കാക്കനാടൻ | |
---|---|
![]() കാക്കനാടൻ | |
തൊഴിൽ | സാഹിത്യകാരൻ |
ദേശീയത | ![]() |
ഒരു മലയാള നോവലിസ്റ്റും ചെറുകഥാകൃത്തുമാണ് കാക്കനാടൻ (ഏപ്രിൽ 23 1935 - ഒക്ടോബർ 19 2011). പൂർണ്ണനാമം ജോർജ്ജ് വർഗ്ഗീസ് കാക്കനാടൻ. കാക്കനാടന്റെ ഉഷ്ണമേഖല, വസൂരി എന്നീ നോവലുകൾ മലയാളത്തിലെ അസ്‌തിത്വവാദാത്മകമായ ആധുനികതയുടെ മികച്ച മാതൃകകളായി കരുതപ്പെടുന്നു. കേന്ദ്ര-സംസ്ഥാന സാഹിത്യ അക്കാദമി അവാർഡുകൾ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
ജോർജ്ജ് കാക്കനാടന്റെയും റോസമ്മയുടെയും രണ്ടാമത്തെ മകനായി 1935 ഏപ്രിൽ 23-ന് തിരുവല്ലയിൽ ജോർജ്ജ് വർഗ്ഗീസ് കാക്കനാടൻ ജനിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശിയായിരുന്ന പിതാവ് ആദ്യം ഗാന്ധിജിയുടെ ആരാധകനും പിന്നീട് ഉറച്ച കമ്മ്യൂണിസ്റ്റ് അനുഭാവിയുമായി മാറി. റിബൽ ചിന്താഗതിക്കാരനായിരുന്ന അദ്ദേഹം കത്തോലിക്കാ സഭയുമായി പിണങ്ങി സഭ വിടുകയുണ്ടായി[3]. പിൽക്കാലത്ത് അദ്ദേഹം മാർത്തോമ്മാ സഭയിൽ ചേർന്ന് മിഷണറിയായി പ്രവർത്തിച്ചു. ഒരു സുവിശേഷപ്രവർത്തകനായി പ്രവർത്തിക്കുമ്പോഴും കമ്മ്യൂണിസത്തോടുള്ള പ്രതിപത്തിയും കമ്മ്യൂണിസ്റ്റ് നേതാക്കളോടുള്ള സൗഹൃദവും അദ്ദേഹം കൈമോശം വരാതെ സൂക്ഷിച്ചിരുന്നു.[4]
കാക്കനാടന്റെ കുടുംബം പിന്നീട് കൊല്ലം ജില്ലയിലെ തേവലക്കര, കൊട്ടാരക്കരയ്കു സമീപമുള്ള മൈലം തുടങ്ങി വിവിധ സ്ഥലങ്ങളിൽ താമസിച്ചിട്ടുണ്ട്. മൈലത്തായിരുന്നു അദ്ദേഹം ബാല്യകാല്യം ഏറെയും ചെലവഴിച്ചത്. പ്രിപ്പറേറ്ററി ക്ളാസ് മുതൽ ഇ.എസ്.എൽ.സി (പിന്നീടത് എസ്.എസ്.എൽ.സി. ആയി) വരെ കൊട്ടാരക്കര ഗവ. ഹൈസ്‌കൂളിലും ഇന്റർമീഡിയറ്റ് മുതൽ ബി.എസ്.സി.വരെ കൊല്ലം ശ്രീനാരായണ കോളെജിലുമായി വിദ്യാഭ്യാസം. രസതന്ത്രം പ്രധാന വിഷയവും ഊർജ്ജതന്ത്രം ഉപവിഷയവുമായെടുത്ത അദ്ദേഹം 1955-ൽ ബിരുദം നേടി.
കലാലയവിദ്യാഭ്യാസത്തിനു ശേഷം സ്കൂൾ അദ്ധ്യാപകനായും ദക്ഷിണ റെയിൽവേയിലും റെയിൽവേ മന്ത്രാലയത്തിലും ഉദ്യോഗസ്ഥനായും ജോലി ചെയ്തിട്ടുണ്ട്.[5] അതിനിടയിൽ ആഗ്രാ യൂണിവേഴ്‌സിറ്റിയുടെ ഘാസിയാബാദ് എം.എ.എച്ച് കോളേജിൽ എം.എ. എക്കണോമിക്‌സ് ഒരു വർഷം പഠിച്ചു. 1965-ൽ വിവാഹിതനായി. 1967-ൽ കിഴക്കേ ജർമൻ ഗവൺമെന്റിന്റെ ക്ഷണപ്രകാരം ജർമനിയിലെത്തിയ കാക്കനാടൻ ലീപ്‌സിഗിലെ കാറൽ മാർക്സ് യൂണിവേഴ്സിറ്റിയിൽ 'ഇന്ത്യയിലെ ഇന്നത്തെ സാമൂഹിക സാമ്പത്തിക പരിസ്ഥിതികളിൽ സാഹിത്യകാരനുള്ള പങ്ക് ' എന്ന വിഷയത്തിൽ പ്രൊഫ. ക്ളൌസ്‌ട്രേഗറുടെ കീഴിൽ ഗവേഷണത്തിനുള്ള ഒരുക്കങ്ങൾ നടത്തി. അവിടെവച്ച് ഹെർദർ ഇൻസ്‌റ്റിറ്റ്യൂട്ടിൽ ആറ് മാസം ജർമൻ ഭാഷ പഠിച്ച്, ആറ് മാസം യൂറോപ്പാകെ കറങ്ങി. ഒരു കൊല്ലമായപ്പോഴേക്കും ഗവേഷണം ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചു. 1968-ൽ കേരളത്തിൽ തിരിച്ചെത്തിയ അദ്ദേഹം പിന്നീട് കൊല്ലത്തെ ഇരവിപുരത്ത് സ്ഥിരതാമസമാക്കി.
1971 മുതൽ 73 വരെ കൊല്ലത്തു നിന്നുള്ള മലയാളനാട്[6] വാരികയുടെ പത്രാധിപ സമിതിയിൽ പ്രവർത്തിച്ചു. പിൽക്കാലം പൂർണ്ണമായി സാഹിത്യരചനക്കു വേണ്ടി ചെലവഴിച്ചു. പിതാവിനെപ്പോലെ തന്നെ കാക്കനാടനും കമ്മ്യൂണിസത്തിൽ അടിയുറച്ച് വിശ്വസിച്ചിരുന്നു. അദ്ദേഹത്തിന്റെ മിക്ക കൃതികളിലും കമ്മ്യൂണിസ്റ്റ് ആശയങ്ങളുടെ സ്വാധീനമുണ്ട്. എന്നാൽ പ്രായോഗിക തലത്തിൽ പാർട്ടിക്ക് അപചയം സംഭവിച്ചുവെന്നുള്ള അദ്ദേഹത്തിന്റെ ചിന്താഗതിയുടെ പ്രതിഫലനങ്ങൾ ഉഷ്ണമേഖല പോലെയുള്ള കൃതികളിൽ കാണാവുന്നതാണ്[7][8] എങ്കിലും കമ്മ്യൂണിസ്റ്റ് സഹയാത്രികരായ സാഹിത്യകാരന്മാരുമായും മറ്റും കാക്കനാടൻ അവസാനം വരെ ഊഷ്മളബന്ധം പുലർത്തിയിരുന്നു. നോവലുകളും ചെറുകഥാ സമാഹാരങ്ങളും യാത്രാനുഭവങ്ങളുമായി നാൽപതിലധികം കൃതികൾ കാക്കനാടൻ രചിച്ചിട്ടുണ്ട്. ഓണപ്പുടവ, പറങ്കിമല തുടങ്ങിയ അദ്ദേഹത്തിന്റെ നോവലുകൾ ചലച്ചിത്രങ്ങളായിട്ടുണ്ട്. ഓണപ്പുടവയുടെ സംവിധായകൻ കെ.ജി. ജോർജും പറങ്കിമലയുടെ സംവിധായകൻ ഭരതനുമായിരുന്നു. അടിയറവ് എന്ന നോവൽ പാർവതി എന്ന പേരിൽ ഭരതൻ തന്നെ ചലച്ചിത്രമായിട്ടുണ്ട്. ചിതലുകൾ എന്ന അദ്ദേഹത്തിന്റെ കഥയെ അവലംബമാക്കി കമൽ സംവിധാനം ചെയ്ത ചലച്ചിത്രമാണ് ഉണ്ണികൃഷ്ണന്റെ ആദ്യത്തെ ക്രിസ്തുമസ്.[9]
1981-84-ൽ സാഹിത്യ അക്കാദമി അംഗവും 1988-91-ൽ നിർവാഹക സമിതി അംഗവും ആയി അദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നു.
കരൾ സംബന്ധമായ രോഗത്തെ തുടർന്ന് 2011 ഒക്ടോബർ 19-ന് കാക്കനാടൻ അന്തരിച്ചു.[10][11]
ഭാര്യ : അമ്മിണി. മക്കൾ: രാധ, രാജൻ, ഋഷി. പ്രശസ്ത ചിത്രകാരനായ രാജൻ കാക്കനാടൻ, പത്രപ്രവർത്തകരായ ഇഗ്നേഷ്യസ് കാക്കനാടൻ, തമ്പി കാക്കനാടൻ എന്നിവർ സഹോദരങ്ങളാണ്.
എം.എ. ബേബി ചെയർമാനായി കാക്കനാടൻ ഫൗണ്ടേഷൻ പ്രവർത്തിക്കുന്നു. എല്ലാ വർഷവും ഏപ്രിൽ 23 ന് അനുസ്മരണ സമ്മേളനം നടത്താറുണ്ട്.
1968-ൽ കറൻറ് ബുക്സ് ആണ് ഈ നോവൽ പ്രസിദ്ധീകരിച്ചത്. ഒരു ഗ്രാമത്തിൽ അപ്രതീക്ഷിതമായി വസൂരി പടർന്നു പിട്ക്കുകയും, അത് പ്രദേശവാസികളായ മനുഷ്യരിൽ സൃഷ്ടിക്കുന്ന മാറ്റങ്ങളുമാണ് നോവലിൻറെ പ്രമേയം. ദൈവകോപം, പാപം, മനുഷ്യൻറെ സദാചരം തുടങ്ങിയ വിവിധ വിഷയങ്ങളെ ഇത് സ്പർശിക്കുന്നുണ്ട്. പൊതുവെ അസ്തിത്വവാദവുമായി ബന്ധപ്പെട്ട കൃതിയായാണ് വസൂരി വിലയിരുത്താറ്.
{{cite news}}
: Check date values in: |accessdate=
and |date=
(help)
{{cite news}}
: Check date values in: |accessdate=
and |date=
(help)
{{cite news}}
: Check date values in: |accessdate=
and |date=
(help)