്നും ഒരുകൂട്ടർ വാദിക്കുന്നു. വി.എസ്. അച്യുതാനന്ദൻ കാലഹരണപ്പെട്ട പുണ്യാളനാണ് എന്ന് ഒരു അഭിമുഖസംഭാഷണത്തിൽ പറഞ്ഞത് വിവാദമായപ്പോൾ എസ്.എം.എസ് വഴി രാജിക്കത്ത് അയച്ചുകൊടുത്തുവെങ്കിലും പിന്നീട് രാജി പിൻവലിച്ച് അക്കാദമിയിൽ തുടർന്നു. മുകുന്ദൻ്റെ സൃഷ്ടികളിലുടനീളം ഫ്രഞ്ച് അധിനിവേശ സ്മരണകളും മയ്യഴിപ്പുഴയുടെ തീരങ്ങളിലെ തുടിപ്പുകളും കാണാം. ഇതു മൂലം അദ്ദേഹം മയ്യഴിയുടെ കഥാകാരൻ എന്ന അപരനാമത്തിലും അറിയപ്പെടുന്നു. ലോകത്തിലെ ഏറ്റവും മികച്ച ഗ്രാമീണഗ്രന്ഥാലയമായ പെരുങ്കുളം ബാപ്പുജി സ്മാരക വായനശാലയുടെ രക്ഷാധികാരിയാണ്.
കലയെ കലയായി കാണാൻ സാധിക്കാത്ത മലയാളിയുടെ സദാചാര ബോധത്തിന്റെയും ജീവിതത്തെ നാടകമായി കാണുന്ന കലാകാരന്മാർക്കിടയിലും ജീവിതം നഷ്ടപെട്ട വസുന്ധര ഒരു യുവതിയുടെ കഥന കഥയാണ് ഈ കഥ. നാടകൃത്തായ നാരായണൻ സവർണ മേധാവിത്ത ചിന്താഗതിയെ രൂക്ഷമായി വിമർശിക്കാനും ചർച്ചാവിഷയമാക്കാനും വേണ്ടി നഗ്നതയെ ഒരായുധമായി ഉപയോഗിക്കാൻ ശ്രമിച്ചത് ആകെ പാളിപ്പോയി തിരിച്ചു കുത്തുകയാണ് ചെയ്തത്. അങ്ങനെ ശക്തമായ സന്ദേശം നൽകാൻ ഉപയോഗിച്ച നഗ്നതയെ പ്രേക്ഷകൻ ആ രീതിയിൽ കാണാതെ പോകുന്നു. അവിടെ നാടകം പരാജയപ്പെടുന്നു. എന്നാലും നാടകത്തിൽ ജയവും പരാജയവും ഇല്ലെന്നു പറഞ്ഞു നാടകസംഘം ആഘോഷത്തിലേക്ക് കടക്കുന്നു. വസുന്ധര അവിടെ ആരുമില്ലാതെ തനിച്ചാവുന്നു.
ആഖ്യാന രീതിയിൽ വളരെയേറെ പുതുമകൾ നിറഞ്ഞ ഒരു കഥയാണിത്. കഥ നാരായണന്റെ കണ്ണിലൂടെ, ഗോകുലിലൂടെ, പിന്നെ ജാവേദിലൂടെ - അങ്ങനെ പല കഥാപാത്രങ്ങളും ആഖ്യാതാക്കളാവുന്നു. പല കോണുകളിലൂടെയാണ് കഥ നീങ്ങുന്നത്. കഥാപാത്രങ്ങളുടെ മാനസികതയെ മനസ്സിലാക്കുവാനും അവന്റെ കണ്ണിലൂടെ ലോകത്തെ കണ്ട് മനസ്സിലാക്കുവാനും വായനക്കാരനു ഇതിലൂടെ സാധിക്കുന്നു. കഥയിൽ പൂർണമായി മുങ്ങിക്കിടക്കുവാൻ ഇവിടെ വായനക്കാരന് പറ്റുന്നു.
ഒരു സവർണ്ണൻ അപമാനിച്ച ദളിത് യുവതിയെ സമൂഹത്തിൽ അവതരിപ്പിക്കാൻ ശ്രമിച്ചു സ്വയം അപമാനിതയായി തീർന്ന ഒരു യുവതിയുടെ കഥന കഥയിലുപരി ഈ പുസ്തകത്തെ മാറ്റിനിർത്തുന്നത് ഇതിലെ ആഖ്യാനരീതിതന്നെയാണ്.